ഡിജിറ്റൽവൽക്കരണത്തിന് ഊന്നൽ
ന്യൂഡൽഹി
രാജ്യത്ത് ഡിജിറ്റൽവൽക്കരണത്തിന് ഊന്നൽ നൽകി കേന്ദ്ര ബജറ്റ്. ആരോഗ്യം, വിദ്യാഭ്യാസം അടക്കമുള്ള മേഖലകളിൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിലുണ്ട്. ആരോഗ്യമേഖലയിൽ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ദൗത്യം എന്ന പേരിൽ പുതിയ സംവിധാനം ആരംഭിക്കും. ആരോഗ്യ ദാതാക്കളുടെയും ആരോഗ്യ സൗകര്യങ്ങളുടെയും ഡിജിറ്റൽ രജിസ്ട്രികൾ ഇതിലുൾപ്പെടും. ദേശീയ ടെലി മാനസികാരോഗ്യ പദ്ധതിയാണ് മറ്റൊന്ന്.
കൊവിഡ് എല്ലാ മനുഷ്യരുടെയും മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ടെന്നും ഇത് പരിഹരിക്കുന്നത് ഗുണനിലവാരമുള്ള കൗൺസലിങ് വേണ്ടതുണ്ടെന്നുമാണ് പദ്ധതിയുടെ അടിസ്ഥാനം. 23 ടെലി മാനസികാരോഗ്യ കേന്ദ്രങ്ങളുടെ ശൃംഖല ഇതിന്റെ ഭാഗമാണ്. ബാംഗ്ലൂർ നിംഹാൻസാണ് നോഡൽ ഏജൻസി. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി-ബാംഗ്ലൂർ സാങ്കേതിക പിന്തുണ നൽകും. 5ജി അവതരിപ്പിക്കുന്നതിനും ബജറ്റ് നിർദേശം നൽകുന്നു. ഇതിനായി സ്‌പെക്ട്രം ലേലങ്ങൾ 2022ൽ നടത്തും. ഗ്രാമീണ, വിദൂര പ്രദേശങ്ങളിൽ താങ്ങാനാകുന്ന നിരക്കിൽ ബ്രോഡ്ബാൻഡ്, മൊബൈൽ സേവനങ്ങളുടെ വ്യാപനം സാധ്യമാക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."