കേന്ദ്രസർക്കാർ ബജറ്റിൽ പ്രവാസികളെ പൂർണ്ണമായും അവഗണിച്ചതിൽ നവയുഗം പ്രതിഷേധിച്ചു
ദമാം: പേരിനു പോലും പ്രവാസികൾക്കായി എന്തെങ്കിലും പദ്ധതി പ്രഖ്യാപിയ്ക്കുകയോ, പണം നീക്കി വയ്ക്കുകയോ ചെയ്യാതെ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പ്രവാസികളെ പൂർണ്ണമായും അവഗണിച്ചതിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രതിഷേധിച്ചു. ചില രാജ്യങ്ങളിലുള്ള പ്രവാസികളുടെ ഇരട്ടിനികുതി പ്രശ്‌നം ഒഴിവാക്കുമെന്നും, പ്രവാസികളുടെ നികുതി ഓഡിറ്റ് പരിധി 5 കോടിയില്‍ നിന്ന് 10 കോടിയായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ടെന്നുമാണ് ബജറ്റിൽ പ്രവാസികളെപ്പറ്റി ആകെയുള്ള പരാമർശം. ഈ രണ്ടു വിഷയങ്ങളും സ്വാഗതാര്ഹമാണെങ്കിലും, ഇതൊന്നും 95% പ്രവാസികളെയും ബാധിക്കുന്ന വിഷയമല്ല.
കൊവിഡ് കാരണം ജോലി നഷ്ടമായി മടങ്ങി വരുന്ന പ്രവാസികൾക്ക് വേണ്ടി പുനഃരധിവാസ പദ്ധതികളോ, വായ്‌പ പോലെയുള്ള ആനുകൂല്യങ്ങളോ, നിക്ഷേപ പദ്ധതികളോ ഒന്നും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത്, പ്രവാസി ഇന്ത്യക്കാരോട് നരേന്ദ്ര മോഡി സർക്കാർ കാണിയ്ക്കുന്ന അവഗണയുടെ തുടർച്ചയാണ്. ഇന്ത്യയുടെ സ്വത്തുക്കളായ പൊതുമേഖലാ സ്ഥാപനങ്ങൾ മുഴുവൻ സ്വകാര്യ മുതലാളിമാർക്ക് വിറ്റു തുലയ്ക്കുക എന്നതുൾപ്പെടെ സമ്പദ്‌വ്യവസ്‌ഥയുടെ ഏകദേശം എല്ലാ പ്രധാന ഘടകങ്ങളും സ്വകാര്യവൽക്കരിക്കാനുള്ള ശ്രമമാണ് ബജറ്റിലുള്ളത്. കർഷകപ്രക്ഷോപം തണുപ്പിയ്ക്കാനും, തെരെഞ്ഞെടുപ്പ് പ്രമാണിച്ചും ഉൾപ്പെടുത്തിയ കുറെ പൊള്ളയായ വാഗ്ദാനങ്ങൾക്കപ്പുറം, കാറ്റു നിറച്ച ബലൂൺ പോലെയുള്ള കേന്ദ്രബജറ്റ് ബജറ്റ് വളരെ നിരാശാജനകമാണെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹനും, ആക്റ്റിങ് സെക്രട്ടറി സാജൻ കണിയാപുരവും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."