ഫണ്ട് തിരിമറി: ആരോപണം അതീവ ഗൗരവതരമെന്ന് കെ.ടി ജലീല്‍, തെളിയിക്കാന്‍ വെല്ലുവിളിച്ച് യൂത്ത് ലീഗ്, തെളിയിച്ചാല്‍ ഒരുകോടി ഇനാം നല്‍കുമെന്നും നേതാക്കള്‍
കോഴിക്കോട്: യൂത്ത് ലീഗിലെ ഫണ്ട് തിരിമറി ആരോപണം അതീവ ഗൗരവമുള്ളതാണെന്ന് മന്ത്രി കെ.ടി.ജലീല്‍. പിരിച്ചെടുക്കുന്ന പണം അതേ ആവശ്യത്തിന് കൊടുക്കാന്‍ കഴിയില്ലെങ്കില്‍ പണപ്പിരിവ് മുസ്ലിം ലീഗ് നിര്‍ത്തണമെന്നും കെ.ടി.ജലീല്‍ ആവശ്യപ്പെട്ടു.
ഫണ്ട് തിരിമറിയില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയും യൂത്ത് ലീഗ്, എം.എസ്.എഫ് നേതൃത്വവും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. പണപ്പിരിവിന്റെ കണക്ക് ചോദിക്കില്ല പകരം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ മടക്കത്തിന് എതിരു നില്‍ക്കരുതെന്നാണ് അതെന്നും കെ.ടി.ജലീല്‍ മലപ്പുറത്ത് പറഞ്ഞു.
അതേ സമയം കത്‌വ, ഉന്നാവോ പെണ്‍കുട്ടികളുടെ കുടുംബത്തിനായി പിരിച്ച പണം മുസ്‌ലിം യൂത്ത് ലീഗ് വകമാറി ചെലവഴിച്ചതായുള്ള ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ച് യൂത്ത് ലീഗ് ദേശീയ നേതാക്കള്‍ രംഗത്തെത്തി. പിരിച്ചെടുത്തത് 39,33,597 രൂപയാണ്. കുടുംബങ്ങള്‍ക്ക് സഹായമായി നല്‍കി ബാക്കിയുള്ള പണം നിയമപോരാട്ടത്തിനായാണ് നീക്കിവെച്ചതെന്നും നേതാക്കള്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ട യൂസുഫ് പടനിലം ആരോപണം വസ്തുതാപരമായി തെളിയിച്ചാല്‍ ഒരു കോടി രൂപ ഇനാം നല്‍കുമെന്നും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് ഫൈസല്‍ ബാബു പറഞ്ഞു. നിയമസഭാ തെരഞ്ഞടുപ്പില്‍ കുന്ദമംഗലം സീറ്റില്‍ എല്‍.ഡി.എഫ് സീറ്റ് നല്‍കുമെന്ന പ്രതീക്ഷയിലാണ് അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ചതെന്നും ഇതിനായി വിലകുറഞ്ഞ രാഷ്ട്രീയം പയറ്റുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം യൂത്ത് ലീഗുമായി ഉയര്‍ന്ന ഫണ്ടുതിരിമറി ആരോപണം അടിസ്ഥാന രഹിതമാണെന്ന് മലപ്പുറം ജില്ലാ മുസ് ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കത്‌വ പോലുള്ള വിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ഖേദകരമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."