സ്‌കൂളില്‍ വരുന്നത് മതം അഭ്യസിക്കാനല്ല; വിദ്യാര്‍ത്ഥികള്‍ ഹിജാബും കാവിഷാളും ധരിക്കരുതെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി
ബംഗളൂരു: വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോകുമ്പോള്‍ ഹിജാബും കാവിഷാളും ധരിക്കരുതെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര . വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പോകുന്നത് മതം അഭ്യസിക്കാനല്ലെന്നും ഭാരത മാതാവിന്റെ കുട്ടികളാണെന്ന തിരിച്ചറിവോടെയാണ് സ്‌കൂളില്‍ പോകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ വിഷയത്തിലെ രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനായി ചിലര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനെതിരെ പൊലിസ് നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉടുപ്പിയിലെയും കുന്ദാപൂര്‌ലേയും മുസ്‌ലിം വിദ്യാര്‍ത്ഥിനികളോട് ഹിജാബ് ധരിച്ചതിന്റെ പേരില്‍ പ്രിന്‍സിപ്പല്‍മാര്‍ തടഞ്ഞ സംഭത്തിന് പിന്നാലെയാണ് കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
ഇന്ത്യയുടെ ഐക്യത്തെ തകര്‍ക്കുന്ന വ്യത്യസ്ത ആശയങ്ങളുള്ള മത സംഘടനകള്‍ സംസ്ഥാനത്തുണ്ടെന്നും അവയെ പ്രത്യേകം നിരീക്ഷിക്കാന്‍ പൊലിസിനോട് ആവശ്യപ്പെട്ടതായും ജ്ഞാനേന്ദ്ര പറഞ്ഞു. മതപരമായ ആചാരങ്ങള്‍ പിന്തുടരാന്‍ പള്ളികളും മസ്ജിദുകളും ക്ഷേത്രങ്ങളുമുണ്ടെന്നും സ്‌ക്കൂളുകളില്‍ എല്ലാ മതങ്ങളിലെയും വിദ്യാര്‍ഥികള്‍ ഒരുമിച്ചിരുന്ന് ഒരേ അമ്മയുടെ മക്കളാണെന്ന തോന്നലോടെ പഠിക്കണമെന്നും ജ്ഞാനേന്ദ്ര ഉപദേശിച്ചു.
കുന്ദാപൂരിലെ സര്‍ക്കാര്‍ പ്രീയൂണിവേഴ്‌സിറ്റി കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ മുസ്‌ലിം പെണ്‍കുട്ടികളെ പ്രിന്‍സിപ്പല്‍ ഗേറ്റില്‍ തടഞ്ഞു നിര്‍ത്തുകയും ക്യാംപസില്‍ പ്രവേശിക്കും മുമ്പ് ഹിജാബ് അഴിച്ചു മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ ഹിജാബ് ധരിക്കുന്നതില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ നൂറിലധികം ഹിന്ദു വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ ധരിച്ച് ക്യാംപസിലെത്തുകയും ചെയ്തു.
കഴിഞ്ഞ മാസം ഉഡുപ്പി സര്‍ക്കാര്‍ വനിതാ പി.യു. കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ എട്ടു വിദ്യാര്‍ഥികളെ അധികൃതര്‍ കോളേജില്‍ നിന്ന് പുറത്താക്കിയിരുന്നു . ഹിജാബ് ധരിക്കുന്നത് യൂണിഫോം കോഡിന്റെ ലംഘനമാണെന്നും ഇത് ധരിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സ്വീകരിക്കേണ്ടിവരുമെന്നും കോളേജ് അധികൃതര്‍ പറഞ്ഞിരുന്നു.
അതേസമയം, ഹിജാബ് വിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കളും പാര്‍ലമെന്റ് അംഗങ്ങളുമായ ശശി തരൂര്‍, കാര്‍ത്തി പി. ചിദംബരം, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല തുടങ്ങിയവര്‍ വിമര്‍ശനവുമായി എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."