മൂന്ന് കഥകള്‍; ഏകാന്തതയെക്കുറിച്ച്
1. രണ്ടു മുഖങ്ങള്‍
കാലത്ത് എഴുന്നേറ്റു പത്രം നോക്കിയപ്പോള്‍ ആദ്യം കാണുന്നത് മാസങ്ങളോളം ജോലി ചെയ്തിട്ടും ശമ്പളം കിട്ടാത്ത വിഷമത്തില്‍ ആത്മഹത്യ ചെയ്ത ഒരാളെക്കുറിച്ചായിരുന്നു. ലോകത്ത് എന്തെല്ലാം ജോലികള്‍... പിന്നെന്തിന് സ്വയംഹത്യ ചെയ്യണം. അങ്ങനെ കരുതി ഞാന്‍ അടുത്ത പുറങ്ങളിലൂടെ ഓടിച്ചു പോയി. വീശി അടിച്ച കാറ്റില്‍ പത്രം കുറച്ചു നേരം എന്റെ മുഖത്ത് വന്ന് ഒട്ടിക്കിടന്നു. മറ്റൊന്നും ചിന്തിച്ചു മെനക്കെടാതെ ജോലിക്കിറങ്ങാനായി വസ്ത്രം മാറി. പോകുന്ന വഴിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് ഒരാള്‍ പുറത്തേക്ക് ഇറങ്ങി വന്നു. ദേഹം മുഴുവന്‍ പൊടിയും സിമെന്റും കലര്‍ന്ന ആളെ തിരിച്ചറിഞ്ഞപ്പോള്‍ ഒന്ന് അന്ധാളിച്ചു. ചന്ദ്രേട്ടന്‍. ഗള്‍ഫില്‍ വലിയ ജോലിചെയ്ത് നാട്ടില്‍ നല്ല നിലയില്‍ കഴിഞ്ഞിരുന്ന ആള്‍. ഗള്‍ഫ് നാടുകളെ കുലുക്കിയ സാമ്പത്തിക പ്രതിസന്ധിയില്‍ കടപുഴകിയ ഒരു വൃക്ഷം. ദയനീയ മുഖവുമായി കുറെ നാള്‍ പലയിടത്തും കണ്ടു. പിന്നെ കാണാന്‍ കിട്ടാതായി. ഇപ്പോള്‍ ഇതാ മുന്നില്‍ ഇങ്ങനെ... പക്ഷേ അപ്പോഴത്തെ ചിരിയില്‍ ചന്ദ്രേട്ടനില്‍ ദയനീയത ഉണ്ടായിരുന്നില്ല.
പിന്നെയും ദിനങ്ങള്‍ കഴിഞ്ഞു. പത്രത്തില്‍ അപരിചിതര്‍ ജോലി നഷ്ടപ്പെട്ടും കടം കയറിയും ആത്മഹത്യ ചെയ്യുന്നത് വാര്‍ത്തകള്‍ അല്ലാതെയായി. ഇടയ്ക്കിടെ ചന്ദ്രേട്ടന്‍മാര്‍ മുന്നില്‍ വന്നു ദയനീയമായി ചിരിച്ചു, അല്ലാതെയും ചിരിച്ചു. ഞാന്‍ പതിവിന്‍പടി മറ്റൊന്നിനും മനസ് കൊടുക്കാതെ ജോലിക്ക് പോയിക്കൊണ്ടിരുന്നു. കളിയില്‍ എന്നും ഒരേ കളിക്കാര്‍ ആവില്ലല്ലോ. ഒരു നാള്‍ ഞാനും തെരഞ്ഞെടുക്കപ്പെട്ടവനായി. വെയിലേറ്റു പൊള്ളുന്ന, വിശാലമായ മൈതാനത്തേക്ക്, അറിയാത്ത കളിയിലേക്ക് ഉന്തിത്തള്ളപ്പെട്ടു. ഒട്ടും പരിചിതമല്ലാത്ത അവിടെ പകച്ചുനിന്നു. തന്റേതല്ലാത്ത തെറ്റുകൊണ്ട് ജോലി നഷ്ടപ്പെടുമ്പോള്‍, ജോലി ചെയ്തിട്ടും ഏറെ നാളായി ശമ്പളം കിട്ടാതാവുമ്പോള്‍, വീട്ടുകാര്‍ക്കും സമൂഹത്തിനും മുന്നില്‍ തലകുനിക്കേണ്ടിവരുമ്പോള്‍, എന്തുകൊണ്ടാരാള്‍ പ്രിയകരമല്ലാതിരുന്നിട്ടും മറ്റു വഴികള്‍ തെരഞ്ഞെടുക്കുന്നു എന്ന സത്യം സാവകാശം എന്നിലേക്ക് അടിവച്ചടിവച്ചു വരികയായിരുന്നു. ആ സമയം രണ്ടു മുഖങ്ങള്‍ എനിക്ക് മുന്നില്‍ തെളിഞ്ഞു. അതില്‍ ഏതിലാണ് എന്നെ കണ്ടെത്തേണ്ടത് എന്ന് ഞാന്‍ ആലോചിച്ചു.
2. മരിച്ചവന്റെ ആകുലത
ജീവിതത്തില്‍ തന്നെയുള്ള മറ്റൊരു ലോകമാണ് മോര്‍ച്ചറി.
ആരും കാണാന്‍ ഇഷ്ടപ്പെടാത്ത, അനുഭവിക്കാന്‍ ആഗ്രഹിക്കാത്ത ഇരുണ്ട ഒരിടം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദുര്‍ബലമനസ്‌കര്‍ക്കും അതിന്റെ അനുഭവം ഉണ്ടാകുന്നത് തീക്കാറ്റ് സമീപത്തുക്കൂടെ നക്കി തുടച്ചു കടന്നുപോകുന്നതുപോലെയായിരിക്കും.
മെഡിക്കല്‍ കോളജില്‍ മോര്‍ച്ചറി ഡ്യൂട്ടിയിലേക്ക് സ്ഥലംമാറ്റം കൈവന്ന പരിചയക്കാരി സ്ത്രീയോട് മുന്‍പരിചയമുള്ള മറ്റൊരു കൂട്ടുകാരി സ്ത്രീ പറഞ്ഞത്രേ, വിടണ്ട, പിടിച്ചോ... നല്ല കാശു കിട്ടും എന്ന്. ആലോചിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല, ഉടനെ അവര്‍ പറഞ്ഞു, സ്വര്‍ഗം തരാമെന്നു പറഞ്ഞാലും മോര്‍ച്ചറിയിലേക്ക് ഞാനില്ല. കാശും പണവുമല്ല, ജീവിതത്തില്‍ വലുത് ഉറക്കവും സമാധാനവുമാണ്... അതെ, മോര്‍ച്ചറി അനുഭവമുണ്ടാകുന്ന ഒരാള്‍ക്ക് കുറെ നാളത്തേക്ക് ഊണും ഉറക്കവും പഴയതുപോലെ കിട്ടിക്കൊള്ളണം എന്നില്ല.
എന്റെ പല സുഹൃത്തുക്കള്‍ക്കും മോര്‍ച്ചറി എന്നത് മരണത്തേക്കാള്‍ ഭീതി പരത്തുന്നതാണ്. തീര്‍ത്തും ഒഴിവാക്കാന്‍ പറ്റാത്ത ചില സാഹചര്യങ്ങളില്‍ മോര്‍ച്ചറിക്കു മുന്നില്‍ പോയി തലവച്ചു കിടക്കേണ്ടിവന്നിട്ടുണ്ട്. മരണപ്പെട്ടവന്‍ എത്രമാത്രം ഉറ്റവനും വേണ്ടപ്പെട്ടവനും ആണെങ്കില്‍ കൂടിയും അവിടെ, ആ വരാന്തയില്‍, പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ അടുത്ത ഊഴം കാത്ത് വെള്ള പുതച്ചു കിടക്കുന്ന ആ ബോഡിയും അയാളും നില്‍ക്കുന്നത് തികച്ചും വ്യത്യസ്തമായ രണ്ടു ലോകങ്ങളില്‍ ആണെന്നുള്ള ഒരു തിരിച്ചറിവ് ആ ഒരൊറ്റ തലത്തില്‍ നിന്ന് തന്നെ അനുഭവിക്കാന്‍ കഴിയും. മരണപ്പെട്ടവന്‍ ഒഴികെ ബാക്കി ചലിച്ചുകൊണ്ടിരിക്കുന്ന മറ്റുള്ള മനുഷ്യര്‍ താന്താങ്ങളുടെ ലോകത്തില്‍ വിഹരിക്കുമ്പോള്‍ ജീവനില്ലാത്ത അത് മാത്രം ഒറ്റപ്പെട്ട്, ഏകനായി, അതുവരെയുള്ള ജീവിതത്തില്‍ ആരൊക്കെ ഉണ്ടായിരുന്നാലും, അപ്പോള്‍ ആരോരുമില്ലാതെ കിടക്കുന്നു. വല്ലാത്ത ഒരു അവസ്ഥയാണത്. അതടുത്തറിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരു കാര്യം ബോധ്യവുമാകും. മരണശേഷമുള്ള ആ മരണ തീവ്രത ഉള്‍ക്കൊള്ളാനും പൊരുത്തപ്പെടാനും മോര്‍ച്ചറിയേക്കാള്‍ പറ്റിയ മറ്റൊരു സ്ഥലം ഇല്ല തന്നെ...
ഏകാന്തമായി കിടക്കുന്ന ആ ബോഡി അപ്പോള്‍ എന്തെങ്കിലും ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ഇങ്ങനെയായിരിക്കും എന്ന് തോന്നുന്നു.., ക്രിയകളൊക്കെ വേഗം തീര്‍ത്ത് ഈ ശരീരത്തെ ഒന്ന് , മണിക്കൂറുകളോളം ശൈത്യ നിലവറയിലും മറ്റും വച്ച് പീഡിപ്പിക്കാതെ, സ്വതന്ത്രമാക്കിക്കൂടെ എന്നാണ്...
ജീവിച്ചിരിക്കുന്ന ആര്‍ക്കറിയാം മരിച്ചവന്റെ മനോരഥങ്ങള്‍...
3. ഏകാകി
മരണം ഒറ്റപ്പെടുത്തലാണ്.
ജീവിച്ചിരിക്കുന്ന മാതാപിതാക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും കൂട്ടുകാരില്‍ നിന്നുമൊക്കെയുള്ള ഒറ്റപ്പെടല്‍.
മരിച്ചവന്റെ അവസ്ഥ ഏകാന്തമായ ഒരു ദ്വീപില്‍ തനിയെ ഒഴുകി അലഞ്ഞു തിരിയുന്നത് പോലെയാണ്.
അത്രനേരം ഒപ്പം ഉണ്ടായിരുന്ന പ്രാണന്‍ എത്ര പെട്ടെന്നാണ് ചതിച്ചുകൊണ്ട് ശരീരം തനിച്ചാക്കി പോകുന്നത്.
ജീവനുമായി തുടിച്ചു ചലിച്ചിരുന്ന ഒരാള്‍ പെട്ടെന്ന് മരിക്കുന്നതോടെ ഒറ്റപ്പെടുന്നത് ജീവിച്ചിരിക്കുന്നവരില്‍ നിന്നാണ്.
ഒറ്റപ്പെടാന്‍ ശരീരത്തെ തനിയെ വിട്ട് കടന്നുപോകുന്ന ജീവന്റെ ജീവനായ പ്രാണനെ നീ എവിടെയാണ് ചെന്നൊളിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."