തുടരന്വേഷണം തടയണം; ദിലീപ് ഹൈക്കോടതിയില്‍, ഫോണുകള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്കയക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന ആവശ്യവുമായി നടന്‍ ദിലീപ് ഹൈക്കോടതിയില്‍. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തുടരന്വേഷണം നടക്കുന്നതെന്ന് ദിലീപ് നല്‍കിയ ഹരജിയില്‍ ആരോപിക്കുന്നു. അതേ സമയം ദിലീപിന്റെ ഫോണുകള്‍ പരിശോധനക്കായി തിരുവനന്തപുരംഫോറന്‍സിക് ലാബിലേക്കയക്കും. ആലുവ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ദിവസം വിചാരണക്കോടതി ഒരു മാസത്തെ സമയം അനുവദിച്ചിരുന്നു. ആറു മാസത്തെ സമയം വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം തള്ളിയാണ് കോടതി ഒരു മാസം അനുവദിച്ചത്. എന്നാല്‍ ഇതും ചോദ്യം ചെയ്താണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട ഫോണുകളില്‍ തങ്ങളുടെ കൈവശമുളളത് ഹാജരാക്കിയെന്നും ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാകും പ്രതിഭാഗം വാദിക്കുക.
തുടന്വേഷണത്തിന് ഒരുമാസം അനുവദിച്ചത് നീതികരിക്കാനാവില്ലെന്ന് ദിലീപ് ഹരജിയില്‍ പറയുന്നു. എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കണം. 28ന് പരാതി ലഭിച്ചു, 29ന് തുടരന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതു നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."