HOME
DETAILS

സിന്‍ഗുവിലെ അക്രമം ഷഹീന്‍ബാഗ് റിഹേഴ്‌സല്‍

  
backup
January 30 2021 | 00:01 AM

5413451-2021


രാഷ്ട്രപതി രാംനാഥ് കോവിന്ദ് കര്‍ഷകവിരുദ്ധ നിയമങ്ങളെ ന്യായീകരിച്ച് നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടയിലാണ് സിന്‍ഗുവില്‍ കര്‍ഷകരുടെ സമരപ്പന്തല്‍ നാട്ടുകാരെന്ന വ്യാജേന സംഘ്പരിവാര്‍ ഗുണ്ടകള്‍ ആക്രമിച്ചത്. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ അരങ്ങേറിയ അനിഷ്ടസംഭവത്തിന്റെ തൊട്ടുപിന്നാലെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സമരപ്പന്തലില്‍ എത്തി ഭീഷണി ഉയര്‍ത്തിയിരുന്നു. അടുത്തദിവസം സമരം മതിയാക്കിയില്ലെങ്കില്‍ സമരപ്പന്തല്‍ പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അവര്‍ തിരിച്ചുപോയത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ഇന്നലെ പാര്‍ലമെന്റില്‍ നടക്കുമ്പോള്‍ സിന്‍ഗുവിലെ സമരപ്പന്തലില്‍ അതേ അക്രമികള്‍ വീണ്ടുമെത്തി എല്ലാം തച്ചുടയ്ക്കുകയായിരുന്നു.
കര്‍ഷകര്‍ സമരം ചെയ്യുന്ന ഡല്‍ഹിയിലെ മൂന്ന് അതിര്‍ത്തികളില്‍ ഏറ്റവും ശക്തമായ നിലയില്‍ സമരം മുന്‍പോട്ടുപോകുന്ന സ്ഥലമാണ് സിന്‍ഗു. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരാണ് ഇവിടെ സമരം ചെയ്യുന്നത്. സുശക്തവും കര്‍ശനമായ നിയന്ത്രണ സംവിധാനവുമുള്ള സിന്‍ഗുവിലെ സമരപ്പന്തലിലേക്ക് നുഴഞ്ഞുകയറാനോ പൊലിസിന് ഇടപെടാനോ ഇതുവരെ കഴിഞ്ഞിരുന്നില്ല. മറ്റു രണ്ട് സമരകേന്ദ്രങ്ങളും സിന്‍ഗുവിലേതുപോലെ ശക്തമായിരുന്നില്ല. ഹരിയാനയില്‍ നിന്നും യു.പിയില്‍ നിന്നുമുള്ള കര്‍ഷകരായിരുന്നു മറ്റു സമരപ്പന്തലുകളില്‍ നിലയുറപ്പിച്ചിരുന്നത്. സിന്‍ഗുവിലെ കര്‍ഷക സമരം പൊളിച്ചാല്‍ മറ്റു രണ്ടിടങ്ങളിലെയും സമരം പൊളിയുമെന്ന കണക്കുകൂട്ടലിനെ തുടര്‍ന്നാണ് സിന്‍ഗുവിലെ സമരപ്പന്തല്‍ ഗുണ്ടകള്‍ ആക്രമിച്ചത്.


ഷഹീന്‍ ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ സ്ത്രീകള്‍ നടത്തിയ സമരം പൊളിക്കാന്‍ സര്‍ക്കാര്‍ പയറ്റിയ തന്ത്രം തന്നെയാണ് സിന്‍ഗുവിലും പ്രയോഗിച്ചത്. ഷഹീന്‍ ബാഗ് സമരം പൊളിക്കാന്‍ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ജാഫറാബാദില്‍ വര്‍ഗീയ ലഹളയുണ്ടാക്കുകയായിരുന്നു സംഘ്പരിവാര്‍. സിന്‍ഗുവില്‍ വര്‍ഗീയലഹളക്ക് സാധ്യതയില്ലാത്തതിനാല്‍ നാട്ടുകാരുടെ മേല്‍വിലാസത്തില്‍ ഒരു വിഭാഗം അക്രമം അഴിച്ചുവിട്ടു. സമാധാനപരമായി കഴിഞ്ഞ രണ്ടുമാസമായി നടന്നുവരുന്ന സമരത്തെ പൊളിക്കാന്‍ അണിയറയില്‍ നടന്ന ഗൂഢാലോചനകളൊക്കെയും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സിന്‍ഗുവില്‍ അക്രമം നടത്തിയത്. ഇതുവഴി സിന്‍ഗുവില്‍ നിരന്തരം സംഘര്‍ഷം ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. അതുവഴി പൊലിസിന് സിന്‍ഗുവിലെ സമരമുഖത്ത് ഇരച്ചുകയറാനും ലാത്തിച്ചാര്‍ജ് നടത്താനും അവസരമുണ്ടാകും. ഒടുവിലത് കലാപമായി മാറും. അതിലൂടെ കര്‍ഷക സമരം പരാജയപ്പെടുത്താമെന്നായിരിക്കും കലാപകാരികള്‍ കരുതുന്നുണ്ടാവുക.
ഷഹീന്‍ബാഗിലെ കലാപത്തിന്റെ സൂത്രധാരന്‍ അമിത് ഷായാണെന്ന് സി.പി.എം നിയോഗിച്ച അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. സിന്‍ഗുവില്‍ അക്രമികള്‍ക്ക് പ്രചോദനമായിട്ടുണ്ടാവുക റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ അരങ്ങേറിയ അനിഷ്ട സംഭവങ്ങളായിരിക്കാം. ദീപ് സിദ്ദു എന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകന്റെ നേതൃത്വത്തിലാണ് ഒരു കൂട്ടം അക്രമികള്‍ ചെങ്കോട്ടയില്‍ നാശനഷ്ടങ്ങള്‍ വരുത്തിയത്. അതിന്റെ ഉത്തരവാദിത്വം കര്‍ഷക സംഘടനകള്‍ക്കുമേല്‍ ചാര്‍ത്തുകയും ചെയ്തു. ഡല്‍ഹിയുടെ മൂന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ഷകര്‍ നടത്തിവരുന്ന സഹനസമരത്തെ പരാജയപ്പെടുത്താന്‍ ചെങ്കോട്ടയിലേക്ക് അതിക്രമിച്ചുകയറി അവിടെ സിഖുകാരുടെ പവിത്രമായ പതാക നാട്ടുക 40 സംഘടനകള്‍ അടങ്ങിയ സംയുക്ത കര്‍ഷകമോര്‍ച്ചയുടെ നയമായിരുന്നില്ല. പതാക നാട്ടിയത് ബി.ജെ.പി സഹയാത്രികനായ ദീപ് സിദ്ദുവാണെന്ന് തെളിഞ്ഞിട്ടും ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല. എന്നാല്‍, ട്രാക്ടര്‍ റാലി റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.


കര്‍ഷകസമരത്തെ പരാജയപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ ഒരുമാസം മുന്‍പ് സമരത്തില്‍ നുഴഞ്ഞുകയറിയ വ്യക്തിയാണ് ദീപ് സിദ്ദു. സമരത്തെ പരാജയപ്പെടുത്താന്‍ അണിയറയില്‍ മെനഞ്ഞെടുത്ത തിരക്കഥയുടെ ആവിഷ്‌കാരമായിരുന്നു ചെങ്കോട്ടയില്‍ നടന്നത്. ഇതുവഴി കര്‍ഷകരുടെ വിലപേശല്‍ ശക്തി ചോര്‍ത്താമെന്നും സിന്‍ഗു മോഡല്‍ ആക്രമണങ്ങളിലൂടെ സമരം കെട്ടടങ്ങിക്കൊള്ളുമെന്നും സര്‍ക്കാരും കരുതിയിട്ടുണ്ടാകണം. ട്രാക്ടര്‍ റാലി പരാജയപ്പെടുത്താന്‍ സര്‍ക്കാരാണ് ശ്രമിച്ചതെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ഷക സമരത്തിന് ജനപിന്തുണ കൂടിവരുന്നതിനിടയിലാണ് ഗുണ്ടകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് സിന്‍ഗുവില്‍ അക്രമം അഴിച്ചുവിട്ടത്. ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകളും ട്രാക്ടറുകളും സമരമുഖങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരവസരത്തില്‍ കൂടിയാണ് ഈ ആക്രമണം. സമരം നടക്കുന്ന ഡല്‍ഹിയുടെ മൂന്ന് അതിര്‍ത്തികളിലും പൊലിസ് സന്നാഹം വര്‍ധിപ്പിച്ചതും ബോധപൂര്‍വം തന്നെ.
സമരം അവസാനിപ്പിച്ച് പിരിഞ്ഞുപോകാന്‍ പൊലിസ് സമരവേദിയില്‍ നോട്ടിസ് പതിച്ചതിന്റെ പിന്നാലെയാണ് അക്രമികള്‍ കുതിച്ചെത്തിയത്. ഇതിന്റെ മുന്നോടിയായിട്ടാണ് സമരവേദിയിലേക്കുള്ള വൈദ്യുതിയും വെള്ളവും നിഷേധിച്ചത്. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ ധാരണകളെ തിരുത്തി ഡല്‍ഹി സര്‍ക്കാര്‍ സമരം നടക്കുന്നയിടങ്ങളില്‍ ടാങ്കറില്‍ വെള്ളമെത്തിച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമരനേതാക്കളെ സന്ദര്‍ശിച്ച് കുടിവെള്ളം ഉറപ്പുവരുത്തുകയും ചെയ്തു. അതിനു പുറമെ ഗ്രാമീണരും വെള്ളമെത്തിച്ചുകൊണ്ടിരുന്നു. കര്‍ഷക സമരത്തെ പൊതുസമൂഹ ദൃഷ്ടിയില്‍ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്. ഇതില്‍ അരിശംപൂണ്ടായിരിക്കണം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടയില്‍ തന്നെ ഗുണ്ടകള്‍ സിന്‍ഗുവില്‍ ആക്രമണത്തിന് മുതിര്‍ന്നിട്ടുണ്ടാവുക. കഴിഞ്ഞ രണ്ടുമാസം എല്ലാ പ്രകോപനങ്ങളെയും അതിജീവിച്ച കര്‍ഷക സമരം മൂന്ന് വിവാദ നിയമങ്ങളും പിന്‍വലിക്കുന്നതുവരെ തുടരുമെന്ന് പ്രതീക്ഷിക്കാം. ഈ സമരം പരാജയപ്പെട്ടാല്‍ ഇന്ത്യയില്‍ ഒരു സമരവും ഇനി വിജയിക്കാന്‍ പോകുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago