എൻഡോസൾഫാൻ ദുരിതബാധിതരുടെ രോദനം ആര് കേൾക്കാൻ?
കാസർകോട്ടെ കുമ്പഡാജെ പഞ്ചായത്തിൽ ഒരു കുഞ്ഞു ജീവൻ കൂടി എൻഡോസൾഫാൻ കവർന്നതോടെ രണ്ട് മാസത്തിനുള്ളിൽ ഈ ദുരിതം പേറി മരണമടയുന്ന കുഞ്ഞുങ്ങളുടെ എണ്ണം മൂന്നായി. കുമ്പഡാജെ പെരിഞ്ചിലെ മുക്കൂർ കോളനിയിലെ മോഹനന്റെയും ഉഷയുടെയും മകൾ ഒന്നരവയസുകാരി ഹർഷിതയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണപ്പെട്ടത്. കുഞ്ഞിന്റെ മൃതദേഹവുമായി നിസഹായരായ മാതാപിതാക്കൾ ആംബുലൻസിനായി കാത്തിരിക്കുന്ന ദയനീയ ചിത്രം ആരുടെയും ഉള്ളുലയ്ക്കുന്നതായിരുന്നു. മോർച്ചറിക്ക് മുമ്പിൽ ആ രക്ഷിതാക്കൾ ആംബുലൻസിനായി കാത്തിരുന്നത് 14 മണിക്കൂറാണ് !
അജാനൂരിലെ മൊയ്തുവിന്റെ മകൻ 11 വയസുള്ള മുഹമ്മദ് ഇസ്മാഈൽ, അമ്പലത്തറ മുക്കുഴിയിലെ മനുവിന്റെ മകൾ അഞ്ചു വയസുകാരി അമേയ എന്നിവരാണ് രണ്ട് മാസം മുമ്പ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ മരണപ്പെട്ടത്. എൻഡോസൾഫാൻ കാരണം ദുരിതബാധിതരായ കുട്ടികൾക്കെന്നല്ല ഗുരുതര രോഗം ബാധിക്കുന്ന ആർക്കും തന്നെ വിദഗ്ധ ചികിത്സ കിട്ടാൻ കാസർകോട് ജില്ലയിൽ ഒരു സംവിധാനവുമില്ല. കിലോമീറ്ററുകൾ താണ്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തുമ്പോഴേക്കും രോഗി മരിച്ചിട്ടുണ്ടാകും. മംഗളൂരുവിലേക്ക് പോകാനാണെങ്കിൽ ജില്ലാ അതിർത്തിയിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകണം. സമയത്തിന് ഈ രണ്ട് സ്ഥലങ്ങളിലും എത്താനായില്ലെങ്കിൽ രോഗികൾ മരണത്തിന് കീഴ്പ്പെടും.
കഴിഞ്ഞ ദിവസം മരിച്ച ഹർഷിത എൻഡോസൾഫാൻ ബാധിതരുടെ പട്ടികയിൽ ഉണ്ടായിരുന്നില്ല. അതിനാൽ ഈ പാവങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങൾ അകലെയുമായിരിക്കും. മെഡിക്കൽ ക്യാംപ് നടത്തിയാണ് സർക്കാർ എൻഡോസൾഫാൻ ഇരകളെ കണ്ടെത്തുന്നത്. ആളുകളെ പട്ടികയിൽ നിന്നൊഴിവാക്കാൻ കണക്കെടുക്കാൻ വരുന്നവർക്ക് അതിയായ ഉത്സാഹമാണെന്ന ആരോപണവും ഉയർന്നിരുന്നു. പട്ടികയിൽ ഇല്ലെന്ന് പറഞ്ഞ് എൻഡോസൾഫാൻ ബാധിതയായ പെൺകുട്ടിയുടെ കുടുംബത്തെ വീട്ടിൽനിന്ന് കുടിയിറക്കിയ ചരിത്രവും കാസർകോട്ടെ റവന്യൂ അധികൃതർക്കുണ്ട്. ഒഴിഞ്ഞുകിടന്ന വീടുകളിലൊന്ന് എൻഡോസൾഫാൻ ബാധിതയായ പെൺകുട്ടിക്കും കുടുംബത്തിനും കൊവിഡ് കാലത്ത് പഞ്ചായത്ത് അധികൃതരും വീട് നിർമിച്ച ട്രസ്റ്റും കഴിഞ്ഞ വർഷം കൈമാറിയതായിരുന്നു. വർഷങ്ങളായി ഇൗ കുടുംബം വാടക വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ എൻഡോസൾഫാൻ ലിസ്റ്റിൽ ഉൾപ്പെട്ടില്ലെന്ന വാദമുയർത്തി കാസർകോട് ജില്ലാ കലക്ടർ കുടുംബത്തെ കുടിയൊഴിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. ഉത്തരവ് നടപ്പിലാക്കാൻ ശരവേഗത്തിലാണ് ഒാർഡറുമായി വില്ലേജ് അധികൃതർ എത്തിയത്. പെൺകുട്ടിയും കുടുംബവും പകച്ചുനിൽക്കുകയല്ലാതെ വേറെയെന്ത് വഴി?
പുല്ലൂർ - പെരിയ എൻമകജെ പഞ്ചായത്തുകളിലായി 56 വീടുകൾ എൻഡോസൾഫാൻ ഇരകൾക്ക് കൈമാറാതെ നശിക്കുന്നതിനിടയിലായിരുന്നു ക്രൂരമായ കുടിയൊഴിപ്പിക്കൽ. കാസർകോട്ടെ എൻഡോസൾഫാൻ ബാധിതർക്ക് വീടുവച്ചു നൽകാൻ 2015ലാണ് സർക്കാർ നടപടികൾ തുടങ്ങിയത്. എന്നാൽ പലർക്കും വീട് നൽകാതെ മിക്കവയും നശിച്ചുകൊണ്ടിരിക്കുന്നു. വീടു കിട്ടിയവർക്കാകട്ടെ മതിയായ രേഖകളും പട്ടയവും നൽകിയില്ല. പട്ടയമില്ലാത്തതിനാൽ വീടുകൾക്ക് പഞ്ചായത്ത് അധികൃതർ കെട്ടിട നമ്പർ നൽകുന്നില്ല. അതിനാൽ റേഷൻ ഉൾപ്പെടെയുള്ള ഒരു ആനുകൂല്യങ്ങളും ഈ പാവങ്ങൾക്ക് ലഭിക്കുന്നില്ല. രേഖകൾ ഇല്ലാത്തതിനാൽ സ്വയം തൊഴിൽ കണ്ടെത്താനും കഴിയുന്നില്ല. കുടുംബശ്രീ യൂനിറ്റ് പോലും സ്ഥാപിക്കാൻ പറ്റാത്ത അവസ്ഥ. സന്നദ്ധ സംഘടനകൾ നിർമിച്ചുനൽകുന്ന വീടുകൾ പോലും ജില്ലാ ഭരണാധികാരികൾ ഓരോ കാരണം നിരത്തി ഇരകൾക്ക് നൽകാതിരിക്കുകയാണ്. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ ഇനിയുള്ളവയുടെ നിർമാണത്തെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നാണ് വീട് സൗജന്യമായി നിർമിച്ചു നൽകുന്നചില ട്രസ്റ്റ് ഭാരവാഹികൾ പറയുന്നത്.
എൻഡോസൾഫാൻ ബാധിതരുടെ പുനരധിവാസം അടക്കമുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ ഉദ്ദേശിച്ച് സംഘടിപ്പിച്ചതായിരുന്നു റെമഡിയേഷൻ സെൽ. ഇതിന്റെ പ്രവർത്തനം നിലച്ചിട്ട് ഒരു വർഷമായി. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജിന് പരാതി നൽകിയിട്ടും നടപടികളൊന്നും ഉണ്ടായില്ല. ദുരിത ബാധിതർക്ക് വിദഗ്ധ ചികിത്സ ലഭിക്കാനായി സർക്കാർ ആശുപത്രികളിൽ ന്യൂറോളജിസ്റ്റിനെ നിയമിക്കണമെന്ന ദുരിത ബാധിതരുടെ ആവശ്യത്തിനും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. പ്രതിഷേധ സൂചകമായി കാസർകോട് കലക്ടറേറ്റിന് മുമ്പിൽ ദുരിത ബാധിതർ മനുഷ്യ മതിൽ തീർത്തെങ്കിലും അധികൃതർ കനിഞ്ഞില്ല.
6272 പേരാണ് എൻഡോസൾഫാൻ ബാധിതരുടെ പട്ടികയിൽ ജില്ലയിലുള്ളത്. എത്രയോ പേർ പട്ടികയിൽപെടാതെ പുറത്തുനിൽക്കുന്നുണ്ട്. 2018 ൽ എൻഡോസൾഫാൻ ബാധിതരായ പിഞ്ചു മക്കളെയും കൊണ്ട് അവരുടെ മാതാപിതാക്കൾ സെക്രട്ടേറിയറ്റിന് മുമ്പിൽ നടത്തിയ സമരം കരളലിയിക്കുന്ന കാഴ്ചയായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന ഈ സമരം കണ്ട് പ്രമുഖ സാമൂഹിക പ്രവർത്തക ദയാബായി തേങ്ങിക്കരഞ്ഞത് മറക്കാറായിട്ടില്ല. മാധ്യമങ്ങൾ അത് സംബന്ധിച്ച വാർത്ത പ്രാധാന്യത്തോടെ നൽകിയപ്പോൾ മാത്രമാണ് സർക്കാർ ശ്രദ്ധിച്ചത്. സമരപ്പന്തലിലെത്തിയ അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല. മരിച്ച പിഞ്ചു മകളുടെ മൃതദേഹവുമായി നിർധനരായ മാതാപിതാക്കൾ ആംബുലൻസിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്നത് പോലുള്ള ദുരന്തക്കാഴ്ചകൾ ഇപ്പോഴും തുടരുന്നു.
മനുഷ്യത്വമില്ലാത്ത സർക്കാരാണോ സംസ്ഥാനം ഭരിക്കുന്നതെന്ന് അന്ന് ദയാബായി രോഷത്തോടെ ചോദിക്കുകയുമുണ്ടായി. ദുരന്ത ബാധിതർക്കായി കുറച്ച് കാര്യങ്ങൾ സർക്കാർ ചെയ്തിട്ടുണ്ടെന്നും ഇനിയും കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞുവെങ്കിലും പിന്നീടൊന്നും കാര്യമായി സംഭവിച്ചില്ല. എൻഡോസൾഫാൻ ദുരിതബാധിതർക്കായി നടപ്പാക്കുന്ന പദ്ധതികൾക്ക് വിലങ്ങുതടിയാകുന്നത് ഉദ്യോഗസ്ഥരാണെന്ന് ബിനോയ് വിശ്വം ആരോപിച്ചിരുന്നു. എന്തുകൊണ്ട് ഇത്തരം ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ ഇടതു മുന്നണി സർക്കാരിന് കഴിയുന്നില്ല എന്ന ചോദ്യമാണപ്പോൾ ബാക്കിയാകുന്നത്. എൻഡോസൾഫാൻ ബാധിതരായവരുടെ ചികിത്സയും പുനരധിവാസവും സംബന്ധിച്ച് സുപ്രിം കോടതി വിധിയും ഇതുവരെ സർക്കാർ നടപ്പിലാക്കിയിട്ടില്ല. ഈ ആവശ്യം ഉയർത്തി എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ഇപ്പോഴും സമരത്തിലാണ്. പക്ഷേ ഇരകളായ ആലംബഹീനരുടെ രോദനവും നിലവിളിയും ആര് കേൾക്കാൻ. മനുഷ്യത്വമില്ലാത്തവരാണോ സംസ്ഥാനം ഭരിക്കുന്നതെന്ന ദയാബായിയുടെ ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."