ഗുരുഗ്രാമിലെ ജുമുഅ തടയൽ ഹരിയാന ചീഫ് സെക്രട്ടറിക്കെതിരായ ഹരജി ഉടൻ പരിഗണിക്കുമെന്ന് സുപ്രിംകോടതി
ന്യൂഡൽഹി
ഗുരുഗ്രാമിൽ ജുമുഅ നിസ്‌കാരം തുടർച്ചയായി തടയുന്ന സംഭവത്തിൽ ഹരിയാന ചീഫ് സെക്രട്ടറിക്കും പൊലിസ് മേധാവിക്കുമെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി പരിഗണിക്കും. ഹരജി എത്രയും പെട്ടെന്ന് ഉചിതമായ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ വ്യക്തമാക്കി. രാജ്യസഭാ മുൻ എം.പി മുഹമ്മദ് അദീബാണ് ഹരജിക്കാരൻ. ഗുരുഗ്രാമിലെ സർക്കാർ അനുവദിച്ച സ്ഥലത്ത് ജുമുഅ നിസ്‌കാരം ചില സാമൂഹ്യദ്രോഹികൾ തുടർച്ചയായി അലങ്കോലപ്പെടുത്തുന്നത് തടയുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടെന്നാണ് ഹരജിയിൽ പറയുന്നത്.
ഇക്കാര്യത്തിൽ പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതുകൊണ്ട് കാര്യമില്ലെന്നും കോടതി തന്നെ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും ഹരജിക്കാരന്റെ അഭിഭാഷക ഇന്ദിരാ ജയ്‌സിങ് ചൂണ്ടിക്കാട്ടി. അധികൃതരുടെ അനുമതി വാങ്ങിയാണ് വിവിധ സ്ഥലങ്ങളിൽ മുസ് ലിംകൾ ജുമുഅ നിസ്‌കാരം നിർവഹിക്കുന്നത്. സമയത്ത് അവിടെ നിസ്‌കരിക്കുകയും അതു കഴിഞ്ഞാൽ അവിടെ നിന്ന് പിരിഞ്ഞു പോകുകയുമാണ് ചെയ്യുന്നത്.
എന്നാൽ, ചില തെരുവുതെമ്മാടികൾ മാസങ്ങളായി ജുമുഅ തടയുകയും ഒരു വിഭാഗത്തിനെതിരേ വിദ്വേഷ പ്രചാരണം നടത്തുകയും പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ്. ഇതിനെതിരേ പരാതി നൽകിയിട്ടും നടപടിയുണ്ടാവുന്നില്ല. ഇത് 2018ലെ തെഹ്‌സീൻ പൂനവാല കേസിലെ സുപ്രിംകോടതി ഉത്തരവിന്റെ ലംഘനമാണ്. ഈ സാഹചര്യത്തിൽ സുപ്രിംകോടതി ഇടപെടണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."