മഥുര: ബി.ജെ.പി കോട്ടയില്‍ വിള്ളലിനു സാധ്യത
മഥുരയിൽനിന്ന്
വി. അബ്ദുല്‍ മജീദ്
യു.പിയിലെ ബി.ജെ.പി കോട്ടകളിലൊന്നായ മഥുര ജില്ലയില്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിള്ളലിനു സാധ്യത. ശ്രീകൃഷ്ണ ജന്മഭൂമിയെന്നു വിശ്വസിക്കപ്പെടുന്ന ഇടമുള്‍പ്പെട്ട ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളും ഇപ്പോള്‍ ബി.ജെ.പിയുടെ കൈവശമാണ്. ഇതില്‍ രണ്ടിടങ്ങളില്‍ ഇത്തവണ പാര്‍ട്ടി കടുത്ത മത്സരമാണ് നേരിടുന്നത്.
മഥുര ലോക്‌സഭാ മണ്ഡലത്തെ നിലവിൽ പ്രതിനിധീകരിക്കുന്നത് ബി.ജെ.പി നേതാവും ചലച്ചിത്ര നടിയുമായ ഹേമമാലിനിയാണ്. 2,93,471 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹേമമാലിനി വിജയിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അഞ്ചു മണ്ഡലങ്ങൾ തൂത്തുവാരിയതും മികച്ച ഭൂരിപക്ഷത്തിനാണ്. എന്നാല്‍, ഇത്തവണ അതില്‍ ചെറിയ മാറ്റമെങ്കിലും വരുമെന്നാണ് ചില ബി.ജെ.പി പ്രവര്‍ത്തകരുടെയടക്കം വിലയിരുത്തല്‍. ഈ മാസം 10ന് ഒന്നാം ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ്.
ഛാട്ട മണ്ഡലത്തിലാണ് ബി.ജെ.പി ഏറ്റവും കടുത്ത മത്സരം നേരിടുന്നത്. സിറ്റിങ് എം.എല്‍.എ ചൗധരി ലക്ഷ്മി നാരായണിനെ തന്നെയാണ് പാര്‍ട്ടി ഇത്തവണയും കളത്തിലിറക്കിയിരിക്കുന്നത്. സമാജ് വാദി പാര്‍ട്ടി നേതൃത്വം നല്‍കുന്ന സഖ്യത്തിലുള്‍പ്പെട്ട രാഷ്ട്രീയ ലോക്ദളിന്റെ (ആര്‍.എല്‍.ഡി) തേജ്പാല്‍ സിങ്ങാണ് ഇവിടെ ലക്ഷ്മി നാരായണിന്റെ പ്രധാന എതിരാളി. ജാട്ട് സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണിത്. ഇവരിൽ മഹാഭൂരിപക്ഷവും കര്‍ഷകരാണ്.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ ജാട്ടുകളെ ബി.ജെ.പിയില്‍നിന്ന് അകറ്റിയിട്ടുണ്ട്. ആർ.എല്‍.ഡിയുടെ പ്രധാന പിന്‍ബലവും ജാട്ടുകളാണ്. മണ്ഡലം ഇത്തവണ നഷ്ടപ്പെടുമെന്ന ആശങ്ക ബി.ജെ.പി കേന്ദ്രങ്ങളില്‍ ഉയർന്നിട്ടുണ്ട്. ആര്‍.എല്‍.ഡി-എസ്.പി കേന്ദ്രങ്ങളില്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടവുമാണ്. കോണ്‍ഗ്രസിന്റെ പൂനം ദേവിയും ബി.എസ്.പിയുടെ സോന്‍പാല്‍ സിങ്ങും ഇവിടെ മത്സരരംഗത്തുണ്ട്.
ശ്രീകൃഷ്ണ ജന്മഭൂമി ഉള്‍പ്പെടുന്ന മഥുരയാണ് ബി.ജെ.പി ശക്തമായ മത്സരം നേരിടുന്ന മറ്റൊരു മണ്ഡലം. ഇവിടെ സിറ്റിങ് എം.എല്‍.എയും സംസ്ഥാന വൈദ്യുതി മന്ത്രിയുമായ ശ്രീകാന്ത് ശര്‍മയെയാണ് ബി.ജെ.പി ഇത്തവണയും മത്സരിപ്പിക്കുന്നത്. സവര്‍ണ സമുദായങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണിത്. സവര്‍ണ സമുദായക്കാരനും ബി.എസ്.പി നേതാവുമായ എസ്.പി ശര്‍മയാണ് ഇവിടെ ശ്രീകാന്ത് ശര്‍മയുടെ പ്രധാന എതിരാളി. ഒരേ സമുദായക്കാരായ ഇവര്‍ തമ്മിലുള്ള മത്സരം കടുത്തതാണെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പോലും സമ്മതിക്കുന്നു. കൂടാതെ എസ്.പിയുടെ ദേവീന്ദ്രകുമാര്‍ ശര്‍മയും കോണ്‍ഗ്രസിന്റെ പ്രദീപ് മാഥൂറും ഇവിടെ മത്സരരംഗത്തുണ്ട്. അതേസമയം, ജില്ലയിലെ മറ്റു മണ്ഡലങ്ങളായ ഗോവര്‍ധന്‍, ബല്‍ദേവ്, മാണ്ഡ് എന്നിവിടങ്ങളില്‍ ബി.ജെ.പി കാര്യമായ വെല്ലുവിളി നേരിടുന്നില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."