കര്‍ഷകരെ പിന്തുണച്ച് കമലാ ഹാരിസിന്റെ അനന്തരവള്‍
ന്യൂഡല്‍ഹി: കര്‍ഷകസമരത്തെ പിന്തുണച്ച് അഭിഭാഷകയും എഴുത്തുകാരിയുമായ മീന ഹാരിസ്. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സഹോദരിയുടെ മകളാണ് മീന. ക്യാപിറ്റലിലും ഡല്‍ഹിയിലും നടന്നത് ഒന്നുതന്നെ. പോപ്പ്താരം റിഹാനയ്ക്കും സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ട്യൂബര്‍ഗിനുമൊപ്പം കര്‍ഷകസമരത്തെ പിന്തുണയ്ക്കുകയാണ് മീന.
ഇന്ത്യയിലെ കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്തുന്നതിനെയും ജനുവരിയില്‍ യുഎസ് ക്യാപിറ്റലില്‍ നടന്ന കലാപത്തെയും മീന താരതമ്യപ്പെടുത്തി. 'ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യം ആക്രമിക്കപ്പെട്ടത് ഒരു മാസം മുന്‍പല്ല. ഏറ്റവും ജനസംഖ്യയുള്ള ജനാധിപത്യവും ആക്രമിക്കപ്പെടുകയാണ്. ഇതു രണ്ടും ബന്ധപ്പെട്ടിരിക്കുന്നു. കര്‍ഷകസമരത്തിനെതിരെ ഇന്ത്യയുടെ ഇന്റര്‍നെറ്റ് നിരോധനവും അര്‍ധസൈനികരുടെ അക്രമങ്ങളും പ്രതിഷേധാര്‍ഹമാണ്- മീന ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയിലോ മറ്റെവിടെയങ്കിലുമോ ഉള്ളതുപോലെ യു.എസ് രാഷ്ട്രീയത്തിലും ആക്രമണോത്സുക ദേശീയതയ്ക്കു ശക്തിയുണ്ട്. ഫാസിസ്റ്റ് ഏകാധിപതികള്‍ എവിടെയും പോകുന്നില്ല എന്ന യാഥാര്‍ഥ്യത്തെക്കുറിച്ച് ആളുകള്‍ ഉണര്‍ന്നാലെ ഇതു നിര്‍ത്താനാകൂയെന്നും മീന പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരിനെതിരായ ആഗോള സെലിബ്രിറ്റികളുടെ പിന്തുണ ആരാണ് സമരത്തിന്റെ ദീപശിഖ പിടിക്കുന്നത് എന്ന സംശയമുണ്ടാക്കുന്നെന്ന് ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."