കല്ലമ്പലത്ത് സര്‍ക്കാര്‍ ജീവനക്കാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്
തിരുവനന്തപുരം: കല്ലമ്പലത്ത് മണിക്കൂറുകള്‍ക്കിടെയുണ്ടായ മൂന്ന് മരണങ്ങളില്‍ രണ്ടെണ്ണം കൊലപാതകമെന്ന് പോലീസ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അജികുമാറിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായിരുന്നു ആദ്യമരണം.
സുഹൃത്തായ സജീവ്കുമാറാണ് അജികുമാറിനെ കൊലപ്പെടുത്തിയത്. ഇവരുടെ മറ്റൊരു സുഹൃത്തായ അജിത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയതും സജീവ്കുമാറാണെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍.
തിങ്കളാഴ്ച രാവിലെയാണ് അജികുമാറിനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിരവധി മുറിവുകള്‍ കണ്ടെത്തിയതും വീട്ടിനകത്ത് രക്തം കണ്ടതുമാണ് സംശയത്തിനിടയാക്കിയത്. അജികുമാറിനെ മരിച്ചനിലയില്‍ കണ്ടെത്തി മണിക്കൂറുകള്‍ക്ക് ശേഷം സുഹൃത്തായ അജിത്ത് വാഹനമിടിച്ച് കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
സുഹൃത്തായ സജീവാണ് അജിത്തിനെ പിക്കപ്പ് വാന്‍ ഓടിച്ചുകയറ്റി കൊലപ്പെടുത്തിയത്. ഇവരുടെ മറ്റൊരു സുഹൃത്തായ ബിനുപ്രമോദിനും സംഭവത്തില്‍ പരുക്കേറ്റിരുന്നു.
ഈ സംഭവം കഴിഞ്ഞ് ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം ഇവരുടെ സുഹൃത്ത് വലയത്തില്‍പ്പെട്ട ബിനുരാജ് ബസ് ഇടിച്ചും മരിച്ചു. ബസിന് മുന്നിലേക്ക് ചാടി മരിച്ചെന്നാണ് പോലീസ് നിഗമനം. ഞായറാഴ്ച രാത്രി അജികുമാറിന്റെ വീട്ടില്‍ സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് മദ്യപിച്ചിരുന്നതായാണ് വിവരം. ഇതിനിടെ തര്‍ക്കമുണ്ടാവുകയും അജികുമാര്‍ കൊല്ലപ്പെടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."