മുസ്‌ലിം ലീഗ് നേതാവ് എ. യൂനുസ് കുഞ്ഞ് അന്തരിച്ചു
കൊല്ലം : മുന്‍ എം.എല്‍.എയും മുസ് ലിം ലീഗ് ദേശീയ അസി. സെക്രട്ടറിയുമായിരുന്ന ഡോ. എ. യൂനുസ് കുഞ്ഞ് (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് ഭേദമായതിന് പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്. മുസ് ലിം ലീഗിന്റെ കൊല്ലം ജില്ലയിലെ മുതിര്‍ന്ന നേതാവായിരുന്നു. 1991 മലപ്പുറത്ത് നിന്നാണ് നിയമസഭയിലേക്കെത്തിയത്. ഇരവിപുരത്തും പുനലൂരും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കശുവണ്ടി വ്യവസായിയായിരുന്ന യൂനുസ് കുഞ്ഞ് പിന്നീട് വിദ്യാഭ്യാസ മേഖലയിലേക്ക് തിരിഞ്ഞു. പ്രഫഷണല്‍ കോളജുകളടക്കം ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അദ്ദേഹം നടത്തിവരികയാണ്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം, ദേശീയ കൗണ്‍സില്‍ അംഗം, കൊല്ലം ജില്ല പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, വടക്കേവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അംഗം, ജില്ല കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ദീര്‍ഘകാലമായി കൊല്ലൂര്‍വിള മുസ് ലിം ജമാഅത്ത് പ്രസിഡന്റാണ്.
മൃതദേഹം ഇന്ന് രാവിലെ 10 മുതല്‍ പള്ളിമുക്ക് യൂനുസ് എന്‍ജിനിയറിങ് കോളജില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് നാലിന് കൊല്ലൂര്‍വിള ജുമാ മസ്ജിദില്‍ ഖബറടക്കും. ഭാര്യ: ധരീഫ ബീവി. മക്കള്‍: ഷാജഹാന്‍ ,നൗഷാദ്, അഡ്വ. അന്‍സര്‍, നൂര്‍ജഹാന്‍, മുംതാസ്, റസിയ, ഹാഷിം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."