പ്രവാസി സാംസ്‌കാരിക വേദി റിപ്പബ്ലിക് ദിനാഘോഷ പരിപാടി
യാംബു: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പ്രവാസി സാംസ്കാരികവേദി യാംബു ,മദീന, തബൂക്ക് മേഖല റിപ്പബ്ലിക് ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. പ്രവാസി പടിഞ്ഞാറൻ മേഖല സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നിസാർ ഇരിട്ടി ഉദ്‌ഘാടനം ചെയ്തു. ഇന്ത്യയുടെ ജനാധിപത്യ സംവിധാനവും ഭരണഘടനയും അട്ടിമറിക്കാനുള്ള തല്പര കക്ഷികളുടെ കുത്സിത നീക്കങ്ങൾക്കെതിരെ സമൂഹം കരുതിയിരിക്കണമെന്നും ഇന്ത്യയിൽ സാമൂഹ്യ നീതിക്കായി യോജിച്ച പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മേഖല പ്രസിഡന്റ് സോജി ജേക്കബ് ഓൺ ലൈൻ സംഗമത്തിൽ അധ്യക്ഷത വഹിച്ചു. കെൻസ് ഇന്റർ നാഷനൽ സ്‌കൂൾ പ്രിൻസിപ്പൽ മുഹമ്മദലി റിപ്പബ്ലിക് ദിന സന്ദേശ പ്രഭാഷണം നടത്തി. ഇന്ത്യയുടെ മഹത്തായ സാംസ്കാരിക വൈവിധ്യങ്ങൾ എല്ലാവരെയും ഉൾകൊള്ളാൻ പര്യാപ്‌തമാണെന്നും ഉന്നതമായ മൂല്യങ്ങൾ ഉൾകൊള്ളുന്ന രാജ്യത്തിന്റെ ഭരണഘടനയുടെ കാവലാളാകാൻ നമുക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യാംബു വിചാരവേദി പ്രസിഡന്റ് അഡ്വ.ജോസഫ് അരിമ്പൂർ, എറണാകുളം വെൽഫെയർ അസോസിയേഷൻ തബൂക്ക് സെക്രട്ടറി ബിജു എറണാകുളം, മാധ്യമ പ്രവർത്തകൻ അനീസുദ്ദീൻ ചെറുകുളമ്പ്, പ്രവാസി മേഖലാ കമ്മിറ്റി ട്രഷറർ സിറാജ് എറണാകുളം, അബ്ദുൽ കരീം കുരിക്കൾ മദീന എന്നിവർ ആശംസാ പ്രസംഗം നടത്തി.
'എയർ സുവിദ' പ്രശ്നത്തിൽ പ്രവാസികൾക്ക് ഇപ്പോൾ ഉണ്ടായ പ്രതികൂല നയ നിലപാടിനെതിരെ പ്രവാസി യാംബു ടൗൺ യൂനിറ്റ് സെക്രട്ടറി സഫീൽ കടന്നമണ്ണ ചടങ്ങിൽ പ്രമേയം അവതരിപ്പിച്ചു. പ്രവാസി നോർക്ക ക്ഷേമ പദ്ധതികൾ എന്ന വിഷയത്തിൽ പ്രവാസി സെൻട്രൽ കമ്മിറ്റിയംഗം യൂസുഫ് അലി പരപ്പൻ പ്രസന്റേഷൻ നടത്തി. കെൻസ് ഇന്റർ നാഷനൽ സ്‌കൂൾ വിദ്യാർഥിനികളുടെ സംഘം നടത്തിയ ദേശ ഭക്തിഗാനം, തൻസീമ മൂസ ആലപിച്ച ഗാനം എന്നിവ ആഘോഷ പരിപാടിക്ക് മിഴിവേകി. പ്രവാസി യാംബു,മദീന,തബൂക്ക് മേഖല ജനറൽ സെക്രട്ടറി നസീറുദ്ദീൻ ഇടുക്കി സ്വാഗതവും മേഖല കമ്മിറ്റിയംഗം നിയാസ് യൂസുഫ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."