സഊദിയിൽ പള്ളികളിൽ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാൻ മന്ത്രാലയ നിർദേശം
റിയാദ്: രാജ്യത്ത് കൊവിഡ് വൈറസ് ബാധ കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ പള്ളികളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ മന്ത്രാലയ നിർദേശം. നേരത്തെ നൽകിയ നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും നിയമ ലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഇസ്‌ലാമിക കാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്വീഫ് അൽ ശൈഖ് രാജ്യത്തെ പള്ളികൾക്ക് നൽകിയ പ്രത്യേക സർക്കുലറിൽ വ്യക്തമാക്കി. നിലവിൽ പ്രഖ്യാപിച്ച ഏതാനും മുൻകരുതലുകളിൽ വീഴ്ച്ച വരുത്തുന്നതായാണ് മന്ത്രാലയ നിരീക്ഷണം. രാജ്യത്താകമാനമുള്ള പള്ളികളിൽ നടപ്പാക്കാനായി എട്ടിന നിർദേശങ്ങളാണ് മന്ത്രാലയം മുന്നോട്ട് വെച്ചത്.
പ്രാർത്ഥനക്കെത്തുന്നവർ സ്വന്തം മുസ്വല്ലകൾ കരുതുക, മൂക്കും വായയും മൂടുന്ന തരത്തിൽ മാസ്‌കുകൾ ധരിക്കുക, വെള്ളിയാഴ്ച്ചകളിൽ പള്ളികൾ ഒരു മണിക്കൂർ മുമ്പ് തുറക്കുകയും അര മണിക്കൂറിന് ശേഷം അടക്കുകയും ചെയ്യുക, നിസ്‌കാരത്തിന് ഒന്നര മീറ്റർ അകലം പാലിക്കുക, ഖുർആൻ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുക, പള്ളികളുടെ വാതിലുകളും ജനലുകളും തുറന്നിട്ട് ആവശ്യമായ വായു സഞ്ചാരം ഉറപ്പ് വരുത്തുക, വാട്ടർ കൂളറുകളും ഭക്ഷണ വിതരണവും ഒഴിവാക്കുക, പള്ളികളിൽ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും തിരക്ക് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ പൂർണ്ണമായും പാലിക്കാനാണ് മന്ത്രാലയ നിർദേശം.
വൈറസ് വ്യാപന പശ്ചാത്തലത്തിൽ നേരത്തെ അടച്ചിരുന്ന പള്ളികൾ തുറക്കുന്ന അവസരത്തിൽ ഈ നടപടികൾ നിര്ബന്ധമാക്കിയിരുന്നു. എന്നാൽ, പിന്നീട് ഇതിൽ ഏതാനും കാര്യങ്ങൾ പൊതുജനങ്ങൾ ഒഴിവാക്കിയതായി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിന്റെയടിസ്ഥാത്തിലാണ് ശക്തമായ നടപടികളുമായി അധികൃതർ രംഗത്തെത്തിയത്. നിയമ ലംഘകർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."