സഊദിയിൽ കസ്റ്റമർ സർവ്വീസ് ജോലികൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തി
റിയാദ്: സഊദിയിൽ കസ്റ്റമർ സർവ്വീസ് ജോലികൾ സ്വദേശി വത്കരിക്കാൻ തൊഴിൽ സാമൂഹിക വികസന മന്ത്രാലയം നിർദേശം നൽകി. കൂടുതൽ സഊദി യുവതി യുവാക്കൾക്ക് തൊഴിൽ നൽകുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഈ മേഖലയിൽ സഊദി വത്ക്കരണം നടപ്പിലാക്കാൻ തൊഴിൽ സാമൂഹിക വികസന കാര്യ മന്ത്രി എഞ്ചിനീയർ അഹ്‌മദ് സുലൈമാൻ അൽ രാജ്‌ഹിയാണ് നിർദേശം നൽകിയത്.
ഇ-മെയിൽ, ചാറ്റ്, ഫോൺകോൾ, സോഷ്യൽ മീഡിയ, നേരിട്ടുള്ള സർവീസ് തുടങ്ങി കസ്റ്റമർ സർവ്വീസുമായി ബന്ധപ്പെട്ട മുഴുവൻ തസ്‌തികകളും സ്വദേശി വത്കരിക്കാനാണ് നിർദേശം. ഈ മേഖലയിലേക്ക് സ്വദേശികൾക്ക് പരിശീലനം നൽകുന്നതിനായി വിവിധ പദ്ധതികളും മന്ത്രാലയം ആസൂത്രണം ചെയ്‌തിട്ടുണ്ട്.
അതേസമയം, രാജ്യത്തെ സ്വകാര്യ മേഖലയിലെ സഊദി വത്കരണത്തിൽ വർധനവ് ഉണ്ടായതായി ഹ്യുമൻ റിസോഴ്‌സ് ഡവലപ്മെന്റ് ഫണ്ട് അറിയിച്ചു. 2020 അവസാന പാദത്തിൽ സ്വകാര്യ മേഖലയിൽ സഊദി വത്ക്കരണം 21.81 ശതമാനമായാണ് ഉയർന്നത്. 2019 ൽ ഇതേ കാലയളവിൽ ഇത് 20.90 ശതമായിരുന്നു. ഏറ്റവും കൂടുതൽ സഊദി വത്ക്കരണം നടന്നത് കിഴക്കൻ പ്രവിശ്യയിലാണ്. 25.3 ശതമാനമാണിവിടെ സ്വദേശി വത്ക്കരണം ഉണ്ടായത്. റിയാദ് 22.5 ശതമാനം, മക്ക 21.4, മദീന 19.2, അസീർ 17.6 ശതമാനം എന്നിങ്ങനെയാണ് സഊദി വത്ക്കരണം നടന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."