കോഴിക്കോട്ട് അധിക സീറ്റിനായി സമ്മര്‍ദം ശക്തമാക്കി മുസ്‌ലിം ലീഗ്
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ അധിക സീറ്റിനായി സമ്മര്‍ദം ശക്തമാക്കി മുസ്‌ലിം ലീഗ്. കഴിഞ്ഞ തവണ മത്സരിച്ച അഞ്ചിന് പുറമെ രണ്ട് സീറ്റെങ്കിലും അധികം വേണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്.
പേരാമ്പ്ര, ബേപ്പൂര്‍, വടകര സീറ്റുകളില്‍ രണ്ടെണ്ണമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. അധിക സീറ്റ് ആവശ്യം സംസ്ഥാന നേതൃത്വത്തിന് മുന്നിലും യു.ഡി.എഫിലും ശക്തമായി ഉന്നയിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ യു.ഡി.എഫിന്റെ രണ്ട് എം.എല്‍.എമാരും ലീഗ് പ്രതിനിധികളാണ്. കോഴിക്കോട് സൗത്തില്‍ ഡോ. എം.കെ മുനീറും കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുല്ലയുമാണ് കഴിഞ്ഞ തവണ ജയിച്ചത്. കൊടുവള്ളി, തിരുവമ്പാടി, ബാലുശ്ശേരി എന്നിവിടങ്ങളാണ് ലീഗ് മത്സരിച്ച മറ്റു മണ്ഡലങ്ങള്‍. ഇതില്‍ സംവരണ മണ്ഡലമായ ബാലുശ്ശേരി കോണ്‍ഗ്രസിന് നല്‍കി കുന്ദമംഗലം ഏറ്റെടുക്കാനും ശ്രമം നടക്കുന്നുണ്ട്. ജയസാധ്യതയുള്ള തിരുവമ്പാടി വിട്ടുനല്‍കേണ്ടെന്നാണ് ജില്ലാ ലീഗ് നേതൃത്വത്തിലെ പൊതുവികാരം.
ജില്ലയില്‍ സംഘടനാ സംവിധാനവും ആള്‍ബലവും കോണ്‍ഗ്രസിനേക്കാള്‍ ലീഗിനാണുള്ളതെന്നും അതിനാല്‍ കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെന്നും ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും താരതമ്യേന മികച്ച പ്രകടനമാണ് ലീഗ് കാഴ്ചവച്ചത്.
സ്ഥാനാര്‍ഥി ചര്‍ച്ചയ്ക്കും തുടക്കം
സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളും ലീഗില്‍ ആരംഭിച്ചിട്ടുണ്ട്. കുറ്റ്യാടിയില്‍ സിറ്റിങ് എം.എല്‍.എ പാറക്കല്‍ അബ്ദുല്ല വീണ്ടും മത്സരിക്കും. കോഴിക്കോട് സൗത്തില്‍ ഡോ. എം.കെ മുനീര്‍ മത്സരിക്കില്ലെന്നാണ് സൂചന. അദ്ദേഹത്തെ കൊടുവള്ളിയില്‍ മത്സരിപ്പിക്കാന്‍ സംസ്ഥാന നേതൃത്വത്തില്‍ ആലോചനയുണ്ടെങ്കിലും പ്രാദേശിക നേതൃത്വത്തില്‍ ചെറിയ എതിര്‍പ്പുണ്ട്. ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി എം.എ റസാഖ്, മുന്‍ എം.എല്‍.എ വി.എം ഉമ്മര്‍ എന്നിവരുടെ പേരുകളാണ് പ്രാദേശിക തലത്തില്‍ ഉയര്‍ന്നുവരുന്നത്. സൗത്തില്‍ മുനീര്‍ മത്സരിക്കുന്നില്ലെങ്കില്‍ ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാലയ്ക്കാണ് കൂടുതല്‍ സാധ്യത.
കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച പേരാമ്പ്ര ലഭിക്കുകയാണെങ്കില്‍ സംസ്ഥാന, ജില്ലാ നേതാക്കളെ പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ തവണ എല്‍.ജെ.ഡി മത്സരിച്ച വടകര കിട്ടുകയാണെങ്കില്‍ ആര്‍.എം.പിക്ക് നല്‍കാനാണ് ലീഗ് ആലോചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."