ആവശ്യമുണ്ട്, സി.പി.എമ്മിന് സൈബര്‍ പോരാളികളെ
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സോഷ്യല്‍ മീഡിയ രംഗത്ത് സജീവമാകാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി നേരിട്ട് പ്രത്യേക സൈബര്‍ വിങ് രൂപീകരിക്കുന്നു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ നടപ്പാക്കിയ ജനോപകാര പദ്ധതികളെ പൊതുജനങ്ങളിലെത്തിക്കാനാണ് പുതിയ സംഘത്തെ അണിയറയില്‍ ഒരുക്കുന്നത്.
ഇതിനായി എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ മറ്റിതര പോഷക സംഘടനകളില്‍ നിന്നും ഡിസൈനിങ്, എഴുത്ത്, വിഡിയോ എഡിറ്റര്‍മാര്‍ എന്നീ വിഭാഗത്തില്‍ പരിചയ സമ്പന്നരായ സന്നദ്ധരായവര്‍ക്കുള്ള രജിസ്ട്രേഷന് കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇതിനോടകം തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്എത്തിക്കുക എന്ന ലക്ഷ്യത്തിന് , പ്രാദേശിക കമ്മിറ്റികള്‍ക്കും ജില്ലാ കമ്മിറ്റികള്‍ക്കും അനൗദ്യോഗികമായി സൈബര്‍ വിങ്ങുകളുണ്ടെങ്കിലും വിവാദങ്ങള്‍ ഒഴിവാക്കി ഏകീകരിച്ച സ്വഭാവമുണ്ടാക്കാനാണ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേരിട്ട് സൈബര്‍ വിങ് രൂപീകരിക്കുന്നത്. സൈബര്‍ വിങ്ങിനെ നിയന്ത്രിക്കാന്‍ സംസ്ഥാന കമ്മിറ്റി പ്രത്യേക സമിതിയെയും ഇതിനോടകം നിയോഗിച്ചിട്ടുണ്ട്.
ആകര്‍ഷകമായ പോസ്റ്ററുകളും പ്രധാന നേതാക്കളുടെ വിഡിയോകളും ട്രോളുകളും സോഷ്യല്‍ മിഡിയയില്‍ സജീവമാകുന്നതോടെ ന്യൂജന്‍ വോട്ടുകളും നേടാമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."