കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകൾ ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചു. പ്രതികളുടെ ഫോണുകൾ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപടക്കമുള്ള പ്രതികളുടെ ഫോണുകൾ കോടതിയിൽ എത്തിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹരജി പരിഗണിക്കൽ കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു. ഇതു കൂടാതെ ഗൂഢാലോചന കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനുളള വിലക്ക് നീക്കണമെന്ന് പ്രോസിക്യൂഷൻ ഇന്നലെ ആവശ്യപ്പെട്ടതാണ്. ദിലീപ് ഫോണുകൾ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ക്രൈംബ്രാഞ്ചിൽ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടേണ്ടി വരുമെന്നുമായിരുന്നു ദിലീപിൻറെ വാദം.
ദിലീപ് ഹാജരാക്കിയ ഫോണുകളുടെ പരിശോധന സംബന്ധിച്ച നടപടികളാണ് ചൊവ്വാഴ്ച കോടതിയില്‍ പ്രധാനമായും നടന്നത്. ആവശ്യപ്പെട്ട ഫോണുകളില്‍ മൂന്നെണ്ണം ദിലീപ് കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നായിരുന്നു പ്രോസിക്യൂഷന് ഹൈക്കോടതിയെ അറിയിച്ചത്. മാത്രമല്ല, ദിലീപ് തന്റെ കൈയില്‍ ഇല്ലെന്ന് പറഞ്ഞ ഫോണിന്റെ വിവരങ്ങളും പ്രോസിക്യൂഷന് കൈമാറി. ഈ ഫോണില്‍നിന്ന് 2000-ഓളം കോളുകള്‍ വിളിച്ചെന്നതടക്കമുള്ള വിവരങ്ങളാണ് പ്രോസിക്യൂഷന് കൈമാറിയത്. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."