കരിപ്പൂരില്‍ രണ്ടുകോടിയുടെ സ്വര്‍ണം പിടികൂടി
കൊണ്ടോട്ടി: ബഹ്റൈനില്‍നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനില്‍നിന്ന് രണ്ടു കോടിയുടെ സ്വര്‍ണം പിടികൂടി. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി കാവില്‍ തസ്ലീമില്‍(28) നിന്നാണ് 6.45 കിലോ സ്വര്‍ണം കണ്ടെത്തിയത്.
കംപ്യൂട്ടറിന്റെ യു.പി.എസിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ 52 സ്വര്‍ണ ബിസ്ക്കറ്റുകളാണ് കണ്ടെടുത്തത്. ബുധനാഴ്ച രാത്രി എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് തസ്ലീം കരിപ്പൂരിലെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ട് നിന്നെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്.ഐ) സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് കള്ളക്കടത്ത് കണ്ടെത്തിയത്. ഇയാളുടെ ബാഗിലുണ്ടായിരുന്ന കംപ്യൂട്ടര്‍ യു.പി.എസിനകത്തെ ബാറ്ററിയുടെ ഭാഗത്ത് സ്വര്‍ണ ബിസ്ക്കറ്റുകള്‍ അടുക്കിവച്ച നിലയിലായിരുന്നു. എക്സ്റേ പരിശോധനയിലടക്കം കണ്ടെത്താന്‍ കഴിയാത്ത വിധത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. പിടിയിലായ യാത്രക്കാരന് സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിലെ കണ്ണിയാണെന്ന് ഇന്റലിജന്‍സ് സംഘം അറിയിച്ചു.
വിമാനക്കൂലിയും കിലോയ്ക്ക് നിശ്ചിത തുകയും ഇയാള്‍ക്ക് നല്‍കിയിരുന്നതായി ഇന്റലിജന്‍സ് അധികൃതര്‍ വ്യക്തമാക്കി. കരിപ്പൂരില്‍ ഒരാളില്‍നിന്ന് രണ്ടു കോടിയുടെ സ്വര്‍ണം പിടികൂടുന്നത് ഇതാദ്യമാണ്. സ്വര്‍ണത്തിന് വിലവര്‍ധിച്ചതിനാല്‍ കള്ളക്കടത്ത് വര്‍ധിക്കുമെന്ന കണക്കുകൂട്ടലില്‍ കസ്റ്റംസ് പരിശോധന കര്ക്കശനമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."