HOME
DETAILS
MAL
അറബ് വസന്തത്തിന് 10 വര്‍ഷം: ഏകാധിപത്യങ്ങള്‍ക്ക് എന്ത് സംഭവിച്ചു ?
backup
January 30 2021 | 04:01 AM
കെയ്‌റോ: ഉത്തര ആഫ്രിക്കയിലും പശ്ചിമേഷ്യയിലും ഏകാധിപത്യ ഭരണകൂടങ്ങളെ തകര്‍ത്തെറിഞ്ഞ അറബ് വസന്തത്തിന് 10 വര്‍ഷം പൂര്‍ത്തിയായി. 2011 ജനുവരി അവസാന വാരത്തിലായിരുന്നു ഈജിപ്തിലെ പ്രസിദ്ധമായ തഹ്‌രീര്‍ ചത്വരത്തില്‍, പ്രസിഡന്റ് ഹുസ്‌നി മുബാറകിന്റെ 30 വര്‍ഷം നീണ്ട ഏകാധിപത്യ ഭരണത്തിനെതിരേ പ്രതിഷേധം തുടങ്ങിയത്. ജനകീയ വിപ്ലവത്തിലൂടെ തുണീസ്യയിലെ ഏകാധിപത്യം അവസാനിപ്പിച്ചില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടായിരുന്നു ഈ സമരം.
2011 ജനുവരി 14ന് തുണീസ്യയില്‍ നിന്നാരംഭിച്ച് ലിബിയ, ഈജിപ്ത്, യെമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ഭരണകൂടങ്ങളെ വിറപ്പിച്ച പ്രക്ഷോഭങ്ങളാണ് അറബ് വസന്തം എന്നറിയപ്പെടുന്നത്. ജനാധിപത്യത്തിനായുള്ള പ്രക്ഷോഭം ചില രാജ്യങ്ങളില്‍ ഫലം കണ്ടപ്പോള്‍ സിറിയ, യമന്‍ പോലുള്ള രാജ്യങ്ങളില്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമായി മാറുകയായിരുന്നു.
തുണീസ്യയും സുദാനും മാത്രമാണ് ഇന്ന് ഏകാധിപത്യത്തില്‍ നിന്ന് മാറിനില്‍ക്കുന്നത്. മറ്റിടങ്ങളിലെല്ലാം തന്നെ ഏകാധിപത്യം മറ്റ് രൂപത്തില്‍ തിരിച്ചുവരികയോ രാജ്യം കൂടുതല്‍ അസ്വസ്ഥമാവുകയോ ചെയ്തതായി കാണാം. പലരാജ്യങ്ങളും സാമ്പത്തിക തകര്‍ച്ചയിലേക്കും ആഭ്യന്തര സംഘര്‍ഷങ്ങളിലേക്കും കൂപ്പുകുത്തുകയായിരുന്നു. ആഭ്യന്തര കലാപം മുതലെടുത്ത് ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകള്‍ വളരുകയും രാജ്യങ്ങള്‍ ചിന്നിച്ചിതരുകയും ചെയ്തു.
തുണീസിയിലെ സിദി ബോസിദില്‍ 2010 ഡിസംബര്‍ 17നു വിദ്യാസമ്പന്നനും തൊഴില്‍രഹിതനായ മുഹമ്മദ് ബൊസിസി സ്വയം തീ കൊളുത്തിയതോടെയായിരുന്നു ജനകീയ പ്രക്ഷോഭത്തിന്റെ തുടക്കം. ഇത് ഭരണക്കൂടത്തിനെതിരേ ജനവികാരം ആളിപ്പടരാന്‍ കാരണമായി. 23 വര്‍ഷമായി തുണീസ്യ അടക്കിഭരിക്കുന്ന സൈനുല്‍ ആബിദീന്‍ ബിന്‍ അലിക്കെതിരായ കലാപമായി ഇത് മാറുകയും അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടിവരികയും ചെയ്തു.
എന്നാല്‍ ജനാധിപത്യരീതിയില്‍ ഒരു ഭരണമാറ്റം സംഭവിച്ചെങ്കിലും പത്തു വര്‍ഷത്തിനിപ്പുറവും സാമ്പത്തികമായി മുന്നേറാന്‍ രാജ്യത്തിന് കഴിഞ്ഞിട്ടില്ല. രൂക്ഷമായ തൊഴിലില്ലായ്മയാണ് രാജ്യം ഇന്നു നേരിടുന്നത്. അതിന്റെ പേരില്‍ രാജ്യത്ത് വീണ്ടും പ്രക്ഷോഭങ്ങള്‍ പതിവായിട്ടുണ്ട്.
തുണീസ്യയില്‍നിന്ന് ഈജിപ്ത്, ലിബിയ, സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലായിരുന്നു പ്രക്ഷോഭം കത്തിപ്പടര്‍ന്നത്. ലിബിയയില്‍ 40 വര്‍ഷമായി ഭരണം നടത്തിയിരുന്ന കേണല്‍ മുഅമ്മര്‍ ഗദ്ദാഫി സ്ഥാനമൊഴിയണമെന്നതായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം. സമരത്തെ അതിക്രൂരമായി നേരിട്ട ഗദ്ദാഫിക്കെതിരേ രാജ്യാന്തര ഇടപെടലുണ്ടായി. ഫ്രാന്‍സ്, ബ്രിട്ടന്‍, അമേരിക്ക എന്നിവരടങ്ങുന്ന നാറ്റോ സഖ്യം വായുമാര്‍ഗം ഗദ്ദാഫിയുടെ ശക്തികേന്ദ്രങ്ങള്‍ ആക്രമിക്കുകകുയം ഒക്ടോബറില്‍ ഗദ്ദാഫി കൊല്ലപ്പെടുകയും ചെയ്തു. സെപ്റ്റംബറില്‍ തന്നെ യു.എന്‍ അംഗീകൃത സര്‍ക്കാര്‍ ലിബിയയില്‍ അധികാരമേറ്റു. എന്നാല്‍ ഇന്ന് രണ്ടു ഭാഗങ്ങളിലായി രണ്ടു വിഭാഗമാണ് അധികാരം നടത്തുന്നത്.
2011 ജനുവരി 25ന് ഈജിപ്തിലെ കയ്‌റോ, അലക്‌സാന്‍ഡ്രിയ തുടങ്ങിയ നഗരങ്ങളില്‍ ആരംഭിച്ച പ്രക്ഷോഭത്തിനൊടുവില്‍ 30 വര്‍ഷമായി രാജ്യം ഭരിക്കുന്ന ഹുസ്‌നി മുബാറക്ക് അധികാരമൊഴിയേണ്ടി വന്നു.
2012ല്‍ മുസ്‌ലിം ബ്രദര്‍ ഹുഡുമായി ബന്ധപ്പെട്ട മുഹമ്മദ് മുര്‍സിയുടെ സര്‍ക്കാര്‍ അധികാരത്തിലേറി. എന്നാല്‍ സൈനിക നേതൃത്വം വഹിച്ചിരുന്ന അബ്ദുല്‍ ഫത്താഹ് എല്‍സിസി സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്തു. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഈജിപ്തിനെയും ഞെരുക്കുകയാണ്.
സിറിയയില്‍ 18 വര്‍ഷമായി ഭരിക്കുന്ന ബാഷര്‍ അല്‍ അസദിന്റെ ഭരണകൂടത്തിനെതിരേയായിരുന്നു പ്രക്ഷോഭം. ഇറാനും റഷ്യയും അസദിന് പിന്തുണയുമായി എത്തി. പ്രക്ഷോഭകര്‍ക്ക് ഒപ്പം അമേരിക്കയും ചില അറബ് രാഷ്ട്രങ്ങളും ചേര്‍ന്നു. ഇതോടെ സിറിയ കലുശിതമായി. ഇറാഖില്‍ ഒതുങ്ങി നിന്ന ഐ.എസ് എന്ന തീവ്രവാദ സംഘടന സാഹചര്യം മുതലെടുത്ത് സിറിയയില്‍ കടന്നുകയറി പ്രധാന നഗരങ്ങള്‍ കൈയടക്കി. നാട്ടുകാരെയടക്കം ക്രൂരമായി കൊന്നൊടുക്കി, സ്വന്തം ഭരണം സ്ഥാപിച്ചു. തകര്‍ന്നു തരിപ്പണമായ രാജ്യമാണ് ഇന്ന് സിറിയ.
യമനില്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് 33 വര്‍ഷം ഭരണം നടത്തിയ അലി അബ്ദുല്ല സാലിഹിന് പിന്‍മാറുകയും 2011 അധികാരം അബ്ദറാബു മന്‍സൂര്‍ ഹാദിക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ ഹാദിയുടെ കൈയില്‍ കാര്യങ്ങള്‍ നിന്നില്ല. സാലിഹിനോട് ആഭിമുഖ്യമുണ്ടായിരുന്ന ഹൂതി വിമതര്‍ രാജ്യത്ത് ശക്തി പ്രാപിച്ചു. 2014 അവസാനമായപ്പോഴേയ്ക്കും രാജ്യ തലസ്ഥാനമായ സന ഹൂതികള്‍ അവര്‍ പിടിച്ചെടുത്തു. പ്രസിഡന്റ് ഹാദി 2015 മാര്‍ച്ചില്‍ നാടുവിട്ട് സൗദി അറേബ്യയില്‍ അഭയം പ്രാപിച്ചു. ഇതിനിടെ സൗദിയുടെ നേതൃത്വത്തിലുള്ള സേന ആക്രമണം ഹൂതികള്‍ക്കെതിരേ ആക്രമണം തുടങ്ങി. ഇറാന്റെ പിന്തുണയോടെ ഹൂതികളും തിരിച്ചടിച്ചു. ആയിരങ്ങളാണ് ഇവിടെയും കൊല്ലപ്പെട്ടത്. 2019ല്‍ സൗദി മുന്‍കയെടുത്ത് ഏകീകൃത സര്‍ക്കാരുണ്ടാക്കാന്‍ ധാരണയായെങ്കിലും രാജ്യത്ത് ഇപ്പോഴും അക്രമങ്ങള്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."