പാവറട്ടി പഞ്ചായത്തില്‍ അധികാര വടംവലി: ഡി.സി.സി ഇടപെടുന്നു
പാവറട്ടി: പൊതുജനത്തെ നോക്കുകുത്തികളാക്കി പാവറട്ടി ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് മെമ്പര്‍മാരുടെ അധികാര വടംവലിയില്‍ ഡി.സി.സി നേതൃത്വം ഇടപെടുന്നു. കഴിഞ്ഞ ഭരണ സമിതിയില്‍ ഉണ്ടായ അതേ അധികാര വടംവലിയാണ് ഈ ഭരണ സമിതിയിലും ഉണ്ടായിരിക്കുന്നത്. സ്ഥിരമായി യു.ഡി.എഫ് ഭരിക്കുന്ന പാവറട്ടി ഗ്രാമപഞ്ചായത്തിലെ ഭരണ പരാജയത്തിന് കാരണം മുഖ്യമായും പ്രധാന കക്ഷിയായ കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയാണ്.
കഴിഞ്ഞ ഭരണ സമിതിക്കെതിരേ യു.ഡി.എഫിലെ ഒരു ഗ്രൂപ്പും ഇടതു പക്ഷവും കൂടി അവിശ്വാസം കൊണ്ടുവരുകയും ഭരണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കോടതി ഇടതു പക്ഷവുമായി ചേര്‍ന്ന് ഭരണം പിടിച്ചെടുത്ത യു.ഡി.എഫ് അംഗങ്ങളെ അയോഗ്യരാക്കിയതിനെ തുടര്‍ന്ന് വീണ്ടും ആദ്യ ഭരണ സമിതി അധികാരത്തില്‍ വരികയായിരുന്നു. എന്നാല്‍ ഇത്തവണ ആകെയുള്ള പതിനഞ്ച് സീറ്റുകളില്‍ യു.ഡി.എഫ് എട്ടും, എല്‍.ഡി.എഫിന് നാലുംം, ബി.ജെ.പിക്ക് രണ്ടും, ഒരു സ്വതന്ത്രനുമാണുള്ളത്. യു.ഡി.എഫില്‍ കോണ്‍ഗ്രസ് അഞ്ച്, മുസ്‌ലിം ലീഗ് രണ്ട്, കേരള കോണ്‍ഗ്രസ് (എം) ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ് സ്ഥാനത്തേക്ക് വടംവലി കാരണം ഇത്തവണ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതില്‍ കോണ്‍ഗ്രസ് മേല്‍ഘടകം ഇടപെട്ടതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിലെ എന്‍.പി കാദര്‍മോന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും ഭരണപക്ഷവും പ്രതിപക്ഷവും യു.ഡി.എഫ് അംഗങ്ങളാണ്. ഒരു വികസന പ്രവര്‍ത്തനത്തിനും അംഗീകാരം നല്‍കാതെ ഭരണപക്ഷത്തിനെതിരെ ഇടതുപക്ഷ അംഗങ്ങളെ കൂട്ടുപിടിച്ച് യു.ഡി.എഫിലെ ഒരു വിഭാഗം ഭരണം പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ്. അതുകൊണ്ടുതന്നെ തൊട്ടടുത്ത പഞ്ചായത്തുകളിലെല്ലാം വാര്‍ഷിക പദ്ധതിക്ക് അനുമതി നല്‍കുകയും വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടും പാവറട്ടിയിലിപ്പോഴും അധികാര വടംവലിയാണ് നടക്കുന്നത്.
ഇതിന്റെ ഭാഗമായി യു.ഡി.എഫ് മെമ്പര്‍മാരായ വിമല സേതുമാധവന്‍, നൂര്‍ജ്ജഹാന്‍ ബഷീര്‍ (കോണ്‍ഗ്രസ്), വൈസ് പ്രസിഡന്റ് മിനി ലിയോ (കേരള കോണ്‍ഗ്രസ് (എം)), ഗ്രേസി ഫ്രാന്‍സിസ് (കോണ്‍ഗ്രസ് റിബല്‍) എന്നിവര്‍ ചേര്‍ന്ന് ഡി.സി.സിക്ക് നല്‍കിയ പരാതിയില്‍ 48 മണിക്കൂറിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഡി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ്, ജനറല്‍ സെക്രട്ടറി സി.സി ശ്രീകുമാര്‍ എന്നിവരെ ഡി.സി.സി പ്രസിഡന്റ് പി.എ മാധവന്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഗ്രൂപ്പ് പോര് മൂലം ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതിനാല്‍ ഇത്തവണ കഷ്ടിച്ച് ഒരു സീറ്റിന്റെ ബലത്തിലാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."