ചിൽഡ്രൻസ് ഹോമിന്റെ സുരക്ഷ വർധിപ്പിക്കും ; പെൺകുട്ടികളെ വീടുകളിലേക്ക് അയക്കാൻ നടപടി
സ്വന്തം ലേഖകൻ
കോഴിക്കോട്
വെള്ളിമാട്കുന്ന് സർക്കാർ ചിൽഡ്രൻസ് ഹോമിൽ നിന്നും ആറു പെൺകുട്ടികൾ ചാടിപ്പോയ സംഭവത്തിൽ സ്ഥാപനത്തിന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം.
ശിശുക്ഷേമ സമിതി ചെയർമാൻ പി.എം തോമസിന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. മതിലുകളുടെയും ഗെയ്റ്റിന്റേയും ഉയരം വർധിപ്പിക്കൽ, നിരീക്ഷണ കാമറകൾ സ്ഥാപിക്കൽ, സുരക്ഷാ ജീവനക്കാരേയും മറ്റും കൂടുതൽ നിയമിക്കൽ തുടങ്ങി നിരവധി പദ്ധതികളാണ് രൂപീകരിച്ചിരിക്കുന്നത്.
അതേസമയം സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പെൺകുട്ടികളെയും വീടുകളിലേക്ക് അയക്കാൻ തീരുമാനമായി. കഴിഞ്ഞ ദിവസങ്ങളിലായി രണ്ടു പേരെ രക്ഷിതാക്കൾക്കൊപ്പം വീടുകളിലേക്ക് പറഞ്ഞയിച്ചിരുന്നു. മറ്റു നാലു പേരെയും അടുത്ത ദിവസങ്ങളിലായി വീടുകളിലേക്ക് അയക്കുന്ന നടപടി പുരോഗമിക്കുകയാണ്. കുട്ടികളെ മടക്കിക്കൊണ്ടു വരാൻ ഇതിൽ ചില രക്ഷിതാക്കൾ ബുദ്ധിമുട്ട് അറിയിച്ചിരുന്നു. ഇവർക്കുള്ള സഹായം ശിശുക്ഷേമ സമിതി നൽകും. കുറഞ്ഞ കാലയളവിലേക്കാണ് ഇവരെ വീടുകളിലേക്ക് പറഞ്ഞയക്കുന്നത്. ഇതിനു ശേഷം കൗൺസിലിങ്ങ് നടത്തി വീണ്ടും ചിൽഡ്രൻ ഹോമിലേക്ക് തന്നെ കൊണ്ടു വരും.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടു പേരെ കസ്റ്റഡിയിലെടുക്കാൻ പൊലിസ് ഇന്നലെ കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റിലായ പ്രതികൾ രണ്ടുപേരും നിലവിൽ റിമാൻഡിലാണ്. യുവാക്കൾ നിരപരാധികളാണെന്നും പോക്‌സോയടക്കം കേസുകൾ പൊലിസ് കെട്ടിച്ചമച്ചതാണെന്നും പെൺകുട്ടികൾ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടികളേയും കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഈ വിഷയത്തിൽ ബാലാവകാശ കമ്മീഷനും കുട്ടികളിൽനിന്നും ഉടൻ മൊഴിയെടുക്കും. കഴിഞ്ഞ ബുധനാഴ്ച കാണാതായ ആറു പേരിൽ രണ്ടു കുട്ടികളെ ബംഗളൂരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."