'സമൂഹമാധ്യമങ്ങളിലൂടെ ഏത് വിഷയത്തിലും അഭിപ്രായം പറയുന്ന പ്രവണത കൂടിവരുന്നു' വിമർശനവുമായി ഹൈക്കോടതി
കൊച്ചി
അഭിപ്രായ സ്വാതന്ത്രം രാജ്യത്ത് നിലവിലുണ്ടെങ്കിലും സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെ ഏത് വിഷയത്തിനും അഭിപ്രായങ്ങൾ പറയുന്ന പ്രവണത കൂടിവരികയാണെന്നും നിലവിലുള്ള സംവിധാനത്തെ ഇത്തരത്തിലുള്ള ഇടപെടലുകളും പ്രവർത്തികളും തകർക്കുമെന്നും ഹൈക്കോടതി.
ചുരുളി സിനിമക്കെതിരേ നൽകിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമർശനം. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരത്തിലുള്ള ഹരജികൾ കോടതികൾക്ക് മുൻപാകെ എത്തുന്നതെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു. ജഡ്ജിമാർ വിധിയെഴുതി മഷി ഉണങ്ങും മുൻപ് അഭിപ്രായം പറഞ്ഞില്ലെങ്കിൽ ഉറക്കം വരാത്ത ഒരുവിഭാഗമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ചുരുളി സിനിമയുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിനെയോ മറ്റു സംവിധാനങ്ങളെയോ സമീപിക്കാതെയാണ് നേരേ ഹൈക്കോടതിയിലെത്തിയതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
തുടർന്ന് ഹരജി ഹൈക്കോടതി വിധി പറയാൻ മാറ്റി. തെറിവാക്കുകൾ യാതൊരു നീയന്ത്രണവുമില്ലാതെ ഉപയോഗിക്കുന്നചുരുളി സിനിമയിൽ നിയമപരമായ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്ന് അറിയിക്കാൻ സംസ്ഥാന പൊലിസ് മേധാവിക്ക് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. സിനിമ ഒ.ടി.ടി പ്ലാറ്റ് ഫോമിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെൻ ഫയൽ ചെയ്ത ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."