HOME
DETAILS
MAL
'കുഞ്ഞൂഞ്ഞ് 'പുതുപ്പള്ളി വിടുമെന്ന് ചര്‍ച്ചകള്‍; നിഷേധിച്ച് ഉമ്മന്‍ ചാണ്ടി
backup
January 31 2021 | 03:01 AM
തിരുവനന്തപുരം: പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലം മാറുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവം. തിരുവനന്തപുരത്തെ നേമം മണ്ഡലത്തില്‍ മത്സരിക്കുമെന്ന ചര്‍ച്ചകളാണ് ഉയര്‍ന്നത്.
അദ്ദേഹം എവിടെ മത്സരിച്ചാലും വിജയിക്കുമെന്ന പ്രതികരണം നല്‍കി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചര്‍ച്ചകള്‍ക്ക് ബലമേകിയെങ്കിലും നിഷേധക്കുറിപ്പിറക്കി ഉമ്മന്‍ചാണ്ടി തുടര്‍നീക്കങ്ങള്‍ക്കു തടയിട്ടു. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുന്നു എന്നും ആജീവനാന്തം അതില്‍ മാറ്റമുണ്ടാകില്ലെന്നും വ്യക്തമാക്കിയാണ് അദ്ദേഹം നിഷേധക്കുറിപ്പിറക്കിയത്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങുന്നതിനു മുന്‍പ് തന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ അടിയന്തിരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ നേമത്ത് ഉമ്മന്‍ ചാണ്ടിയെ രംഗത്തിറക്കിയാല്‍ ബി.ജെ.പിക്കെതിരായ തുറന്ന പോരാട്ടമായി വ്യാഖ്യാനിക്കപ്പെട്ട് അതു കോണ്‍ഗ്രസിനു ഗുണം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം മണ്ഡലം മാറ്റം ചര്‍ച്ചയാക്കിയത്. നേരത്തെ ഡല്‍ഹിയില്‍ സംഘടനാതല ചര്‍ച്ചകള്‍ക്കായി പോയപ്പോള്‍ മുല്ലപ്പള്ളി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കുന്ന കാര്യം ദേശീയ നേതൃത്വത്തോട് സൂചിപ്പിച്ചിരുന്നു. അന്ന് അതിനെ ഉമ്മന്‍ ചാണ്ടി ചിരിച്ചുതള്ളുകയാണണുണ്ടായത്. എന്നാല്‍ ഇന്നലെ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയായിരുന്നു.
ഇന്നലെ രാവിലെ വടകരയില്‍ മാധ്യമങ്ങളെ കണ്ട കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി സംസ്ഥാനത്ത് ഏതു മണ്ഡലത്തില്‍ മത്സരിച്ചാലും വിജയിക്കുമെന്ന് പ്രതികരിക്കുക കൂടി ചെയ്തതോടെ ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായി. നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കു മേല്‍ നേതൃത്വത്തിന്റെ സമ്മര്‍ദമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. ഇതോടെ അപകടം മണത്ത ഉമ്മന്‍ ചാണ്ടി നിലപാട് വ്യക്തമാക്കി നിഷേധക്കുറിപ്പിറക്കുകയായിരുന്നു. ഇതിനു പിന്നാലെ മുല്ലപ്പള്ളിയും മലക്കം മറിഞ്ഞു. നേമം കേരളത്തിലെ ഗുജറാത്താണെന്നു പറഞ്ഞ ബി.ജെ.പിയെ നേരിടാനുള്ള ചലഞ്ച് ഏറ്റെടുക്കാന്‍ ഉമ്മന്‍ ചാണ്ടി മടിക്കില്ലെന്നും എന്നാല്‍ അദ്ദേഹം പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഉച്ചയ്ക്കു ശേഷം മുല്ലപ്പള്ളി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."