അധ്യാപക തസ്തികനിര്‍ണയം വീണ്ടും കോടതിയിലേക്ക്
മലപ്പുറം: സ്കൂളുകളിലെ സംരക്ഷിത അധ്യാപകരുടെ പുനര്‍വിന്യാസ പ്രവര്‍ത്തനങ്ങള്‍ നടക്കവേ അധ്യാപക തസ്തിക നിര്‍ണയം സംബന്ധിച്ച വിവാദങ്ങള്‍ വീണ്ടും കോടതി കയറുന്നു. 2016-17 വര്‍ഷം പുതിയ തസ്തിക നിര്‍ണയം നടത്തേണ്ടതില്ല എന്ന സര്‍ക്കാര്‍ ഉത്തരവാണ് വിവാദമായത്. ഇതിനെ ചോദ്യം ചെയ്ത് എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരാണ് ഹൈക്കോടതിയെ സമീപിച്ചത്.
2015-16 ലെ തസ്തിക നിര്‍ണയം തുടരണമെന്നും ഈ വര്‍ഷം പുതിയ തസ്തിക നിര്‍ണയം നടത്തേണ്ടതില്ലെന്നുമുള്ള സര്‍ക്കാര്‍ ഉത്തരവ് നിലവിലുള്ള കേന്ദ്ര, സംസ്ഥാന വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്ന് മാനേജര്‍മാര്‍ പറയുന്നു.
വിഷയം പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്, സര്‍ക്കാര്‍ നീക്കത്തെ അതിരൂക്ഷ ഭാഷയിലാണ് വിമര്‍ശിച്ചത്.
ആറാം പ്രവൃത്തി ദിവസത്തെ കണക്കെടുപ്പു പ്രകാരം വിദ്യാര്‍ഥികളുടെ എണ്ണം കണക്കാക്കി ഒരോ വര്‍ഷവും ജൂലൈ 15നകം വിദ്യാലയങ്ങളില്‍ അധ്യാപക തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കണമെന്നാണ് നിലവിലുള്ള ഉത്തരവ്.
ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് 2015 ഡിസംബറിലെ ഹൈക്കോടതി ഉത്തരവും നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം നിലനില്‍ക്കെ എന്തടിസ്ഥാനത്തിലാണ് സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ഈ വര്‍ഷം പുതിയ തസ്തിക നിര്‍ണയം വേണ്ടതില്ല എന്ന് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം അറിയിക്കാന്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."