HOME
DETAILS
MAL
കുന്നോളം കുളിരുള്ള പാലക്കയം തട്ടില്‍
backup
January 31 2021 | 04:01 AM
നഗരത്തിരക്കുകളില്‍നിന്ന് ഒഴിഞ്ഞുമാറി മിക്കവരും പോകാന്‍ ആഗ്രഹിക്കുന്നത് ശാന്തവും പ്രകൃതി സൗന്ദര്യവും നിറഞ്ഞ പ്രദേശങ്ങളിലേക്കായിരിക്കും. പ്രകൃതിയുടെ വശ്യത ആവോളം ആസ്വദിക്കാന്‍ കഴിയുന്ന നിരവധി ഇടങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാടായ മലയാളക്കരയിലുണ്ട്. അത്തരമൊരു സ്വര്‍ഗഭൂമിയാണ് കണ്ണൂര്‍ ജില്ലയിലെ പാലക്കയം തട്ട്.
സമുദ്രനിരപ്പില്‍നിന്ന് 3500ലധികം അടി ഉയരത്തില്‍ പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതിചെയ്യുന്ന കുന്നോളം കുളിരേകുന്ന നാട്. പണ്ട് മലമുകളില്‍ പാലമരം ഉണ്ടായിരുന്നു. അതിനാല്‍ പാലക്കായ് മരം തട്ട് എന്നാണ് വിളിച്ചിരുന്നത്. ഇതാണ് പിന്നീട് ലോപിച്ച് പാലക്കയം തട്ടായതത്രെ. കണ്ണൂരിന്റെ ഊട്ടിയെന്നാണ് ഈ നാടിന്റെ അപരനാമം.
നാല്-അഞ്ച് വര്‍ഷം മുന്‍പുവരെ കണ്ണൂര്‍ ജില്ലയിലുള്ളവര്‍ക്കിടയില്‍പോലും അധികമറിയപ്പെടാതിരുന്ന സ്ഥലമായിരുന്നു പാലക്കയം തട്ട്. എന്നാല്‍, മലയിലെ വിനോദസഞ്ചാര സാധ്യതകള്‍ കണ്ട് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചതോടെ സ്ഥിതിമാറി. മലമുകളിലെ കുളിര് തേടി ദൂരസ്ഥലങ്ങളില്‍ നിന്നുപോലും സഞ്ചാരികള്‍ വന്‍തോതില്‍ എത്തിത്തുടങ്ങി.
തുടര്‍ച്ചയായി സമൂഹ മാധ്യമങ്ങളില്‍ വരുന്ന സെല്‍ഫികള്‍, കുറിപ്പുകള്‍ എന്നിവയെല്ലാം പാലക്കയം തട്ടിനെ ഒരു ന്യൂജെന്‍ ടൂറിസ്റ്റ് സ്‌പോട്ടാക്കി മാറ്റുന്നതില്‍ വലിയ പങ്കുവഹിച്ചു.
വഴിയോരം തന്നെ
കാഴ്ചയൊരുക്കും
തളിപ്പറമ്പും ചപ്പാരപ്പടവും പിന്നിട്ട്, ജില്ലയുടെ കിഴക്കന്‍ മലഞ്ചെരിവിലൂടെയാണ് യാത്ര. കൈമോശം വന്ന ഗ്രാമീണ കാഴ്ചകള്‍ തിരിച്ചുകിട്ടിയ അനുഭവമായിരിക്കും അവിടേക്കുള്ള വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ലഭിക്കുക. മെയില്‍ റോഡില്‍ നിന്ന് 15 മിനിറ്റ് ഓഫ് റോഡ് യാത്രയാണ്. ഗൃഹാതുരത്വം ഉണര്‍ത്തുന്ന കാഴ്ചകള്‍ കണ്ട് മലമുകളിലെത്തുമ്പോള്‍ പ്രകൃതി ഒരുക്കിവച്ച മനോഹര ദൃശ്യങ്ങളാണ് കാത്തിരുന്നത്.
പാലക്കയം തട്ടിലേക്ക് സ്വാഗതം ചെയ്യുന്ന ചെക്‌പോസ്റ്റില്‍ ടിക്കറ്റ് കൗണ്ടറുണ്ട്. രാവിലെ ആറ് മുതല്‍ രാത്രി ഒന്‍പത് വരെയാണ് പ്രവേശന സമയം. ടിക്കറ്റ് കൗണ്ടറിനടുത്ത് പോയി. ഒരാള്‍ക്ക് 30 രൂപയാണ് ഫീസ്.
ടൂറിസം വകുപ്പ് ഏറ്റെടുത്തതോടെ പാലക്കയം തട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. മറ്റൊരു സഞ്ചാര കേന്ദ്രമായ പൈതല്‍ മലയില്‍നിന്നും 15 കിലോമീറ്ററുണ്ട് ഇവിടേക്ക്. പാലക്കയത്തിന്റെ നെറുകയില്‍ നിന്നാല്‍ പൈതല്‍ മല കാണാം. ഇവിടെ ചതുരാകൃതിയില്‍ സിമന്റില്‍ തീര്‍ത്ത രണ്ടു ഫ്രെയിമുകളുണ്ട്. അതിന് മുകളില്‍ നിന്നുള്ള കാഴ്ച നമ്മെ മറ്റൊരു ലോകത്തെത്തിക്കും.
ഒരു വശത്ത് പൈതല്‍ മല, മറുഭാഗത്ത് വളപട്ടണം പുഴ, അതിനരികില്‍ കുടകിന്റെ വനസമൃദ്ധി, ആകാശച്ചെരിവുവരെ പരന്നുകിടക്കുന്ന താഴ്‌വാരക്കാഴ്ചകള്‍...
നനുത്ത കാറ്റും നൂല്‍മഴയും
ഉദയ- അസ്തമയക്കാഴ്ചയാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. സൂര്യോദയത്തിന്റെയും അസ്തമയത്തിന്റെയും കാഴ്ചകള്‍ ആരെയും അതിശയിപ്പിക്കും. സദാസമയവും വീശിയടിക്കുന്ന നനുത്ത കാറ്റും മൂടല്‍മഞ്ഞും നൂല്‍പോലെ പെയ്യുന്ന മഴയുമെല്ലാം ഒരുമിക്കുന്ന മായാലോകം. അതിനിടയില്‍ സൂര്യന്‍ ഉദിച്ചുയരുന്നത് കാണാന്‍ പ്രത്യേക ചേല് തന്നെ. സൂര്യോദയം അതിന്റെ പരമോന്നത ഭംഗിയില്‍ തന്നെ ആസ്വദിക്കണമെങ്കില്‍ മല കയറി ഇങ്ങോട്ട് പോന്നോളൂ.
വൈകുന്നേരമാകുന്നതോടെ പ്രകൃതി അണിഞ്ഞൊരുങ്ങി സുവര്‍ണ ശോഭയില്‍ കൂടുതല്‍ സുന്ദരിയായി മാറും. സൂര്യന്‍ കൈക്കുമ്പിളില്‍ വന്നസ്തമിക്കുന്ന പ്രതീതി. ഇരുട്ടു പരക്കുമ്പോള്‍ അടുത്തുള്ള ചെറുപട്ടണങ്ങളിലെ വൈദ്യുത വെളിച്ചവും വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെ പോകുന്ന വാഹനങ്ങളില്‍ നിന്നുള്ള വെളിച്ചവും താഴ്‌വരയെ ദീപക്കടലാക്കി മാറ്റും.
അയ്യന്‍മട ഗുഹയും
ജാനകിപ്പാറ വെള്ളച്ചാട്ടവും
മധ്യകേരളത്തില്‍നിന്ന് കുടിയേറിയ കര്‍ഷകര്‍ നട്ടുവളര്‍ത്തുന്ന റബര്‍, കൊക്കോ മരങ്ങളുടെ നിരയാണ് പാലക്കയം തട്ടിന്റെ അടിവാരം. പരിസരത്തെ താമസക്കാരേറെയും കോട്ടയം ജില്ലക്കാരായതിനാല്‍ കോട്ടയം തട്ട് എന്നാണ് താഴ്‌വാരത്തിന്റെ വിളിപ്പേര്. അപൂര്‍വയിനം ഔഷധസസ്യങ്ങളും പക്ഷികളും ജീവജാലങ്ങളും ഈ പ്രദേശത്തുണ്ട്. തട്ടിലേക്ക് കയറുന്ന വഴിയരികിലാണ് ഏവരെയും ആകര്‍ഷിക്കുന്ന ജാനകിപ്പാറ വെള്ളച്ചാട്ടം.
ചരിത്ര പ്രസിദ്ധമായ അയ്യന്‍മട ഗുഹയില്‍നിന്ന് ഒന്നര കിലോമീറ്റര്‍ മാറിയാണ് ഈ വെള്ളച്ചാട്ടം. വളരെ ഉയരത്തില്‍നിന്ന് താഴേക്ക് പതിക്കുന്ന കാഴ്ച മനസിനെയും ഫ്രെയിമുകളെയും ഒരുപോലെ നിറക്കുന്നതാണ്. ജില്ലയിലെ മറ്റു വെള്ളച്ചാട്ടങ്ങളില്‍നിന്നു വ്യത്യസ്തമായി ഇതിന്റെ മുകളില്‍ പോകാന്‍ സാധിക്കും. അടുത്തുനിന്നുള്ള കാഴ്ച കഴിഞ്ഞാല്‍, തിരിച്ചുവരുമ്പോള്‍ മണ്ഡലം പുലിക്കുരുമ്പ റോഡില്‍ നിന്നുള്ള വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യവും കണ്ടിരിക്കേണ്ടതുതന്നെ.
200 മീറ്റര്‍ നീളമേറിയതും സ്വാഭാവികമായി പരിണമിച്ചതുമായ ഗുഹയാണ് അയ്യന്‍മട. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ബുദ്ധസന്യാസി ഇവിടെ ധ്യാനമിരുന്നതായി വിശ്വാസമുണ്ട്. അപൂര്‍വ ജൈവ വൈവിധ്യത്തിന്റെ സംഭരണശാല കൂടിയാണ് ഈ അത്ഭുത ഗുഹ.
കാട്ടിലെ കരിംപാലര്‍
പാലക്കയം തട്ടിന്റെ താഴ്‌വാരത്ത് കരിംപാലര്‍ എന്ന വിഭാഗത്തില്‍പ്പെട്ട ആദിവാസി സമൂഹം വസിക്കുന്നുണ്ട്. പുറത്തുനിന്നുള്ള മനുഷ്യന്റെ പാദസ്പര്‍ശമോ നിഴലോ പതിയാത്ത അതിനിഗൂഢവും പരിപാവനവുമായ കാടാണ് ഇവിടം. പണ്ട് പുറംലോകവുമായി ബന്ധമില്ലാത്ത ഇവര്‍ മറ്റ് ആദിവാസി കേന്ദ്രങ്ങളിലേക്ക് പോയിരുന്നത് പാലക്കയം തട്ടിന് മുകളില്‍ കൂടിയായിരുന്നു. അങ്ങനെയൊരു നിഗൂഢമായ പാരമ്പര്യത്തില്‍ നിന്നാണ് ഇന്ന് കാണുന്ന വിനോദസഞ്ചാരത്തിന്റെ പൊലിമയിലേക്ക് പാലക്കയം തട്ട് രൂപാന്തരപ്പെട്ടത്.
എത്തിച്ചേരാന്‍
കണ്ണൂരില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ നടുവില്‍ പഞ്ചായത്തില്‍ പശ്ചിമഘട്ട മലയോരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പാലക്കയം തട്ട്. തളിപ്പറമ്പ്- നടുവില്‍- കുടിയാന്‍മല ബസില്‍ കയറി മണ്ടളത്തോ പുലിക്കുരുമ്പയിലോ ഇറങ്ങിയാല്‍ അവിടെനിന്ന് മലയിലേക്ക് ജീപ്പ് ലഭിക്കും. ഒരുവിധം എല്ലാ ഇടത്തരം ചെറുവാഹനങ്ങളും പാലക്കയം വരെ എത്തും.
തളിപ്പറമ്പ്- കരുവഞ്ചാല്‍- വെള്ളാട് വഴി വന്നാല്‍ തുരുമ്പിയില്‍ നിന്നു പാലക്കയം തട്ടിലേക്ക് ടാക്‌സി ജീപ്പ് സര്‍വിസുണ്ട്. മലയോര ഹൈവേ വഴിയും ഇവിടേക്ക് എത്തിച്ചേരാം.
മലമുകളില്‍ ചായയും വെള്ളവും ലഭിക്കുന്ന ഒരു ചെറിയ കട മാത്രമാണുള്ളത്. മലമുകളില്‍ നല്ലൊരു ഭക്ഷണശാലയില്ലാത്തത് കുറവായി തോന്നി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."