HOME
DETAILS
MAL
ഗുരുവും ഹല്‍വപ്പാത്രവും
backup
January 31 2021 | 04:01 AM
എന്റെ നാട്ടില്‍ സര്‍വ്വരാലും ആദരിക്കപ്പെടുന്ന ഒരു ഗുരു ഉണ്ടായിരുന്നു. പക്ഷേ, എപ്പോഴും കടത്തിലായിരുന്നു അദ്ദേഹം. തനിക്കു കിട്ടുന്നതെല്ലാം അഗതികള്‍ക്കും ദരിദ്രര്‍ക്കുമായി ദാനം ചെയ്തു പോന്നു. ഒരു ധനാഢ്യ നല്‍കിയ സംഭാവന കൊണ്ട് അദ്ദേഹം ഒന്നും മിച്ചം വയ്ക്കാതെ ഒരു സൂഫി മഠം സ്ഥാപിച്ചു. തന്റ കടങ്ങളെല്ലാം ദൈവം വീട്ടുമെന്നതിനാല്‍ അദ്ദേഹത്തിന് ബേജാറൊന്നും ഉണ്ടായിരുന്നില്ല. ഗുരുവിന്റെ ജീവിതം അന്ത്യത്തോട് അടുക്കുകയായിരുന്നു. അദ്ദേഹം പണം കൊടുക്കാനുള്ളവരെല്ലാം വിഷാദ മൂകരായി അദ്ദേഹത്തിന്റെ അടുത്ത് കൂടി. തങ്ങള്‍ക്ക് കിട്ടാനുളത് കിട്ടും എന്ന നേരിയ പ്രതീക്ഷ പോലും അവര്‍ക്കുണ്ടായിരുന്നില്ല.
'വിശ്വാസമില്ലാത്ത പാവങ്ങള്‍'..., രോഗ ശയ്യയില്‍ കിടന്ന് അവരെ നോക്കി ഗുരു വിചാരിച്ചു: 'എന്റെ ഇത്തിരി മാത്രമുള്ള കടം ദൈവം വീട്ടുമെന്ന് എന്തുകൊണ്ട് ഇവര്‍ക്ക് വിശ്വാസമാകുന്നില്ല?' തത്സമയം പുറത്ത് ഹല്‍വ വില്‍ക്കുന്ന ഒരു കുട്ടിയുടെ ശബ്ദം ഗുരു കേട്ടു. അദ്ദേഹം തന്റെ സേവകനോട് ആ ഹല്‍വ മുഴുവന്‍ വാങ്ങാന്‍ ആവശ്യപ്പെട്ടു. അത് കടക്കാര്‍ക്ക് വിതരണം ചെയ്താല്‍ ദേഷ്യപ്പെട്ടു നില്‍ക്കുന്ന അവരുടെ മുഖം കണ്ടു കൊണ്ടിരിക്കേണ്ടതില്ലല്ലോ എന്ന് വിചാരിച്ചായിരുന്നു അത്. സേവകന്‍ കുട്ടിയുമായി വിലപേശി അര ദീനാര്‍ വിലയുറപ്പിച്ച് പാത്രത്തിലുള്ള മുഴുവന്‍ ഹല്‍വയും വാങ്ങി. അവിടെ കൂടിയിരുന്നവര്‍ക്കെല്ലാം ഗുരു അവ ഉത്സാഹത്തോടെ വിതരണം ചെയ്തു. പാത്രം കാലിയായി. കുട്ടി പണം ചോദിച്ചു. 'നിനക്കും എങ്ങനെ എന്നോട് പണം ചോദിക്കാന്‍ ധൈര്യം വന്നു? ഞാന്‍ മരിക്കാന്‍ കിടക്കുകയാണ്. വേഗം സ്ഥലം വിട്ടോളൂ'; ഗുരു പറഞ്ഞു. തനിക്ക് പറ്റിയ നഷ്ടത്തില്‍ ദു:ഖിതനായ കുട്ടി ഹല്‍വപ്പാത്രം നിലത്തെറിഞ്ഞ് ഉറക്കെ കരഞ്ഞു. ഈ നാശംപിടിച്ച സൂഫി മഠത്തിലായല്ലോ താന്‍ ഹല്‍വ വില്‍ക്കാന്‍ വന്നത് എന്ന് അവന്‍ വിലപിച്ചു.
അവന്റെ കരച്ചില്‍ കേട്ട് ചുറ്റുപാടു നിന്നും ആളുകള്‍ അവിടെ തടിച്ചുകൂടി. കാലിപ്പാത്രവും ഓട്ടക്കയ്യുമായി തിരിച്ചു ചെന്നാല്‍ തന്റെ യജമാനന്‍ എന്നെ തല്ലിക്കൊല്ലും': കുട്ടി തേങ്ങലിനിടയില്‍ വിളിച്ചു പറഞ്ഞു. 'നിങ്ങള്‍ക്കിതെങ്ങനെ ചെയ്യാന്‍ കഴിഞ്ഞു': ഗുരുവിനു ചുറ്റുമുണ്ടായിരുന്ന പണം കിട്ടാനുണ്ടായിരുന്ന ആളുകള്‍ ചോദിച്ചു. 'നിങ്ങള്‍ ഞങ്ങളുടെ പണം കൊള്ളയടിച്ചു. ഇപ്പോള്‍ ഇതാ ഈ കൂട്ടിയുടേതും'. അതൊന്നും കേട്ട ഭാവം നടിക്കാതെ ഗുരു പുതപ്പ് കൊണ്ട് തല മൂടി ഒരു വശം ചെരിഞ്ഞു കിടന്നു. കുട്ടി എങ്ങും പോവാതെ കരഞ്ഞുകൊണ്ട് അവിടെ തന്നെ നിന്നു.
ശ്വാനന്മാരുടെ കുര കേട്ട് ചന്ദ്രന്‍ എന്തിനു പ്രകാശം പൊഴിക്കുന്നത് നിര്‍ത്തണം? ചന്ദ്രന്‍ അവറ്റയുടെ കുര കേള്‍ക്കുന്നു പോലുമുണ്ടാകുമോ? മൃഗങ്ങള്‍ അവയുടെ ജോലി ചെയ്യുന്നു. ചന്ദ്രന്‍ അതിന്റെ ജോലിയും. ഭൂമിയിലെ സകല ചരാചരങ്ങളും സ്വന്തം പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുകയാണ്. ഒഴുകുന്ന പുഴ അതില്‍ വന്ന് വീഴുന്ന പുല്‍ക്കൊടികളെ ശ്രദ്ധിക്കാറില്ല. നദീ തീരത്ത് വിനോദ രസികരുടെ നര്‍മം ആസ്വദിച്ചു, വീഞ്ഞു മൊത്തിക്കുടിച്ചിരിക്കുന്ന രാജാവ് തവളകളുടെ കരച്ചില്‍ വക വയ്ക്കാറില്ല.
വേണമെങ്കില്‍ ഗുരുവിന് പണം കടം കൊടുത്ത് മടക്കിക്കിട്ടാതെ വിഷണ്ണരായി അവിടെ ഇരിക്കുന്ന ആളുകള്‍ക്ക് ഒരു ചെറിയ തുക പിരിവെടുത്ത്, അരദീനാര്‍ കൊടുത്ത് ആ കുട്ടിയെ സാന്ത്വനിപ്പിച്ച് പറഞ്ഞയക്കാമായിരുന്നു. അതിനുള്ള ദയ അവര്‍ക്കുണ്ടായില്ല. കുട്ടിക്ക് ഒന്നും കിട്ടിയതുമില്ല. അതും അതിലേറെയുമാണ് സൂഫിയുടെ കഴിവും നിഗൂഢതയും. അടുത്ത പ്രാര്‍ഥനാ സമയമായപ്പോള്‍ ഗുരുവിന്റെ ധനികനായ ഒരു ഭക്തന്‍ ഭദ്രമായി അടച്ച ഒരു പാത്രം ഗുരുവിന് കൊടുത്തയച്ചു. വേലക്കാരന്‍ അത് ഗുരുവിന്റെ കാല്‍ക്കല്‍ വച്ചു. പാത്രത്തിന്റെ അടപ്പ് തുറന്നപ്പോള്‍ അവിടെ കൂടിയിരുന്നവരെല്ലാം അത്ഭുതപ്പെട്ടു. ഒരു നല്ല സദ്യയുടെ നറുമണം അവരുടെ നാസാരന്ധ്രങ്ങളെ കീഴടക്കി. എന്നാല്‍ അതായിരുന്നില്ല അത്ഭുതം. പാത്രത്തിന്റെ ഒരു മൂലയില്‍ നാനൂറ് ദീനാര്‍ ഉണ്ടായിരുന്നു. കൂടാതെ അര ദീനാര്‍ ഒരു പ്രത്യേക കിഴിയായി വേറെയും. എങ്ങനെ ഈ ഒരത്ഭുതം ഗുരുവിന് കാണിക്കാന്‍ കഴിഞ്ഞു എന്ന് അവര്‍ ആതിശയിച്ചു. ഗുരുവിനെ സംശയിച്ചതിന് അവര്‍ മാപ്പ് ചോദിച്ചു.
'നിങ്ങള്‍ സംശയിച്ചതിന് ഞാന്‍ മാപ്പ് നല്‍കുന്നു': ഗുരു പറഞ്ഞു. ഇനി നിങ്ങള്‍ സമാധാനമായി പോവുക. എനിക്കു ശരിയായ വഴി കാണിച്ചു തരാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചു. അവനതു കേട്ടു. ഈ അര ദീനാറിന് വലിയ വിലയില്ലെങ്കിലും കുട്ടിയുടെ കരച്ചിലാണ് ഇതിനെല്ലാം നിമിത്തമായത്. അവന്റെ കരച്ചില്‍ കരുണാനിധിയുടെ വാതില്‍ തുറപ്പിച്ചു. അവന്‍ ഹൃദയമുരുകി കരഞ്ഞിരുന്നില്ലെങ്കില്‍ ആ വാതില്‍ തുറക്കപ്പെടുമായിരുന്നില്ല. പ്രിയ സഹോദരന്മാരെ, കുട്ടി എന്നതുകൊണ്ട് ഞാനുദ്ധേശിക്കുന്നത് നിങ്ങളുടെ ഓരോരുത്തരുടെയും കണ്ണുകളിലെ കുട്ടിയാണ്. നിങ്ങള്‍ കണ്ണീര്‍ പൊഴിക്കുമ്പോള്‍ നിങ്ങളുടെ ആവശ്യങ്ങള്‍ നിവൃത്തിക്കപ്പെടും. നിങ്ങള്‍ക്കു വല്ല ആവശ്യവും നിവൃത്തിക്കാനുണ്ടെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ കണ്ണുകളിലെ കുട്ടിയെ കരയാന്‍ അനുവദിക്കുക'.
ദൈവജ്ഞരുടെ പെരുമാറ്റത്തെ നമ്മുടെ ചെറിയ മനസുകൊണ്ട് അളക്കാനാവില്ല. നാം ശരിക്കും നിസഹായരാവുകയും നാം ആത്മാര്‍ഥമായി അര്‍ഥിക്കുകയും ചെയ്യുമ്പോള്‍ മാത്രമെ ആകാശ കവാടങ്ങള്‍ നമുക്ക് വേണ്ടി തുറക്കപ്പെടുകയുള്ളൂ. ഇവിടെ കുട്ടിയുടെ കണ്ണീരാണ് ഔദാര്യത്തിന്റെ വാതിലുകളുടെ സാക്ഷ നീക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."