മനംകുളിർക്കുന്ന മന്ദഹാസം
വെള്ളിപ്രഭാതം
തൻസീർ ദാരിമി കാവുന്തറ
ഇഹപര വിജയത്തിനുള്ള ഏറ്റവും നല്ല സമ്പാദ്യമാണ് സൽസ്വഭാവം. നമ്മുടെ സംസാരവും ഇടപെടലുകളും മറ്റുള്ളവർക്ക് ഹൃദ്യമാകുമ്പോൾ മാനസികാനന്ദത്തിന്റെ പുതുവാതായനങ്ങൾ മലർക്കെ തുറക്കപ്പെടുന്നു. നിങ്ങളിലേറ്റവും ഉത്തമർ സൽസ്വഭാവികളാണെന്ന് പഠിപ്പിച്ച നബി(സ്വ) സൽസ്വഭാവത്തിന്റെ മൂർത്തീമദ്ഭാവമായിരുന്നു. നബി(സ്വ)യുടെ സ്വഭാവം പരിശുദ്ധ ഖുർആനാണെന്ന് പ്രതിവചിച്ചത് ആ വിശുദ്ധജീവിതത്തിന്റെ അടക്കാനക്കങ്ങൾ അനുഭവിച്ചറിഞ്ഞ ആഇശ(റ)യാണ്. ധാരാളം നിസ്‌കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവരുടെ പദവികൾ സൽസ്വഭാവം കൊണ്ട് നേടിയെടുക്കാൻ ഒരു സത്യവിശ്വാസിക്ക് കഴിയും (അബൂദാവൂദ്). ആഇശ(റ) പറയുന്നു: സൽസ്വഭാവംകൊണ്ട് ഒരാൾക്ക് പതിവായി നോമ്പ് നോൽക്കുന്നവന്റെയും നിസ്‌കരിക്കുന്നവന്റെയും പ്രതിഫലം ലഭിക്കും. തർക്കത്തെ ഒഴിവാക്കുന്ന ഒരാൾക്ക് ഞാൻ സ്വർഗത്തിലെ ചെരുവിലെ വീടിന് വേണ്ടി വാദിക്കുമെന്നും സൽസ്വഭാവിയായ അടിമകൾക്ക് നാളെ സ്വർഗീയ ലോകത്ത് ഉന്നതപദവി നൽകുമെന്നും നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. അപരിഷ്‌കൃതരായ ഒരു സമൂഹത്തെയാണ് പ്രവാചകർ(സ്വ) പരിവർത്തിച്ച് ലോകത്തിന് മാതൃകകളാക്കിയത്. എന്റെ അനുചരിൽനിന്ന് ആരെ നിങ്ങൾ മാതൃകയാക്കിയാലും നിങ്ങൾക്ക് വിജയികളാവാം എന്ന പ്രഖ്യാപനം വിസ്മയത്തോടെയാണ് ലോകം കാതോർത്തത്.
മനുഷ്യരാശിയെ സംസ്‌കാര സമ്പന്നമാക്കുന്നതിലും വ്യക്തിവികാസത്തിന്റെ നിമ്‌നോന്നതികളിലും സൽസ്വഭാവത്തിന്റെ ഭാഗധേയം അപാരമാണ്. സ്വഭാവദൂശ്യത്തിന്റെ പേരിലാണ് സമൂഹത്തിൽ കലഹങ്ങളും കാലുഷ്യങ്ങളും മുളപൊട്ടുന്നത്. നല്ല നിലയിൽ പെരുമാറുക, അന്യായമായി ദ്രോഹിക്കാതിരിക്കുക, നല്ല കാര്യങ്ങൾക്ക് സഹായം ചെയ്യുക ഇവയെല്ലാം നല്ല സ്വഭാവത്തിന്റെ അടരുകളാണ്. ജരീറുബ്‌നു അബ്ദില്ല (റ)വിനോട് നബി(സ്വ) പറഞ്ഞു; അല്ലാഹു സൃഷ്ടിപ്പ് നന്നാക്കിയവനാണ് നീ. അതുകൊണ്ട് നിന്റെ സ്വഭാവം നീ നന്നാക്കുക. മറ്റൊരിക്കൽ നബി(സ്വ) പറഞ്ഞു: നിശ്ചയം, മറ്റ് സൽകർമ്മങ്ങളിൽ വളരെ പിന്നിലായിരുന്നാലും സൽസ്വഭാവത്തിനു പ്രതിഫലമായി അവന് പരലോകത്തിൽ ഉന്നത പദവിവരെ ലഭിക്കുന്നതാണ്. സൽസ്വഭാവം കാരണം മീസാൻ ഭാരമേറുന്നതുമാണ്. അക്രമമേറ്റ് ചോര വന്നപ്പോഴും ശത്രുക്കളോട് സൗമ്യമായി പെരുമാറിയ നബിമാതൃക ചരിത്രത്തിലെ നിസ്തുലാധ്യായമാണ്. അസദ് ബിൻ യസീദ്(റ) പറയുന്നു: നബി(സ്വ) വീട്ടിൽ എന്താണ് ചെയ്യാറുള്ളത് എന്ന് ആഇശ(റ)യോട് ചോദിക്കപ്പെട്ടപ്പോൾ അവർ പറയുകയുണ്ടായി: നബി(സ്വ) തന്റെ വീട്ടുകാരെ സഹായിക്കുകയായിരുന്നു ചെയ്യാറുണ്ടായിരുന്നത്. നിസ്‌കാര സമയമായാൽ പള്ളിയിലേക്ക് പോകുകയും ചെയ്യും (ബുഖാരി).
മഹത്തായ സ്വഭാവത്തിന്റെ മേലിലാണ് നബിയെ താങ്കളുള്ളത് എന്നാണ് ഖുർആനിൽ തിരുനബി(സ്വ)യുടെ സ്വഭാവത്തെ വിശേഷിപ്പിച്ചത്. പ്രവാചകൻ(സ്വ) പറഞ്ഞു: ഇഹത്തിലും പരത്തിലും ഏറ്റവും നല്ല സ്വഭാവം ഞാൻ അറിയിച്ചുതരട്ടെയോ? അത് മൂന്ന് കാര്യങ്ങളാണ്. ബന്ധം വിച്ഛേദിക്കുന്നവരോട് ബന്ധം സ്ഥാപിക്കുക, നിനക്ക് ഉപകാരം തടഞ്ഞവനു നീ ഉപകാരം ചെയ്തുകൊടുക്കുക, നിന്നോട് അനീതി കാട്ടിയവന് നീ മാപ്പു നൽകുക (ത്വബ്‌റാനി). നിങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരും അന്ത്യനാളിൽ ഞാനുമായി അടുത്തവരും സൽസ്വഭാവികളാണ്. എനിക്ക് ഏറ്റവും വെറുപ്പുള്ളവരും അന്ത്യനാളിൽ ഞാനുമായി അകന്നവരും ദുസ്സ്വഭാവമുള്ളവരാണെന്ന് അവിടുന്ന് പ്രഖ്യാപിക്കുകയുണ്ടായി.
അനസ്(റ) പറഞ്ഞു: ഞങ്ങൾ നബി(സ്വ)യുടെ സന്നിധിയിൽ ഇരിക്കുമ്പോൾ അവിടുന്ന് പറഞ്ഞു. സൂര്യാതപം ഹിമക്കട്ടകളെ ഉരുക്കുന്നതുപോലെ സൽസ്വഭാവം പാപങ്ങളെ ഉരുക്കിക്കളയുന്നതാണ് (ഇഹ്‌യ). ദുസ്സ്വഭാവം കർമഫലങ്ങളെ നശിപ്പിക്കുമെന്ന് റസൂൽ(സ്വ) മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. അന്യരെ പഴിക്കുകയും അപവാദം പ്രചരിപ്പിക്കുകയും രക്തം ചിന്തുകയും അന്യന്റെ ധനം അന്യായമായി തിന്നുകയും ചെയ്തവന്റെ സൽക്കർമങ്ങളെല്ലാം അതിന്റെയാളുകൾക്ക് നൽകുകയും നന്മകളവസാനിച്ചാൽ അവരുടെ പാപങ്ങൾ എടുത്തു ഇവന് നൽകുകയും അവസാനമവനെ നരകത്തിലേക്ക് വലിച്ചെറിയപ്പെടുമെന്നും പ്രവാചകാധ്യാപനത്തിലുണ്ട്.
എന്താണ് സൽസ്വഭാവം എന്ന ചോദ്യത്തിന് ഒരനുചരനോട് നബി(സ്വ) പറഞ്ഞ മറുപടി ഒരു ഖുർആൻ സൂക്തമായിരുന്നു. നീ വിട്ടുവീഴ്ച മുറുകെ പിടിക്കുക, നന്മ ഉപദേശിക്കുക, അറിവില്ലാത്തവരെ വിട്ട് (വിവരക്കേട് കൊണ്ട് തട്ടിക്കയറുമ്പോൾ) തിരിഞ്ഞുകളയുക. വ്യക്തിത്വ വികസനം, കുടുംബ, സാമൂഹിക ജീവിതത്തിലെ സംതൃപ്തി, പഠന, സാമ്പത്തിക, ബിസിനസ് രംഗങ്ങളിലെ പുരോഗതി ഇവയെല്ലാം മികച്ച പെരുമാറ്റം പകരുന്ന പരിണിതഫലങ്ങളാണ്. അന്ത്യദിനത്തിൽ നന്മയുടെ തുലാസിന് ഏറ്റവുമധികം ഭാരം ലഭിക്കുന്നത് സൽസ്വഭാവം കൊണ്ടായിരിക്കും (തുർമുദി) എന്ന ഹദീസ് ഇതാണ് പഠിപ്പിക്കുന്നത്.
നബി(സ്വ) എപ്പോഴും മന്ദസ്മിതനായിട്ടായിരുന്നു കാണപ്പെട്ടിരുന്നത്. പ്രസന്നവദനനായി നിൽക്കാൻ കഴിയുക എന്നത് ഒരാളുടെ വ്യക്തിത്വത്തിനു പത്തരമാറ്റേകുന്നു.'നിന്റെ സഹോദരനെ നോക്കിയുള്ള പുഞ്ചിരി ദാനമാണ്' എന്ന നബിവചനത്തിൻ്റെ സാമൂഹിക സന്ദേശം അനിർവചനീയമാണ്. നല്ല പെരുമാറ്റത്തിന്റെ ഉദാത്തമായൊരു രീതിയാണ് എല്ലാവരെയും പരിഗണിച്ച് പെരുമാറുക എന്നത്. നബി സവിധത്തിലെ സ്വഹാബികൾ പറയുന്നതിങ്ങനെ. ഞങ്ങൾ നബിയുടെ സദസ്സിലിരുന്നാൽ ഞങ്ങൾ ഓരോരുത്തർക്കും തോന്നുക നബി(സ്വ) എന്നെ നോക്കിയാണ് എല്ലാം പറയുന്നത് എന്നാണ്. മദീനയിലെ മസ്ജിദ് അങ്കണം അടിച്ചുവൃത്തിയാക്കിയിരുന്ന ഒരു സ്ത്രീയുണ്ടായിരുന്നു.അവർ മരണപ്പെട്ടപ്പോൾ ബന്ധപ്പെട്ടവർ നബി(സ്വ)യെ വിവരമറിയിക്കാതെ അവരെ ഖബറടക്കി. പിന്നീട് അവർ മരിച്ച വിവരമറിഞ്ഞപ്പോൾ പ്രവാചകൻ (സ്വ) ബന്ധുക്കളെ ശകാരിക്കുകയും അവരുടെ ഖബർ കാണിച്ചുതരാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ആ ഖബറിടത്തിൽ ചെന്ന് മയ്യിത്ത് നിസ്‌കരിക്കുകയും അവർക്ക് വേണ്ടി ദീർഘമായി പ്രാർഥിക്കുകയും ചെയ്തു. പരസ്പര ഹൃദയതാളൈക്യം സൃഷ്ടിക്കുന്ന സംവേദനങ്ങൾ സമൂഹനിർമിതിയുടെ അസ്തിവാരം കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."