വിഭാഗീയ രാഷ്ട്രീയത്തെ ചെറുത്തുതോല്‍പ്പിക്കണം
യു.ഡി.എഫ് കൊടിക്ക് കീഴില്‍ അണിനിരന്ന ജനവിഭാഗങ്ങളുടെ ആര്‍ജവവും ഇച്ഛാശക്തിയും സംശയരഹിതമായി സ്ഥാപിക്കാന്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് അവസരം ഒരുക്കുന്നു. കേരളത്തിന്റെ പൊതുമണ്ഡലം ഗുണപരമായി അഴിച്ചുപണിതതും സൃഷ്ടിപരമായ രാഷ്ട്രീയ ധ്രുവീകരണം സാധ്യമാക്കിയതും യു.ഡി.എഫില്‍ അണിനിരന്ന ജനവിഭാഗങ്ങളായിരുന്നു. മുന്നണി സംവിധാനം ജനങ്ങളുടെ ഉറച്ച രാഷ്ട്രീയ തീരുമാനത്തിന്റെ സദ്ഫലമാണ്. ജനാഭിപ്രായം മറികടന്ന് ഭരണയന്ത്രം തിരിക്കുന്നത് യു.ഡി.എഫ് നയമോ പരിപാടിയോ അല്ലെന്ന് ജനങ്ങള്‍ക്കറിയാം.
ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ യു.ഡി.എഫ് നിലപാട് സ്വീകരിക്കും എന്ന് വിവിധ തലത്തില്‍ നടക്കുന്ന ചടുലമായ ചലനങ്ങള്‍ വ്യക്തമാക്കുന്നു. കാര്യമാത്രപ്രസക്തമായ ഈ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത് കാര്യങ്ങള്‍ ശരിയായ ദിശയില്‍ നീങ്ങുന്നെന്ന് തന്നെയാണ്. വികസനവും കരുതലും മുന്നണിയുടെ പ്രഖ്യാപിതമായ പരിപാടിയായതിനാല്‍ അതിനാവും ഊന്നല്‍. ആ നില തുടരാന്‍ യു.ഡി.എഫ് പുനരര്‍പ്പണം ചെയ്യുമെന്ന സുചിന്തിതമായ പ്രഖ്യാപനം പരക്കെ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. ഏതവസരത്തിലും ജനങ്ങള്‍ക്കൊപ്പം നിന്ന് പൊരുതുന്ന പാരമ്പര്യം നിലനിര്‍ത്താന്‍ മുന്നണി പ്രതിജ്ഞാബദ്ധമാകണം. പ്രാദേശിക ഭരണകൂടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് മുന്നണിയുടെ ചുമതല വര്‍ധിപ്പിക്കുന്നു. ജനവിധിയിലെ താക്കീതും ആഹ്വാനവും ഉള്‍ക്കൊണ്ട് പ്രവര്‍ത്തന നിരതരാകുകയാണ് വേണ്ടത്. ഐക്യജനാധിപത്യ മുന്നണിയുടെ ബഹുജനാടിത്തറ ശക്തമാണെന്നും അത് തിരിച്ചുപിടിക്കുമെന്നുമുള്ള പ്രതിജ്ഞ ആവേശം പകരും. അതിന് കുറുക്കു വഴികളൊന്നുമില്ല. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാവണം ലക്ഷ്യം. ജനപക്ഷം ഹൃദയപക്ഷമാകണം. മുന്നണിയുടെ വിജയം ഉറപ്പിക്കാന്‍ ജനങ്ങള്‍ക്കിടയില്‍ പൂര്‍ണമനസോടെ ഒറ്റക്കെട്ടായി നിലക്കൊള്ളാന്‍ ഉത്തമവിശ്വാസത്തോടെയും പ്രത്യാശയോടെയും നിലക്കൊള്ളുമെന്ന തീരുമാനം ഗുണം ചെയ്യും. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ ജാഥയുടെ സന്ദേശം അതാണ്.
തത്വദീക്ഷ പാലിക്കാത്ത വില കുറഞ്ഞ പ്രചാരണ രീതിയാണ് എല്‍.ഡി.എഫിന്റെ ഏകാവലംബം. കിറ്റ് കൊടുത്തില്ലേ, പെന്‍ഷന്‍ കൊടുത്തില്ലേ എന്ന് എല്‍.ഡി.എഫ് നേതൃത്വം ചോദിക്കുന്നു. മലയാളിയുടെ ആത്മാഭിമാനം മുറിപ്പെടുത്തുന്ന പ്രചാരണ രീതിയാണിത്. എടുത്തുപറയാന്‍ കാര്യമായി അധികമൊന്നും ഇല്ലാത്ത ഭരണകൂടം പാപ്പരായ ഖജനാവും ആശയ പാപ്പരത്തവും പേറി വരുന്നത് പരിഹാസ്യമായ കാഴ്ചയാണ്. ആര് ഭരിച്ചാലും ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ നിര്‍വഹിക്കേണ്ട പ്രാഥമിക കാര്യങ്ങളാണിത്. കേരളം അടച്ചു പൂട്ടാന്‍ തീരുമാനം വന്നപ്പോള്‍ വീടുകളില്‍ സൗജന്യമായി ഭക്ഷണ സാധനങ്ങള്‍ എത്തിക്കണമെന്ന് ആദ്യം പറഞ്ഞത് യു.ഡി.എഫായിരുന്നു. സാര്‍വത്രികമായ പെന്‍ഷന്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത് യു.ഡി.എഫാണ്. റേഷന്‍ കാര്‍ഡില്‍ പേരുള്ള ഒരാള്‍ക്ക് മാത്രമായിരുന്നു മുന്‍പ് അര്‍ഹത. 65 വയസായിരുന്നു പ്രായപരിധി. യു.ഡി.എഫ് അത് 60 കഴിഞ്ഞ അര്‍ഹരായ എല്ലാവര്‍ക്കും ബാധകമാക്കി. വാര്‍ഷിക വരുമാന പരിധി കേവലം 10,000 രൂപയായിരുന്നു. യു.ഡി.എഫ് അത് ഒരു ലക്ഷമാക്കി വര്‍ധിപ്പിക്കുകയും പ്രായപരിധി 60 ആയി ചുരുക്കുകയും ചെയ്തതോടെ അര്‍ഹരായ വ്യക്തികളുടെ എണ്ണം വര്‍ധിച്ചു. അര്‍ഹര്‍ക്ക് പെന്‍ഷന്‍ തുക നേരിട്ട് എത്തിക്കുന്ന ജനകീയ തുടക്കം കുറിച്ചതും യു.ഡി.എഫാണ്.
യുവാക്കളുടെ തൊഴില്ലില്ലായ്മ പരിഹരിക്കാന്‍ അഞ്ച് കൊല്ലം കൊണ്ട് എന്തെല്ലാം ചെയ്‌തെന്ന് എല്‍.ഡി.എഫ് വിശദീകരിക്കണം. അഭ്യസ്തവിദ്യരായ യുവജനങ്ങളെ എല്‍.ഡി.എഫ് പാടെ മറന്നു. പി.എസ്.സി നിയമനങ്ങളുടെ അവസ്ഥ ഉദ്യോഗാര്‍ഥികളോട് സര്‍ക്കാര്‍ വിശദമാക്കണം. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ ഇരുപത്തിയൊന്നാം സ്ഥാനത്തുനിന്ന് ഇരുപത്തിയെട്ടാം സ്ഥാനത്തേക്ക് കേരളം കൂപ്പുകുത്തിയത് മാപ്പര്‍ഹിക്കുന്ന കാര്യമല്ലല്ലോ. സാധാരണ ഗതിയില്‍ നടക്കുന്ന ബജറ്റ് പ്രവര്‍ത്തനങ്ങള്‍ പോലും ഈ കാലയളവില്‍ പൂര്‍ണമായിരുന്നില്ല. കിഫ്ബിയുടെ പേരില്‍ കൊട്ടിഘോഷിക്കുന്ന കാര്യങ്ങള്‍ ബജറ്റിലെ വെട്ടിച്ചുരുക്കല്‍ കണക്കിലെടുത്താല്‍ ഈ സര്‍ക്കാര്‍ എല്ലാ രംഗങ്ങളിലും പരാജയമാണെന്ന് കാണാം.
യു.ഡി.എഫ് പ്രവര്‍ത്തന സജ്ജമായതും നേതാക്കള്‍ ഒറ്റ സ്വരത്തില്‍ സംസാരിക്കുന്നതും എല്‍.ഡി.എഫ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ശ്രീ എ. വിജയരാഘവന്റെ പ്രസ്താവന സൂചിപ്പിക്കുന്നു. ആ പ്രസ്താവന ശ്രദ്ധിച്ചപ്പോള്‍ അതിശയം തോന്നിയില്ല. സഹതാപം പോലും അര്‍ഹിക്കാത്ത വിവരക്കേടാണത്. അഞ്ച് പതിറ്റാണ്ടിലേറെക്കാലമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഐക്യജനാധിപത്യ മുന്നണിയിലെ രണ്ട് കക്ഷികളുടെ നേതാക്കള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തുന്നതിലും അസ്വാഭാവികത കാണുന്നവരുടെ മനോഗതിയും മനോനിലയുമാണ് രോഗാതുരമായിരിക്കുന്നത്. സി.പി.എം നേതൃത്വം ഇന്നെത്ര ദുര്‍ബലമാണെന്നും ഈ പ്രസ്താവന സൂചന നല്‍കുന്നു. സി.പി.എമ്മിന്റെ മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രമുഖരെ ചുറ്റിപ്പറ്റി നടക്കുന്ന ഗുരുതരമായ കേസന്വേഷണങ്ങള്‍ ഒരു ഭാഗത്ത്, സി.പി.എം സെക്രട്ടറിയായിരുന്ന കോടിയേരിയുടെ മകനുമായി ബന്ധപ്പെടുത്തിയ മയക്കുമരുന്ന് കേസ് മറു ഭാഗത്ത്. ഇന്നത്തെ സി.പി.എം എത്ര ജീര്‍ണമായിരിക്കുന്നു. അവരുടെ മറ്റൊരു നേതാവായ എല്‍.ഡി.എഫ് കണ്‍വീനറുടെ പ്രസ്താവനയിലെ ദുസ്സൂചന വ്യക്തമാക്കുന്ന മനോനില കൂടി വിലയിരുത്തുന്നവര്‍ക്ക് സി.പി.എം വര്‍ത്തമാനകാലത്ത് നേരിടുന്ന അപചയം പൂര്‍ണമായി മനസിലാകും.
പണ്ട് സഞ്ജയന്‍ എഴുതിയത് പോലെ ഒരു 'നാരദ മംഗലം' ആയി സി.പി.എം തരം താഴുന്നത് ഇശ്ശി മോശാ! തനി ഗീര്‍വാണം വിളമ്പുന്ന ഈ രീതി അപഹാസ്യമാണെന്നെങ്കിലും സി.പി.എം നേതൃത്വം തിരിച്ചറിയണം. നമ്മുടെ സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന പ്രസ്താവനകള്‍ നിരന്തരം ഇറക്കുന്ന സി.പി.എം നീക്കം ജനകീയമായി ചെറുക്കുമെന്ന് ഉറപ്പുവരുത്തണം. നവോത്ഥാന കാലഘട്ടം മുതല്‍ കേരളീയര്‍ വ്രതശുദ്ധിയോടെ അനുവര്‍ത്തിച്ച് പോകുന്ന സമചിത്തതയില്‍ അധിഷ്ഠിതമായ സഹവര്‍ത്തിത്വം കളഞ്ഞുകുളിക്കുന്ന ഒന്നിനോടും ഒരു വിധത്തിലും രാജിയാവാനാവില്ല. എന്ത് വിലകൊടുത്തും ഇത് തടയണം.
എല്ലാ വിഭാഗം ജനങ്ങള്‍ക്കും ജീവിതത്തിന്റെ മുഴുവന്‍ മണ്ഡലങ്ങളിലും തുല്യാവസരങ്ങള്‍ ലഭ്യമാകുന്ന പുരോഗമന ജീവിത ശൈലി കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കണം. സാമൂഹികനീതിയുടെ വിഷയത്തില്‍ വീഴ്ച വരുത്താത്ത യു.ഡി.എഫ് പൈതൃകം അക്ഷരം പ്രതി പിന്തുടരുകയും വേണം. സി.പി.എമ്മിന്റെ നിരുത്തരവാദപരമായ നിലപാടിനുള്ള മറുപടി ഇമ്മട്ടിലാവണം. ജനങ്ങള്‍ ആഗ്രഹിക്കുന്നുതതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."