ഇനി ഇഷ്ടമുള്ളത് വാങ്ങാം; സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യക്കിറ്റിന് പകരം കൂപ്പണ്‍
എടച്ചേരി (കോഴിക്കോട്): കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കിവരുന്ന ഭക്ഷ്യഭദ്രതാ പരിപാടിയില്‍ മാറ്റം വരുത്തി ഉത്തരവായി. കുട്ടികള്‍ക്ക് ഇതുവരെ നല്‍കിയിരുന്ന ഭക്ഷ്യക്കിറ്റുകള്‍ക്ക് പകരം ഇനി കൂപ്പണുകളാകും വിതരണം ചെയ്യുക. അരിയും സണ്‍ഫ്‌ളവര്‍ ഓയിലും ധാന്യങ്ങളും ഉപ്പും ഉള്‍പ്പെടുന്ന ഭക്ഷ്യക്കിറ്റിന് പകരമാണ് വീടിനടുത്തുള്ള മാവേലി സ്റ്റോറുകളില്‍ നിന്ന് ഇഷ്ടമുള്ള സാധനങ്ങള്‍ വാങ്ങാന്‍ പാകത്തില്‍ കൂപ്പണുകള്‍ വിതരണം ചെയ്യുന്നത്. പ്രീ പ്രൈമറി, പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് പാചകച്ചെലവ് ഉള്‍പ്പെടെ 300 രൂപയുടെയും യു.പി വിഭാഗം കുട്ടികള്‍ക്ക് 500 രൂപയുടെയും കൂപ്പണുകളാണ് വിതരണം ചെയ്യുക.
കിറ്റുകള്‍ സ്‌കൂളുകളില്‍ എത്തിച്ചുകൊടുക്കാനുള്ള മാവേലി സ്റ്റോറുകാരുടെ പ്രയാസം കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്.
ഇതനുസരിച്ച് സ്‌കൂളുകള്‍ പൂര്‍ണമായും തുറന്നുപ്രവര്‍ത്തിക്കുന്നത് വരെയുള്ള കാലയളവിലെ ഭക്ഷ്യ ഭദ്രതാ അലവന്‍സാണ് കൂപ്പണായി വിതരണം ചെയ്യുക. കൂപ്പണുകളില്‍ സാധാരണ സ്‌കൂളുകളില്‍ നിന്ന് വിതരണം ചെയ്യാറുള്ള ഭക്ഷ്യധാന്യത്തിന്റെ അളവും പാചകച്ചെലവ് തുകയും രേഖപ്പെടുത്തും. സപ്ലൈക്കോയുമായുള്ള ധാരണ അനുസരിച്ച് കൂപ്പണ്‍ തുകയുടെ 4.07 % മുതല്‍ 4.87 % വരെയുള്ള തുകയ്ക്ക് കൂടി ഭക്ഷ്യവസ്തുക്കള്‍ ലഭിക്കും. ഈ അധ്യയനവര്‍ഷത്തെ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ മുഴുവനായും കേന്ദ്രസര്‍ക്കാര്‍ ഇതിനകം വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി നല്‍കുന്ന ഭക്ഷ്യ കൂപ്പണുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡ് നമ്പര്‍ കൂടി സ്‌കൂള്‍തലത്തില്‍ നല്‍കുന്ന കൂപ്പണില്‍ രേഖപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."