പെഗാസസ് ഇല്ലാത്ത കാലത്തെ യു.പി തെരഞ്ഞെടുപ്പ്
ഡൽഹി നോട്സ്
കെ.എ സലിം
പെഗാസസ് ഇല്ലാത്ത കാലത്തെ യു.പി തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് സർപ്രൈസുകളുടേതാണ്. തെരഞ്ഞെടുപ്പ് കാലത്ത് മറ്റു പാർട്ടികളിൽനിന്ന് നേതാക്കളെ തങ്ങൾക്കൊപ്പമാക്കി ബി.ജെ.പിയാണ് സർപ്രൈസുകൾക്ക് തുടക്കമിടാറ്. എന്നാൽ, യോഗി മന്ത്രിസഭാംഗമായിരുന്ന സ്വാമി പ്രസാദ് മൗര്യയെ സമാജ് വാദി പാർട്ടിയിലെത്തിച്ച് അഖിലേഷ് യാദവാണ് യു.പിയിലെ അപ്രതീക്ഷിത നീക്കങ്ങൾക്ക് തുടക്കം കുറിച്ചത്.പിന്നാലെ ബി.ജെ.പി മന്ത്രിമാരായ ധാരാസിങ് ചൗഹാൻ, ധരം സിങ് സൈനി എന്നിവർ സ്ഥാനങ്ങൾ രാജിവച്ച് എസ്.പിയിൽ ചേർന്നു. എം.എൽ.എമാരായ ഭഗവന്ദ് സാഗർ, വിനയ് ഷാക്യ, റോഷൻലാൽ വർമ, മുകേഷ് വർമ, ബ്രജേഷ് കുമാർ പ്രജാപതി എന്നിവരും ബി.ജെ.പി വിട്ട് എസ്.പിയിൽ ചേർന്നു.
യു.പി ആരു നേടുമെന്ന ചോദ്യത്തിന് ഉത്തരം ഇപ്പോഴുമായിട്ടില്ല. എന്നാൽ ബി.ജെ.പിക്ക് യാതൊരു ഉറപ്പുമില്ലെന്ന ഉത്തരമുണ്ട്. എസ്.പിക്കാണ് കൂടുതൽ സാധ്യതയെന്ന് ഗ്രൗണ്ട് റിപ്പോർട്ട്. ബി.ജെ.പിക്ക് ഒട്ടും പ്രതീക്ഷ നൽകുന്നതല്ല തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ടുഘട്ടങ്ങൾ. ഉത്തർപ്രദേശിൽ 58 സീറ്റുകളിലേക്കാണ് ഫെബ്രുവരി 10ന് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ കർഷക സമരം നയിച്ച കരിമ്പുകർഷരുടെ നാടായ മുസഫർ നഗർ അടക്കമുള്ള പടിഞ്ഞാറൻ യു.പിയിലാണ് ആദ്യഘട്ടത്തിലെ സീറ്റുകളിൽ ഭൂരിഭാഗവുമുള്ളത്. 2017ലെ തെരഞ്ഞെടുപ്പിൽ ഈ മേഖലയിലെ 58ൽ 53 സീറ്റുകളാണ് ബി.ജെ.പി നേടിയത്. എസ്.പിയും ബി.എസ്.പിയും രണ്ടു സീറ്റുകൾ വീതവും ആർ.എൽ.ഡി ഒരു സീറ്റും നേടി. 30 സീറ്റുകളിൽ ബി.എസ്.പി രണ്ടാമതായിരുന്നു. 15 സീറ്റുകളിൽ എസ്.പിയും രണ്ടാമതാണ്. 2013ലെ മുസഫർ നഗർ കലാപത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പായിരുന്നു അത്. ഖൈറാനയിൽ ഹിന്ദുക്കൾ പലായനം ചെയ്യുന്നുവെന്ന ആരോപണവും ബി.ജെ.പിക്ക് സംസ്ഥാനത്തൊട്ടാകെ ഗുണം ചെയ്തിട്ടുണ്ട്.
എന്നാൽ ഇത്തവണ വർഗീയത പടിഞ്ഞാറൻ യു.പിയിൽ ഗുണം ചെയ്യാനിടയില്ല. 2012ലെ തെരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് 20 സീറ്റുകളിലാണ് ബി.എസ്.പി വിജയിച്ചത്. എസ്.പി 14 സീറ്റുകളും ബി.ജെ.പി 10 സീറ്റുകളും നേടി. ആർ.എൽ.ഡി ഒൻപത് സീറ്റുകളിലും കോൺഗ്രസ് അഞ്ചു സീറ്റുകളിലും വിജയിച്ചു. അപ്പോഴും 24 സീറ്റുകളിൽ ബി.എസ്.പിയായിരുന്നു രണ്ടാമത്. 2013ലെ മുസഫർ നഗർ കലാപം വരെ ബി.എസ്.പിയുടെ ശക്തികേന്ദ്രമായിരുന്ന മേഖലയിൽ മുസ്‌ലിംകളും ദലിതുകളുമായിരുന്നു ബി.എസ്.പിയുടെ പ്രധാന വോട്ടുബാങ്ക്. ജാട്ടുകളുടെ പിന്തുണ ആർ.എൽ.ഡിക്കായിരുന്നു. കലാപത്തിന് ശേഷം ദലിത് വോട്ടുകളും ജാട്ട് വോട്ടുകളും ഒറ്റക്കെട്ടായി ബി.ജെ.പിക്ക് പോയി. 2012ൽ മേഖലയിൽ 11 മുസ്‌ലിം സ്ഥാനാർഥികൾ വിജയിച്ചിരുന്നെങ്കിൽ 2017ൽ അത് ഒന്നായി ചുരുങ്ങി.
ഫെബ്രുവരി 14ന് നടക്കുന്ന രണ്ടാംഘട്ടത്തിലെത്തുമ്പോൾ നിർണായകമാവുന്നത് മുസ്‌ലിം വോട്ടുകളാണ്. പശ്ചിമ യു.പി മുതൽ മധ്യ യു.പി വരെ വ്യാപിച്ചുകിടക്കുന്ന മുറാദാബാദ്, ഷഹാറൻപൂർ, ബിജ്‌നോർ, അംറോഹ ഉൾപ്പെടെയുള്ള ഒമ്പത് ജില്ലകളിലെ 55 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. മുസ്‌ലിം വോട്ടുകൾ പോലെ ദലിത് വോട്ടുകളും നിർണായകമാണ് ഈ മേഖലകളിൽ. 2017ലെ തെരഞ്ഞെടുപ്പിൽ 55ൽ 38 സീറ്റുകൾ ബി.ജെ.പിയാണ് നേടിയത്. 15 സീറ്റുകൾ എസ്.പിയും രണ്ട് സീറ്റുകൾ കോൺഗ്രസും നേടി. മോദി തരംഗവും മുസ്‌ലിം വോട്ടുകൾ വിഭജിച്ചതുമാണ് ബി.ജെ.പിക്ക് എളുപ്പമാക്കിയത്. എസ്.പിയിൽ നിന്ന് വിജയിച്ച 15ൽ 11 പേരും മുസ്‌ലിം സ്ഥാനാർഥികളായിരുന്നു. മേഖലയിലെ 27 സീറ്റുകളിൽ എസ്.പി രണ്ടാംസ്ഥാനത്തെത്തുകയും ചെയ്തു. ബി.എസ്.പിക്ക് ഒരു സീറ്റും ലഭിച്ചില്ലെങ്കിലും പതിനൊന്നിടത്ത് രണ്ടാം സ്ഥാനത്തെത്തി.
2012ൽ ഈ മേഖലയിൽ ഏറ്റവും കൂടുതൽ സീറ്റുകളിൽ വിജയിച്ചത് എസ്.പിയായിരുന്നു. 27 സീറ്റുകളാണ് അന്ന് എസ്.പിക്ക് സ്വന്തമാക്കാൻ കഴിഞ്ഞത്. ബി.ജെ.പിക്ക് എട്ട് സീറ്റ് മാത്രമാണുണ്ടായിരുന്നത്. ഇത്തവണ മോദി തരംഗമില്ല. മുസ്‌ലിം വോട്ടുകൾ ഒറ്റക്കെട്ടായി എസ്.പിക്കൊപ്പമാണ്. 2017ലെ തെരഞ്ഞെടുപ്പിൽ 5,000ത്തിൽ താഴെ വോട്ടിന്റെ ഭൂരിപക്ഷം നേടിയ 47 മണ്ഡലങ്ങളാണ് ഉത്തർപ്രദേശിലുള്ളത്. ഇതിൽ 23 എണ്ണത്തിൽ വിജയിച്ചത് ബി.ജെ.പിയാണ്. അനുകൂല തരംഗമില്ലാത്തതും എസ്.പിയുടെ മുന്നേറ്റവും ഈ മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് ഭീഷണിയാണ്. കുറഞ്ഞ ഭൂരിപക്ഷം നേടിയ 47 മണ്ഡലങ്ങളിൽ എട്ടിലും 1,000 വോട്ടിന് താഴെയായിരുന്നു ഭൂരിപക്ഷം. ദൂമരിയഗഞ്ച്, മീരാപൂർ, ശ്രാവസ്തി, മുഹമ്മദാബാദ്, രാംപൂർ എന്നിങ്ങനെ ഇത്തരത്തിൽ അഞ്ചു സിറ്റിങ് സീറ്റുകൾ ബി.ജെ.പിയുടേതായുണ്ട്. മീരാപൂരിൽ ബി.ജെ.പി ജയിച്ചത് കേവലം 193 വോട്ടിനാണ്.
അതിനെല്ലാമപ്പുറത്ത് ജാതി സമവാക്യം ശരിയായി ഉപയോഗിക്കുന്നവർക്കാണ് ഉത്തർപ്രദേശ് പിടിക്കാനാവുക. ജാതിയെ മറികടക്കുന്ന വർഗീയതയായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ബി.ജെ.പി ആയുധം. എന്നാൽ, ഇത്തവണ ജാതികൾ തിരിച്ചുവന്നിട്ടുണ്ട്. ജാതി രാഷ്ട്രീയം ഏറ്റവും നന്നായി പ്രയോഗിക്കുന്നത് അഖിലേഷ് യാദവാണ്. മുസ്‌ലിം, യാദവ വോട്ടുകൾ ഉറപ്പാക്കിയതിന് പിന്നാലെ യാദവ ഇതര പിന്നോക്ക, ദലിത് വോട്ടുകളുടെ പിറകെയാണ് അഖിലേഷ്. പിന്നോക്ക വിഭാഗമായ ലോനിയ -ചൗഹാൻ ജാതിവിഭാഗമാണ് ബി.ജെ.പി വിട്ട് എസ്.പിയിൽ ചേർന്ന ധാരാ സിങ് ചൗഹാന്റേത്. കിഴക്കൻ യു.പിയിലെ അഅ്‌സംഗഢ്, വാരാണസി മേഖലകളിൽ ഈ വിഭാഗം ശക്തമാണ്. ധരംസിങ് സൈനി നാക്കൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ്. ഈ മേഖലയിൽ സൈനി വിഭാഗം ശക്തമാണ്. സ്വാമി പ്രസാദ് മൗര്യയുടെ, മൗര്യ വിഭാഗം സംസ്ഥാനമാകെ വ്യാപിച്ച് കിടക്കുന്ന ജാതിയാണ്.
യാദവ ഇതര ഒ.ബി.സി, ദലിത് വോട്ടുകളാണ് ബി.ജെ.പിക്ക് ഇതുവരെ വലിയ തുണയായിരുന്നത്. ഏകദേശം 35 മുതൽ 37 ശതമാനം വരെ വോട്ടുകളാണ് ഒ.ബി.സി വിഭാഗങ്ങളുടേതായുള്ളത്. ഇതിൽ 12 ശതമാനത്തോളം വോട്ടുകൾ യാദവ വിഭാഗക്കാരാണ്. 2014 മുതൽ 2019 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള 25 ശതമാനം വോട്ടുകളിലാണ് ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. കുർമി, മൗര്യ, കായസ്ത്, വിശ്വകർമ, ഗുപ്ത, സൈനി ഉൾപ്പെടെയുള്ളവരാണ് ഉത്തർപ്രദേശിലെ പ്രധാന യാദവ ഇതരെ പിന്നോക്ക ജാതി വിഭാഗങ്ങൾ. ഈ വോട്ടുകൾ കൂടെ നിർത്താനാണ് അഖിലേഷ് നോക്കുന്നത്. ആദ്യഘട്ടത്തിലുൾപ്പെടുന്ന മുസഫർ നഗർ, മീററ്റ്, ബാഗ്പത്, ബുലന്ദ് ഷഹർ, ശാംലി, മഥുര, ആഗ്ര ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ മുസ്‌ലിം വോട്ടുകളും ജാട്ട് വോട്ടുകൾക്കൊപ്പം നിർണായകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."