കൊവിഡ് ആശുപത്രി മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഹാനികരമെന്ന് ഡബ്ല്യു.എച്ച്.ഒ
ജനീവ
കൊവിഡുമായി ബന്ധപ്പെട്ട ഭീമമായ അളവിലുള്ള ആശുപത്രി മാലിന്യങ്ങൾ മനുഷ്യനും പരിസ്ഥിതിക്കും ഹാനികരമെന്ന് ലോകാരോഗ്യ സംഘടന.
ഉപയോഗിച്ച് ഉപേക്ഷിക്കുന്ന സിറിഞ്ചുകൾ, പരിശോധനാ കിറ്റുകൾ, വാക്സിൻ കുപ്പികൾ തുടങ്ങിയവ ആയിരക്കണക്കിനു ടൺ മെഡിക്കൽ മാലിന്യങ്ങളാണ് ഉണ്ടാക്കുന്നത്. ഇതു മാലിന്യസംസ്കരണ രംഗത്ത് വൻ പ്രതിസന്ധിയുണ്ടാക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
2020 മാർച്ചിനും 2021 നവംബറിനുമിടെ ഒരു യു.എൻ പോർട്ടൽ ഓർഡർ ചെയ്ത 87,000 ടൺ പി.പി.ഇ കിറ്റുകളിൽ വലിയ ഭാഗവും പാഴാക്കപ്പെട്ടു. 14 കോടിയിലധികം ടെസ്റ്റ് കിറ്റുകൾ കയറ്റിയയച്ചു. ഇതുകൊണ്ട് 2,600 ടൺ പ്ലാസ്റ്റിക്കും ഒരു ഒളിംപിക് നീന്തൽക്കുളത്തിൻ്റെ മൂന്നിലൊന്ന് നിറയ്ക്കാവുന്നത്ര രാസമാലിന്യങ്ങളും ഉൽപാദിപ്പിക്കാവുന്ന അത്രയും വരുമിത്.
ലോകമെങ്ങും വിതരണം ചെയ്ത 800 കോടി വാക്സിൻ ഡോസുകൾ വഴി സിറിഞ്ചുകൾ, സുരക്ഷാ പെട്ടികൾ, ഗ്ലാസ് കുപ്പികൾ എന്നിവയുടെ 1,44,000 ടൺ മാലിന്യവും ഉൽപാദിപ്പിക്കപ്പെടും- റിപ്പോർട്ട് വ്യക്തമാക്കുന്നു.ഇതിനു പുറമെ ഗ്ലൗസുകളും മാലിന്യക്കൂമ്പാരത്തിൻ്റെ വലുപ്പം വർധിപ്പിക്കുന്നു.
ഡബ്ല്യു.എച്ച്.ഒ ഗ്ലൗസ് ഉപയോഗിക്കാൻ നിർദേശിച്ചില്ലെങ്കിലും ആരോഗ്യപ്രവർത്തകർ ഇത് സ്ഥിരമായി ഉപയോഗിക്കുകയാണ്. ബ്രിട്ടനിൽ ഓരോ ആരോഗ്യപ്രവർത്തകരും ഒരാഴ്ച 50 ജോടി ഗ്ലൗസാണ് മാലിന്യമായി ഉപേക്ഷിക്കുന്നത്. ഇവയെല്ലാം മെഡിക്കൽ മാലിന്യമായി മാറുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."