വന്യമൃഗങ്ങളുടെ ആക്രമണം നഷ്ടപരിഹാരം കിട്ടാതെ നിരവധിപേർ
സ്വന്തംലേഖിക
കണ്ണൂർ
സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരുക്കേറ്റവർക്കുള്ള നഷ്ടപരിഹാര തുക കൃത്യമായി നൽകാതെ സർക്കാർ. മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കുമായി 2016-21 കാലയളവിൽ നഷ്ടപരിഹാരമായി ആകെ അനുവദിച്ചത് 2,231.9 ലക്ഷം രൂപയാണ്. നിരവധിപേർ അപേക്ഷിച്ചു കാത്തുനിൽക്കുമ്പോഴും നാമമാത്രമായവർക്ക് മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചത്. ഏറ്റവും കൂടുതൽ പരുക്കേറ്റവരുള്ള കണ്ണൂരിൽ 610.05 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആകെ അനുവദിച്ചത്. കഴിഞ്ഞ ആറുവർഷത്തിനിടെ കണ്ണൂരിൽ 1,300 പേർക്കാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരുക്കേറ്റത്. ഇവരിൽ പലർക്കും നൽകേണ്ട നഷ്ടപരിഹാര തുക വർഷങ്ങളായി കുടിശ്ശികയാണ്. വന്യജീവികളുടെ ആക്രമണത്തിൽ ഈ കാലയളവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ മരിച്ചത് പാലക്കാട്ടാണ്. 43 പേരാണ് പാലക്കാട്ട് മരിച്ചത്. കണ്ണൂരിൽ കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണത്തെ തുടർന്ന് മരിച്ചത് 12 പേരാണ്. വയനാട്- 25, ഇടുക്കി- 24, മലപ്പുറം- 17, തൃശ്ശൂർ- 11 എന്നിങ്ങനെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഈ കാലയളവിൽ മരിച്ചു. വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപയും പരുക്കേറ്റ് സ്ഥായിയായ അംഗഭംഗം സംഭവിച്ചവർക്ക് രണ്ടു ലക്ഷം രൂപയും പരുക്കേൽക്കുന്നവർക്കു സർക്കാർ മെഡിക്കൽ ഓഫിസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പരമാവധി ഒരു ലക്ഷം രൂപയുമാണ് നഷ്ടപരിഹാര തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."