HOME
DETAILS
MAL
മഞ്ഞണിഞ്ഞ ജോര്‍ജിയന്‍ യാത്ര
backup
January 31 2021 | 04:01 AM
നൂറ്റാണ്ടുകള്‍ നീണ്ട അധിനിവേശങ്ങളെ അതിജീവിച്ച ജോര്‍ജിയയെക്കുറിച്ച് ചെറിയൊരു അറിവുമാത്രമായിരുന്നു ഉണ്ടായിരുന്നത്. സഞ്ചാരികളുടെ താവളമായ ജോര്‍ജിയയിലേക്കുള്ള ഒരു പാക്കേജിനെ കുറിച്ച് പ്രിയ സുഹൃത്ത് സഫീര്‍ മഞ്ചേരി പറഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. ഡോ. ഷെയ്ഖ് ഉമറും, ഹക്കീം ആലപ്പുഴയും ലീവ് കിട്ടുമെന്ന് ഉറപ്പ് പറഞ്ഞപ്പോള്‍ ആവേശം ഇരട്ടിയായി. അഞ്ചുദിവസത്തെ സന്ദര്‍ശന പരിപാടി. ജിദ്ദയിലെ നോര്‍ത്ത് ടെര്‍മിനലില്‍നിന്നു യാത്ര തുടങ്ങി, പുലര്‍ച്ചെ രണ്ടു മണിക്ക് ജോര്‍ജിയന്‍ തലസ്ഥാനമായ തിബിലിസിയിലെ ഷോട്ടാ റൊസ്തവേലി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനം ലാന്‍ഡ് ചെയ്തു. എമിഗ്രേഷന്‍ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ തണുപ്പ് ശരീരത്തിലേക്ക് ഇരച്ചു കയറാന്‍ തുടങ്ങിയിരുന്നു. ബാഗില്‍ കരുതിയിരുന്ന ജാക്കറ്റെടുത്തു തല്‍ക്കാലം പ്രതിരോധം സൃഷ്ട്ടിച്ചു. മൊബൈലിലെ വെതര്‍ ആപ്പ് ഓണ്‍ ചെയ്തു 'കറന്റ് ലൊക്കേഷന്‍' സെറ്റ് ചെയ്തപ്പോള്‍ 2 ഡിഗ്രി. സൈന്‍ ബോര്‍ഡും പിടിച്ചു ഡ്രൈവര്‍ അറൈവല്‍ ലോഞ്ചില്‍ തന്നെ കാത്തിരിപ്പുണ്ടായിരുന്നു. തിബിലിസി പട്ടണം യൂറോപ്പിലെ ശാന്തസുന്ദരമായ പ്രദേശമാണ്. സ്റ്റാലിന്റെ ജന്മദേശം. ചെറുതെങ്കിലും വൃത്തിയുള്ള റോഡ്. റഷ്യ, അസര്‍ബിജാന്‍, ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ജോര്‍ജിയയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍. ഏതാണ്ട് 90 ശതമാനവും ജോര്‍ജിയന്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളാണ്. മുസ്‌ലിംകളും ജൂതന്‍മാരും കത്തോലിക്കരും വളരെ കുറവാണ്. നഗരം ചുറ്റിക്കാണാന്‍ ഭൂഗര്‍ഭ മെട്രോയും, മര്‍ഷ്രുക്കാസ് എന്ന വിളിപ്പേരിലുള്ള ബസുകളുമുണ്ട്. ജോര്‍ജിയയിലെ നിലവിലെ ജനസംഖ്യ 50 ലക്ഷമാണ്.
ഗുദൗരിക്കാഴ്ചകള്‍
നിശ്ചയിച്ച പ്രകാരം കാലത്ത് 9 മണിക്ക് തന്നെ ടൂര്‍ ഗൈഡിന്റെ കൂടെ ഞങ്ങള്‍ ഗുദൗരി (ഏൗറമൗൃശ) യിലേക്കുള്ള യാത്രയാരംഭിച്ചു. ജോര്‍ജിയയുടെ തലസ്ഥാനമായ തിബിലിസിയില്‍ നിന്നു രണ്ടു മണിക്കൂര്‍ (120 കി.മീ.) യാത്രചെയ്തു വേണം ഗുദൗരിയിലെത്താന്‍. തലയെടുപ്പുള്ള മലനിരകള്‍ക്കും ഹിമതൊപ്പിയണിഞ്ഞ കുന്നുകള്‍ക്കുമിടയിലൂടെയുള്ള അതി മനോഹരമായ യാത്ര. മുന്നോട്ടു പോകുംതോറും തണുപ്പിന്റെ കാഠിന്യം കൂടി വരുന്നു. റോഡിന്റെ ഇരു വശങ്ങളിലും മേപ്പിള്‍ മരങ്ങള്‍ സഞ്ചാരികള്‍ക്കെന്നോണം തണല്‍ വിരിച്ചുനില്‍ക്കുന്നു. സഞ്ചാരികളെ ലക്ഷ്യംവച്ച് റോഡിന്റെ ഇരു വശങ്ങളിലും കുതിര സവാരിയും, വിവിധയിനം പഴങ്ങളുടെ ഫ്രഷ് ജ്യൂസ് വില്‍പ്പനയും തകൃതിയായി നടക്കുന്നുണ്ട്. ഇവിടത്തെ പഴവര്‍ഗങ്ങള്‍ രുചിച്ചറിയേണ്ടത് തന്നെ!. ജോര്‍ജിയയിലെ കര്‍ഷകര്‍ തങ്ങള്‍ കൃഷി ചെയ്തുണ്ടാക്കുന്ന പഴവര്‍ഗങ്ങള്‍ റോഡരുകില്‍ നിരത്തിവച്ചു വില്‍ക്കാനിരിക്കുന്ന കാഴ്ച എല്ലാ ഗ്രാമങ്ങളിലും കാണാം. കാര്‍ഷികോല്‍പ്പന്നങ്ങളെ കേന്ദ്രീകൃതമായി ശേഖരിച്ച് വിറ്റഴിക്കുന്ന സംവിധാനത്തിന്റെ അഭാവമായിരിക്കാം ഇത്തരമൊരു കാഴ്ച നമുക്ക് സമ്മാനിക്കുന്നത്.
ഏകദേശം 65 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ഞങ്ങള്‍ അനനൗരി കോട്ടയില്‍ എത്തിയതായി ഗൈഡ് അറിയിച്ചു. പതിനാറാം നൂറ്റാണ്ടില്‍ അരാഗ് വി പ്രഭു നിര്‍മിച്ചതാണിത്. ജോര്‍ജിയയുടെ ചരിത്രങ്ങളെ പ്രതിപാദിക്കുന്ന അപൂര്‍വ്വ ചുവര്‍ ചിത്രങ്ങളാണ് ഈ കോട്ടയിലെ പ്രത്യേകത. പുരാതന സാങ്കേതിക കലാസൃഷ്ടികള്‍ക്ക് മികച്ച ഉദാഹരണമാണ് ഈ കോട്ടയിലെ ചുവര്‍ ചിത്രങ്ങള്‍. ഇതിന്റെ തൊട്ടടുത്താണ് 'പസാനൗരി'. ഇവിടെ ഒരു നദിയിലെ ജലം കറുപ്പ് നിറമുള്ളതാണ്. കുറച്ചു ഫോട്ടോകള്‍ക്ക് പോസ് ചെയ്തശേഷം വീണ്ടും യാത്ര തുടര്‍ന്നു.
പട്ടണക്കാഴ്ചകളില്‍ നിന്നു ഞങ്ങളുടെ വാഹനം ഗ്രാമപ്രദേശങ്ങളിലേക്ക് പ്രവേശിച്ചു. ജനവാസം തീരെ കുറഞ്ഞ പ്രദേശം. റോഡിലൂടെ ഇടയ്‌ക്കൊക്കെ കടന്നുപോകുന്നത് മുന്തിയ ഇനം കാറുകള്‍. പക്ഷേ, അതില്‍ കുടുതലും ഏറെ വാര്‍ധക്യം ബാധിച്ചവയാണ്. പടിഞ്ഞാറന്‍ യൂറോപ്പില്‍നിന്നു ഇറക്കുമതി ചെയ്ത പഴയ കാറുകള്‍. നമ്മുടെ നാട്ടിലെപ്പോലെ പത്രാസുള്ള ഒരു വീടുപോലും എങ്ങും കാണാന്‍ കഴിഞ്ഞില്ല. ഒരുപക്ഷേ ഇനിയും ഒരധിനിവേശമുണ്ടായാല്‍ ഇട്ടെറിഞ്ഞ് ഓടിപ്പോകാനുള്ള മുന്‍കരുതലായേക്കാം!. തലേദിവസം വീടിനു മുന്‍പില്‍ നിര്‍ത്തിയിട്ട കാറുകള്‍ ഷവലും മറ്റു യന്ത്രങ്ങളും ഉപയോഗിച്ച് ഐസ് പാളികള്‍ക്കിടയില്‍ നിന്നു പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് ചിലര്‍. ശീതകാലത്ത് ഉറക്കമുണര്‍ന്നാലുള്ള ആദ്യ ജോലി തന്റെ വീടും പരിസരവും ഐസ് പാളികളുടെ വരുതിയില്‍ നിന്നു വീണ്ടെടുക്കലാണത്രെ. വീടുകളുടെ മേല്‍ക്കൂരയില്‍ ഐസ് പാളികള്‍ കുമിഞ്ഞുകൂടി അപകടങ്ങള്‍ ഉണ്ടാവാറുള്ളതായി ഞങ്ങളുടെ ഗൈഡ് പറഞ്ഞതായി ഓര്‍ക്കുന്നു. റോഡിനു കുറുകെ വീണുകിടക്കുന്ന മഞ്ഞുപാളികളെ ഷവലുകള്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നതും കാണാമായിരുന്നു. എല്ലാ പ്രധിബന്ധങ്ങളും മറികടന്ന് പറഞ്ഞ സമയത്തുതന്നെ ഡ്രൈവര്‍ ഞങ്ങളെ ഗുദൗരിയിലെത്തിച്ചു.
പൂര്‍ണമായും മഞ്ഞുമൂടിയ മലംചെരിവുകള്‍. തണുപ്പ് 9 ഡിഗ്രി. മലംചെരിവുകളില്‍ കൂടിയുള്ള കൊച്ചു കുട്ടികളടക്കമുള്ളവരുടെ ആകര്‍ഷമായ സ്‌കീയിങ് ഞങ്ങളുടെ ആവേശം വര്‍ധിപ്പിച്ചു. അടുത്ത ഷോപ്പില്‍ നിന്നു സ്‌കീയിങ് സാമഗ്രികള്‍ വാടകക്കെടുത്ത് റോപ്‌വേയില്‍ കയറി ഒരു മലംചെരിവിലേക്ക് ഞങ്ങളും യാത്ര തിരിച്ചു. തുടക്കക്കാര്‍ക്ക് ട്രെയിനിങ്ങിനുള്ള എല്ലാം ഇവിടെ സംവിധാനിച്ചിട്ടുണ്ട്. മണിക്കൂറുകളോളം ഞങ്ങള്‍ ഗുദൈരിയിലെ വിവിധതരത്തിലുള്ള വിനോദങ്ങള്‍ ആസ്വദിച്ചു.
ജോര്‍ജിയയും സോവിയറ്റ് റഷ്യയും തമ്മിലുള്ള സൗഹൃദം ആഘോഷിക്കാന്‍ നിര്‍മിച്ചതാണ് ഗുദൗരി മിലിറ്ററി ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന റഷ്യ- ജോര്‍ജിയ ഫ്രണ്ട്ഷിപ്പ് സ്മാരകം.
കസബേഗി കാഴ്ചയിലേക്ക്
വടക്കുകിഴക്കന്‍ ജോര്‍ജിയയിലെ മലനിരകളുടെ താഴ്‌വാരത്തിലെ ഒരു കൊച്ചു പട്ടണമാണ് കാസ്‌ബേഗി. തൂവെള്ള പട്ടുപുതച്ചപോലെ മഞ്ഞുമൂടി നില്‍ക്കുന്ന മലനിരകളുടെ കാഴ്ച കിലോമീറ്ററുകള്‍ അകലെ നിന്നുതന്നെ കാണാം. പ്രകൃതിരമണീയമായ ഇമ്പമാര്‍ന്ന കാഴ്ചകളാണ് റോഡിനിരുവശങ്ങളിലും. വിവിധ വര്‍ണങ്ങളിലുള്ള പുഷ്പങ്ങളും ജലാശയങ്ങളും മലകളും താഴ്‌വാരങ്ങളും കസബേഗി യാത്ര അവിസ്മരണീയമാക്കുന്നു. മഞ്ഞുവീഴ്ച ആരംഭിക്കുന്നതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങും. സഞ്ചാരികള്‍ക്ക് മഞ്ഞുമലകളില്‍ ട്രക്കിങ്ങിനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടാവും. മലകളിലെ മഞ്ഞുരുകി ഒലിച്ചു തുടങ്ങുമ്പോള്‍ സഞ്ചാരികളുടെ തിരിച്ചൊഴുക്കും തുടങ്ങും. പിന്നെ ഇവിടം ഏറെക്കുറെ ശൂന്യമാവും. ജോര്‍ജിയയിലെ പ്രധാന പള്ളിയാണ് ഹോളി ട്രിനിറ്റി കത്തിഡ്രല്‍. ചെറിയ കല്ലുകള്‍ പാകിയ വഴികളിലൂടെ നടന്ന് വേണം പള്ളിയിലെത്താന്‍. കയറ്റം പ്രയാസമുള്ളവര്‍ക്ക് ഫോര്‍ വീല്‍ കാറുകളും ഇവിടെ സംവിധാനിച്ചിട്ടുണ്ട്. മലമുകളിലുള്ള ഈ പള്ളി പരിസരത്ത് നിന്നുള്ള കാഴ്ച അതി മനോഹരമാണ്. കസബേഗിയില്‍ 7120 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വിശുദ്ധ ട്രിനിറ്റി ചര്‍ച്ചിലേക്ക് ഫോര്‍ വീല്‍ വാഹനത്തിലുള്ള വളരെ ദുഷ്‌കരമായ പാതയിലൂടെയുള്ള യാത്ര മനസില്‍ മായാതെ കിടക്കുന്നു. 11 കിലോമീറ്റര്‍ വീണ്ടും യാത്ര ചെയ്ത് റഷ്യ- ജോര്‍ജിയ അതിര്‍ത്തിയിലെ ഡോര്‍ജിയല്‍ ഗോര്‍ഗെ സന്ദര്‍ശിച്ചാണ് ഞങ്ങള്‍ മടങ്ങിയത്.
ചില നഗരക്കാഴ്ചകള്‍
അടുത്ത ദിവസം ഞങ്ങളുടെ ഗൈഡ് അനിത സമയത്തിന് തന്നെ ഹോട്ടലിലെത്തി ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. ഞങ്ങളുടെ ഷെഡ്യൂള്‍ പ്രകാരം ഇന്ന് തിബിലിസി നഗര കാഴ്ചകളാണ്. തിബിലിസി പട്ടണത്തിനു കുറുകെ ഒഴുകുന്ന കുമാരി നദ്രയും അതിനിരുവശങ്ങളിലുമുള്ള പുരാതനവും അനിര്‍വചനീയവുമായ നിര്‍മിതികളും സഞ്ചാരികള്‍ക്ക് ഹൃദ്യമായ അനുഭവമാണ് പകരുന്നത്.
ജനസംഖ്യ നന്നേ കുറവായതുകൊണ്ടു തന്നെ തിബിലിസി നഗരം വളരെ ശാന്തമാണ്. വാഹനം പാര്‍ക്ക് ചെയ്തു ഞങ്ങള്‍ പീസ് ബ്രിഡ്ജും കടന്ന് വെടിപ്പുള്ള ചെറിയ നടപ്പാതയിലൂടെ പട്ടണക്കാഴ്ചകള്‍ കണ്ടാസ്വദിച്ചു നടന്നു. 500 മീറ്റര്‍ ദൂരമുള്ള കേബിള്‍ കാറില്‍ കയറി കുന്നിന്‍ മുകളിലെത്തി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നരികല കോട്ട കുന്നിന്‍പുറത്താണ് നിലകൊള്ളുന്നത്. ചുടുക്കട്ടകളിലും പാറകളിലും തീര്‍ത്ത കോട്ടക്കുള്ളില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സെന്റ് നിക്കോളസ് പള്ളിയും കാണാം. നരികല കോട്ടയോട് ചേര്‍ന്നുകൊണ്ട് മറ്റൊരു കുന്നില്‍ 'മദര്‍ ഓഫ് ജോര്‍ജിയ' യുടെ 20 മീറ്റര്‍ ഉയരത്തില്‍ ദേശീയ വസ്ത്രം ധരിച്ച അലൂമിനിയം പ്രതിമ ഒരു കൈയില്‍ വൈനും മറുകൈയില്‍ വാളും പിടിച്ചുനില്‍ക്കുന്നു. അതിഥികളെ സ്വീകരിക്കാനുള്ള വൈനും ശത്രുവിനെ പ്രതിരോധിക്കാനുള്ള വാളും എന്നാണ് സങ്കല്‍പ്പം. ഫുണികുലാറാണ് മറ്റൊരു കാഴ്ച. മറ്റൊരു വശത്ത് സഞ്ചാരികള്‍ക്ക് ഏറെ പ്രിയമുള്ള സള്‍ഫര്‍ ബാത്ത്. ഗൈഡിന്റെ മിടുക്ക് കാരണം ഞങ്ങള്‍ക്കവിടെ ഫ്രീയായി സന്ദര്‍ശിക്കാനായി. സള്‍ഫര്‍ വെള്ളത്തില്‍ ഒരു കുളി കുളിച്ചാല്‍ ചര്‍മസംബന്ധമായ എല്ലാ അസുഖങ്ങളും പമ്പ കടക്കുമത്രെ!. ഞങ്ങള്‍ നടത്തം തുടര്‍ന്ന് യൂറോപ്പ് സ്‌ക്വയറിലെത്തി. സഞ്ചാരികള്‍ക്ക് ആവേശം പകരാനായി വഴിയോരങ്ങളില്‍ ഗായക സംഘങ്ങളുണ്ട്. ചുവപ്പും കറുപ്പും പരമ്പരാഗത ജോര്‍ജിയന്‍ വസ്ത്രങ്ങള്‍ ധരിച്ച ഗായകര്‍ ഓരോ സന്ദര്‍ശകസംഘവും വരുമ്പോഴും ഗാനം ആലപിച്ചുകൊണ്ടിരിക്കുന്നു. വലിയ തൂണുകളോടെയുള്ള ജോര്‍ജിയന്‍ പാര്‍ലമെന്റും നഗരമധ്യത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്നു. തിബിലിസിയില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ള മ്യൂസിയങ്ങളും, ആര്‍ട്ട് ഗ്യാലറികളും ആ രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകങ്ങളാണ്. ടൂറിസം പ്രൊമോഷന്റെ ഭാഗമായി പട്ടണത്തിലെ പുരാതനമായ സ്വകാര്യ ബില്‍ഡിങ്ങുകളുടെയും, വീടുകളുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി ചെയ്തുകൊടുക്കാറുണ്ടത്രെ. യാത്രയിലുടനീളം അനിത ജോര്‍ജിയയുടെ ചരിത്രം വിവരിച്ചുകൊണ്ടിരുന്നു.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിതതെന്ന് കരുതുന്ന ചരിത്രമുറങ്ങുന്ന മെറ്റീക്കി ചര്‍ച്ചും പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ച തിബിലിസിയിലെ ഒരേയൊരു മുസ്‌ലിം പള്ളിയും സന്ദര്‍ശിച്ച് രാത്രി പത്തുമണിയോടെ ഹോട്ടലിലേക്ക് തിരിച്ചു.
സിഗ്‌നാഗി: സിറ്റി ഓഫ് ലവ്
സിഗ്‌നാഗി ഞങ്ങളുടെ പാക്കേജില്‍ ഉണ്ടായിരുന്നില്ല. സുഹൃത്ത് സഫീര്‍ മഞ്ചേരിയായിരുന്നു ഞങ്ങളുടെ ഇന്നത്തെ ഗൈഡ്. ഓണ്‍ലൈനില്‍ ഒരു വണ്ടിയും ഡ്രൈവറെയും തപ്പിയെടുത്തു രാവിലെ തന്നെ യാത്രതിരിച്ചു. കാകേത്തി റീജിയനിലെ സിഗ്‌നാഗി ജോര്‍ജിയയിലെതന്നെ ചെറിയ പട്ടണങ്ങളിലൊന്നാണ്. ജനസംഖ്യ ഏകദേശം 3000 മാത്രം. പരസ്പരം കാണാന്‍ പറ്റാത്ത വിധം സിഗ്‌നാഗി പട്ടണം മഞ്ഞുപുതച്ചിരുന്നു. പച്ച വിരിച്ചുനില്‍ക്കുന്ന മരങ്ങളും മനോഹരമായ പ്രകൃതിദൃശ്യങ്ങളും ഇവിടെ കാണാം. ശാന്തവും മനോഹരവുമായ തെരുവുകള്‍. ചരിത്രവും സാംസ്‌കാരികവുമായ നിരവധി സ്മാരകങ്ങള്‍ ഇവിടെയുണ്ട്. രണ്ടാം ലോകമഹായുദ്ധത്തില്‍ സിഗ്‌നാഗിയിലെ ജനസംഖ്യയില്‍ വലിയൊരളവ് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ സ്മരണക്കായി പട്ടണത്തിന്റെ പ്രധാന ഭിത്തികളില്‍ ഇവരുടെ പേരുകള്‍ ആലേഖനം ചെയ്തുവച്ചിരിക്കുന്നതായി കാണാം. സ്‌നേഹത്തിന്റെ പട്ടണം എന്നറിയപ്പെടുന്ന ഇവിടെവന്നു ജോര്‍ജിയക്കാര്‍ വിവാഹിതരാകാനും മധുവിധു ആഘോഷിക്കുവാനും ഏറെ ഇഷ്ട്ടപ്പെടുന്നു. ആഴ്ചയില്‍ ഏഴുദിവസവും 24 മണിക്കൂറും തുറക്കുന്ന വെഡിങ് സെന്ററുകളുണ്ട്.
പുരാതന വീടുകളുടെ മാതൃകകളും ചെറിയ ഉരുളന്‍ കല്ലുകള്‍ പാകിയ മനോഹരമായ വീഥികളും ചര്‍ച്ചുകളുമടങ്ങുന്ന നിരവധി കാഴ്ചകള്‍ സഞ്ചാരികളെ ആകൃഷ്ടരാക്കുന്നു. സ്വസ്ഥമായ അവധിക്കാലം ആസ്വദിക്കേണ്ടവര്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലംതന്നെ.
മറ്റൊരു കാഴ്ചയാണ് ഉരുളന്‍ കല്ലുകളാല്‍ നിര്‍മിച്ച സിഗ്‌നാഗി കോട്ട. പതിനേഴാം നൂറ്റാണ്ടില്‍ എറീക്ലെ രണ്ടാമന്‍ രാജാവാണ് സിഗ്‌നാഗി പട്ടണത്തിനുചുറ്റും ഏകദേശം 5 കിലോമീറ്റര്‍ നീളവും 23 വാച്ചിങ് ടവറുകളും ആറു വാതിലുകളുമുള്ള സംരക്ഷണ മതില്‍ നിര്‍മിച്ചത്. ഈ ഗോപുരത്തില്‍ നിന്നാല്‍ താഴ്‌വാരത്തുള്ള ഗ്രാമങ്ങളും കോക്കേഷ്യന്‍ പര്‍വ്വതനിരകളുടെ ഒരു ഭാഗവും കാണാം.
ഭക്ഷണപരീക്ഷണങ്ങള്‍
ജോര്‍ജിയക്കാരുടെ ഭക്ഷണം തികച്ചും വ്യത്യസ്തമാണ്. കിന്‍കാലി, കച്ചപുരി, റൊട്ടി, പൊരിച്ച ട്രൗട്ട് ഫിഷ്, സലാഡുകള്‍. എല്ലാം ചീസ് മയം. ഇന്ത്യന്‍ ഭക്ഷണം ലഭിക്കുന്ന നിരവധി റെസ്റ്ററന്റുകള്‍ തിബിലിസിയിലുണ്ടെങ്കിലും ഓരോ ദിവസവും ഞങ്ങള്‍ ജോര്‍ജിയന്‍ ഭക്ഷണങ്ങള്‍ പരീക്ഷിച്ചുകൊണ്ടിരിന്നു. ജോര്‍ജിയയിലെ ഏത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയാലും ബര്‍ജോമി എന്ന ഒരു കുപ്പിവെള്ളം തീന്‍ മേശയില്‍ എത്തിയിരിക്കും. പ്രകൃതിദത്തമായ കാര്‍ബണേറ്റഡ് മിനറല്‍ വാട്ടറാണത്. ദഹനത്തിനും പ്രമേഹത്തിനുമുള്ള ഔഷധമായിപ്പോലും ഈ ജലം ഉപയോഗിക്കുന്നു. ഇന്ന് അന്‍പതിലധികം രാജ്യങ്ങളിലേക്ക് ഈ ജലം കയറ്റിയയക്കുന്നുണ്ട്. ജോര്‍ജിയക്കാരുടെ പ്രത്യേകതരം മധുര പലഹാരമാണ് 'ചുര്ച്ച്‌ഖേല'. ഒറ്റ നോട്ടത്തില്‍ മെഴുകുതിരിയുടെ മാതൃകയിലുള്ള വളരെ രുചികരമായ പലഹാരമാണത്. പീനട്ട്, വാള്‍നട്ട്, ബദാം എന്നിവ നൂലില്‍ കോര്‍ത്തെടുത്ത് അത് കുറുക്കിയ മുന്തിരിച്ചാറില്‍ മുക്കി വെയിലത്തുവച്ച് ഉണക്കിയെടുക്കലാണ് ഇതിന്റെ പാചകരീതി.
വര്‍ഷങ്ങളായി സോവിയറ്റ് യൂനിയന്റെ ഭാഗമായതുകൊണ്ടാവാം ജോര്‍ജിയന്‍ ഭാഷയ്ക്ക് പുറമെ ഇവര്‍ക്ക് റഷ്യന്‍ ഭാഷ നന്നായി വശമുണ്ട്. ഇംഗ്ലീഷ് ഭാഷ അറിയുന്നവര്‍ വളരെ അപൂര്‍വം. അതിനാല്‍ ഇവിടുത്തെ യാത്രയ്ക്ക് ഇംഗ്ലീഷ് അറിയാവുന്ന ഒരു ഗൈഡിന്റെ സേവനം അത്യാവശ്യമാണ്. ജി.സി.സി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും താമസ വിസയുള്ളവര്‍ക്കും ജോര്‍ജിയക്ക് പോകാന്‍ വിസയുടെ ആവശ്യമില്ല. ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സുണ്ടെങ്കില്‍ കാര്‍ വാടകക്കെടുത്ത് ജോര്‍ജിയയില്‍ വേണ്ടുവോളം കറങ്ങാം. 'ലാറി' എന്നറിയപ്പെടുന്ന ജോര്‍ജിയന്‍ കറന്‍സി താരതമ്യേന മൂല്യമുള്ളതാണ്. കുറഞ്ഞ ചെലവില്‍ ഒരു വിദേശ വിനോദസഞ്ചാരം ആഗ്രഹിക്കുന്നവര്‍ക്ക് ഒരു നല്ല അനുഭവമായിരിക്കും ജോര്‍ജിയ എന്നതില്‍ സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."