എല്ലാം പറയുന്നു; നിരാശപ്പെടരുത്
പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ പരാജയപ്പെട്ടതായാണു കണ്ടത്. പിന്നെ സങ്കടം പറയണോ..? തല താഴ്ത്തി വേഗം വീട്ടിലേക്കുചെന്നു. വിവരം വീട്ടുകാരെ അറിയിച്ചില്ല. പകരം, റൂമില്‍ കയറി വാതിലടച്ചു കട്ടിലില്‍ മലര്‍ന്നങ്ങനെ കിടന്നു.. ഒത്തിരി നേരം ആ കിടപ്പുതന്നെ. പിന്നെ മനസ് പതിയെപ്പതിയെ ശാന്തമാവാന്‍ തുടങ്ങി. പ്രതീക്ഷയുണര്‍ത്തുന്ന ചിന്തകളുടെ കടന്നുവരവായി. റൂമിലുള്ള ഓരോ വസ്തുക്കളും തന്നോട് എന്തൊക്കെയോ പറയുന്നപോലെ..
മേല്‍ക്കൂര പറയുന്നു: ''നിരാശപ്പെടരുത്. ഉയര്‍ന്നു മാത്രം ചിന്തിക്കുക. ഉയര്‍ന്ന ആഗ്രഹങ്ങളും പ്രതീക്ഷകളും മാത്രം കൊണ്ടുനടക്കുക. വീടു നിര്‍മിക്കുമ്പോള്‍ കൊച്ചുകൊച്ചു കൈപ്പിഴകള്‍ സ്വാഭാവികമാണ്. അതെല്ലാം റീപയറിങ് വര്‍ക്കുകളിലൂടെ മാറ്റിയെടുക്കാവുന്നതേയുള്ളൂ. എന്നാല്‍ മേല്‍ക്കൂര പൊളിഞ്ഞുപോവാതിരിക്കാന്‍ എല്ലാവിധ നടപടിയും സ്വീകരിക്കണം. അതു പൊളിഞ്ഞുവീണാല്‍ വീട് തകര്‍ന്നടിയും. പരാജയം സ്വാഭാവികം മാത്രം. എന്നാല്‍ പരാജയപ്പെടുമ്പോഴും ഉയര്‍ന്ന ചിന്തകളെ എന്തു വില കൊടുത്തും താങ്ങിനിര്‍ത്തണം. അതു പൊളിഞ്ഞുവീണാല്‍ പരാജയം പൂര്‍ണമായി. ഉയര്‍ന്ന ചിന്തകളുണ്ടെങ്കില്‍ ഏതവസ്ഥയിലും വിജയമായിരിക്കും..''
ജനല്‍ പറയുന്നു: ''നിരാശപ്പെടരുത്. പ്രതീക്ഷയോടെ നാളെകളിലേക്കു കണ്ണും നട്ടിരിക്കുക. സന്തോഷം പെയ്യുന്ന പ്രഭാതങ്ങള്‍ വിടരാതിരിക്കില്ല. പ്രതീക്ഷകള്‍ക്കു നേരെ വാതില്‍ കൊട്ടിയടച്ചാല്‍ ജീവിതം വിരസമായിതോന്നും. പ്രതീക്ഷകളും മോഹങ്ങളുമാണ് ജീവിതത്തെ മുന്നോട്ടുനയിക്കുന്ന പ്രധാന ഇന്ധനം. ജീവിതത്തില്‍ ആഗ്രഹങ്ങളേതുമില്ലാതെ ജീവിക്കുന്ന ഒരാളുടെ അവസ്ഥ ആലോചിച്ചുനോക്കൂ.. എത്രമാത്രം വരണ്ടതായിരിക്കും ആ ജീവിതം..! നാളെകളിലേക്ക് നീ ജീവിതത്തിന്റെ ജനവാതില്‍ തുറന്നിടുക. ആശ്വാസത്തിന്റെയും സമാധാനത്തിന്റെയും മന്ദമാരുതന്‍ നിന്നെ തഴുകിയനുഗ്രഹിക്കട്ടെ..''
ഘടികാരം പറയുന്നു: ''നിരാശപ്പെടരുത്. സമയമിനിയുമുണ്ട്. അതൊട്ടും പാഴാക്കാതെ മുതലെടുക്കുക. നഷ്ടപ്പെട്ട നിമിഷങ്ങളെ കുറിച്ച് ഓര്‍ത്ത് നിരാശപ്പെടുന്നത് വീണ്ടും സമയനഷ്ടം വരുത്തലാണ്. ടിക് ടിക് എന്ന എന്റെ ശബ്ദത്തിന് 'ക്വിക്' 'ക്വിക്' അഥവാ 'വേഗം.. വേഗം..' എന്നാണര്‍ഥം. നഷ്ടപ്പെട്ടാല്‍ തിരിച്ചുകിട്ടാത്ത അമൂല്യവസ്തുവായതിനാല്‍ കിട്ടിയ സമയത്തെ പരമാവധി ഉപയോഗപ്പെടുത്തുക.''
വാതില്‍ പറയുന്നു: ''നിരാശപ്പെടരുത്. വിജയത്തിലേക്കുള്ള കവാടം ഇപ്പോഴും തുറന്നുകിടപ്പാണ്. വാതിലില്ലാത്ത ഒരു റൂമില്‍ ആരും അകപ്പെടില്ല. അകപ്പെട്ടിട്ടുണ്ടെങ്കില്‍ പുറപ്പെടാനും സംവിധാനമുണ്ടാകും. പരാജയത്തിലേക്കാണ് എത്തിപ്പെട്ടതെങ്കില്‍ എത്തിപ്പെട്ട വഴി അവിടെയുണ്ടാകുമല്ലോ. ആ വഴിക്കുതന്നെ തിരിച്ചുപോയി വിജയത്തിലേക്കുള്ള വഴി നോക്കാം. തുറക്കാന്‍ മാത്രമല്ല, അടക്കാനുമുള്ളതാണു വാതില്‍. അനാവശ്യചിന്തകള്‍ക്കും മറ്റുള്ളവരുടെ നിരുത്സാഹപ്പെടുത്തലുകള്‍ക്കും നേരെ നീ നിന്റെ അകവാതില്‍ കൊട്ടിയടയ്ക്കുക. അകത്തേക്കു കയറി തളര്‍ച്ച സൃഷ്ടിക്കാന്‍ അവയ്ക്ക് അവസരം കൊടുക്കരുത്. നിന്റെ വീട്ടിലേക്ക് നിനക്കിഷ്ടമില്ലാത്തവരെ നീ കയറ്റാറില്ലല്ലോ. അതുപോലെ നിനക്കിഷ്ടമില്ലാത്ത വിചാരങ്ങളെയും മറ്റും നിന്റെ അകത്തേക്കു കയറ്റാതിരിക്കുക.''
പൂട്ട് പറയുന്നു: ''നിരാശപ്പെടരുത്. ഏതു പൂട്ടിനും ഒരു ചാവിയുണ്ടാകും. ചാവി നിര്‍മിക്കാതെ പൂട്ടു മാത്രം നിര്‍മിക്കുന്ന ഏതെങ്കിലും കമ്പനി ലോകത്തുണ്ടെങ്കില്‍ പറയുക. അതുണ്ടാകില്ല തന്നെ. വിജയത്തിലേക്കുള്ള വഴി അടഞ്ഞുകിടപ്പാണെങ്കില്‍ പരിസരത്തുതന്നെ അതു തുറക്കാനുള്ള ചാവിയുമുണ്ടാകും. ചാവി കണ്ടെത്തുക. എന്നിട്ട് സധൈര്യം പൂട്ടു തുറക്കുക. വിജയലോകം നിനക്കു മുന്നില്‍ തുറക്കപ്പെടാതിരിക്കില്ല..''
കണ്ണാടി പറയുന്നു: ''നിരാശപ്പെടരുത്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ശ്രമിച്ചാല്‍ വീണ്ടെടുക്കാവുതേയുള്ളൂ എന്തും. നീ നിന്നിലേക്കുതന്നെ ഒന്നു തിരിഞ്ഞുനോക്കൂ. എന്തെല്ലാം കഴിവുകളാണ് ഖനിയില്‍ സ്വര്‍ണമെന്നപോലെ നിന്നില്‍ ഒളിഞ്ഞുപാര്‍ക്കുന്നത്..! ആ കഴിവുകള്‍ കാണാതെ വിധിക്കപ്പെടാത്തതിലേക്കു നോക്കി നിരാശ പൂണ്ടിരിക്കുന്നത് നന്ദികേടല്ലേ. നീ നിന്നെ കാണാന്‍ ശ്രമിക്കുക. മറ്റുള്ളവരെ നോക്കി നീ നിന്നെ വിലയിരുത്താന്‍ ശ്രമിക്കരുത്. നീ ഈ ലോകത്തെ അസാധാരണ മനുഷ്യനാണ്. നിന്നെ പോലെ ഒരാളുമില്ല. നിനക്കു തുല്യം നീ മാത്രം.''
വിളക്ക് പറയുന്നു: ''നിരാശപ്പെടരുത്. വെളിച്ചം നുകര്‍ന്നെടുക്കുക. വെളിച്ചമുണ്ടെങ്കില്‍ അനായാസേന വിജയത്തിലെത്താം. ഇരുട്ടില്‍ സഞ്ചരിക്കുന്നതുകൊണ്ടാണ് വഴിയറിയാതെ പരാജയപ്പെട്ടുപോകുന്നത്. വിജയത്തിലെത്താന്‍ വെളിച്ചമില്ലെങ്കില്‍ അതു നിഷ്പ്രയാസം കൈവരിക്കാവുന്നതേയുള്ളൂ. വെളിച്ചം കിട്ടാനുള്ള വഴിയുണ്ടായിരിക്കെ ഇരുട്ടില്‍ കഴിയുന്നത് സ്വന്തത്തോടുതന്നെ കാണിക്കുന്ന അനീതിയായിരിക്കും.''
വസ്ത്രം പറയുന്നു: ''നിരാശപ്പെടരുത്. പുതിയതെടുത്തണിഞ്ഞാല്‍ പരിഹരിക്കാവുന്നതേയുള്ളൂ പ്രശ്‌നം. നിലവിലെ പ്രവര്‍ത്തനങ്ങളും ചിന്തകളും രീതികളും പരാജയത്തിലാണു കലാശിച്ചതെങ്കില്‍ രീതിയൊന്ന് മാറ്റിപ്പിടിക്കാമല്ലോ. പ്രവര്‍ത്തനങ്ങളും രീതികളും മാറ്റി പുതിയതു സ്വീകരിക്കുക. പഴയതില്‍തന്നെ ഉറച്ചുനില്‍ക്കുന്നിടത്താണു പ്രശ്‌നമിരിക്കുന്നത്.''
നിലം പറയുന്നു: ''നിരാശപ്പെടരുത്. താഴെയായിപ്പോവുകയെന്നത് കുറവൊന്നുമല്ല. താഴ്ഭാഗത്തിനും ഉയര്‍ന്ന സ്ഥാനമുണ്ട്. താഴെയുണ്ടെങ്കിലേ മേലെയുണ്ടാകൂ. അടിയാണ് മുടിയെ നിലനിര്‍ത്തുന്നത്. അടിയാണ് അടിസ്ഥാനം. അടിസ്ഥാനം പോയാല്‍ അസ്തിത്വം പോകും. അതിനാല്‍ താഴെ നില്‍ക്കുമ്പോഴും ഉയര്‍ന്ന സ്ഥാനത്തുതന്നെയാണ് നില്‍ക്കുന്നതെന്നറിയുക.''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."