പി.കെ ഫിറോസ് ഫണ്ട് തിരിമറി നടത്തിയെന്ന് യൂത്ത് ലീഗ് മുന്‍ ദേശീയ സമിതി അംഗം; ഒരു രൂപപോലും വാങ്ങിയിട്ടില്ലെന്ന് ഫിറോസ്
കോഴിക്കോട്: കത്വ-ഉന്നാവോ പീഡന സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇരകള്‍ക്ക് വേണ്ടി പിരിച്ച തുക ദുര്‍വിനിയോഗം ചെയ്തെന്ന ആരോപണവുമായി യൂത്ത് ലീഗിന്റെ മുന്‍ ദേശീയ സമിതി അംഗം യൂസഫ് പടനിലം. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിനെതിരേയാണ്
ആരോപണവുമായി യൂസഫ് പടനിലം രംഗത്തെത്തിയിരിക്കുന്നത്. അതേ സമയം
തനിക്കെതിരെ ഉന്നയിച്ച ആരോപണം ശുദ്ധ കളവാണെന്നും തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നു പി.കെ ഫിറോസ് പ്രതികരിച്ചു.
ഒരുരൂപ പോലും ദേശീയ കമ്മിറ്റിയുടെ ഏതെങ്കിലും ഫണ്ടില്‍ നിന്ന് സംസ്ഥാന കമ്മിറ്റി വാങ്ങിയിട്ടില്ല. കണക്ക് ആര് ആവശ്യപ്പെട്ടാലും കാണിക്കും.
കത്വവയില്‍ ക്രൂരമായി കൊല്ലപ്പെട്ട പിഞ്ചുബാലികയുടെ കുടുംബത്തെ സഹായിക്കാനും നിയമസഹായം നല്‍കാനുമാണ് യൂത്ത്‌ലീഗ് ദേശീയ കമ്മിറ്റി ഫണ്ട് സമാഹരിച്ചത്.
നിയമസഹായം ഉള്‍പ്പെടെ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ യൂത്ത്‌ലീഗിനെ പ്രശംസിച്ച് നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതുമാണ്.
യുവജന യാത്രയുടെ കടം വീട്ടുന്നതിനായി 15 ലക്ഷം രൂപ ഈ ഫണ്ടില്‍ നിന്നും വകമാറ്റി ചെലവഴിച്ചു എന്ന ആരോപണമാണ് ഈ വ്യക്തി എനിക്കെതിരെ ഉന്നയിച്ചത്. ഇത് ശുദ്ധ അസംബന്ധമാണ്.
ആരോപണമുന്നയിച്ച വ്യക്തിയെ യൂത്ത് ലീഗ് നേതാവ്, ദേശീയ നിര്‍വാഹക സമിതി അംഗം എന്നൊക്കെയാണ് ചില മാധ്യമങ്ങള്‍ എഴുതിക്കാണിക്കുന്നത്. ഇത് തെറ്റാണെന്നും ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച് തോല്‍ക്കുകയും പാര്‍ട്ടി പുറത്താക്കുകയും ചെയ്ത വ്യക്തിയാണ് ഇദ്ദേഹമെന്നും പി.കെ ഫിറോസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."