എൻഡോസൾഫാൻ: ഭരണകൂടം എന്ന് കണ്ണ് തുറക്കും?
പൊന്നോമനയുടെ കൈകാലുകള്‍ വളരുന്നുണ്ടോയെന്ന് നോക്കി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന അമ്മമാരുടെ നാടാണ് കേരളം. കുരുന്നുകളുടെ ചുണ്ടുകളില്‍ വിടരുന്ന പുഞ്ചിരിയിലാണ് ഈ അമ്മമാരുടെ പ്രതീക്ഷകള്‍ തളിരിടുന്നത്. എന്നാല്‍ കാസര്‍കോട്ടേക്ക് വരിക. ഓരോ ദിവസവും സ്വന്തം കുഞ്ഞിന്റെ തല വളരുന്നത് വേദനയോടെയും നിസ്സഹായതയോടെയും നോക്കിനില്‍ക്കേണ്ടിവരുന്ന അമ്മമാര്‍ ഏറെയുണ്ടിവിടെ. പേറ്റുനോവ് തീരുംമുമ്പ് തന്നെ തങ്ങളുടെ പൊന്നോമനകള്‍ മരണത്തിലേക്ക് വീഴുന്നതിന് സാക്ഷിയായ മാതൃഹൃദയം പിളര്‍ന്ന് ഇറ്റുവീഴുന്ന കണ്ണുനീര്‍ ഈ മണ്ണിനെ ചുട്ടുപൊള്ളിക്കുന്നുണ്ട്. എന്നാല്‍ ഈ അമ്മമാരുടെ കണ്ണീരിനും വിലാപത്തിനും നേരേ കണ്ണടയ്ക്കുകയാണ് അധികൃതര്‍.
കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ഈ ജില്ലയുടെ ആസ്ഥാനമായ കാസര്‍കോട് നഗരത്തില്‍ ഇക്കഴിഞ്ഞ ജനുവരി 13 മുതല്‍ ആരംഭിച്ച ഒരു സമരമുണ്ട്. 'കേരളത്തിന് അനുവദിക്കുന്ന എയിംസ് കാസര്‍കോട് സ്ഥാപിക്കണമെന്ന' ബാനറിന് കീഴിലാണ് ആ നിരാഹാര സമരമെങ്കിലും ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശത്തിനായുള്ള ഒരു ജനതയുടെ പോരാട്ടമാണത്. അവിടെ എയിംസ് ഒരു പ്രതീകം മാത്രം. വിദഗ്ധ ചികിത്സ കിട്ടാതെ ഇനിയാരും ഇവിടെ മരിച്ചുവീഴരുതെന്ന ചിന്ത മാത്രമാണ് ഒരു ജനതയെ വീണ്ടും സമരപന്തലില്‍ എത്തിച്ചത്.
എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരിതത്തില്‍ നിന്ന് കാസര്‍കോടന്‍ ജനത മോചിതമാകാന്‍ ഇനിയെത്ര നാള്‍ എടുക്കുമെന്ന് ആര്‍ക്കും അറിയില്ല. സര്‍ക്കാര്‍ കണക്കിലുള്ള ദുരിതബാധിതരില്‍ പലരും വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചുവീഴുമ്പോള്‍ നിസംഗതയോടെ നോക്കിനില്‍ക്കുകയാണ് ഉറ്റവര്‍. ഇതില്‍ ഏറെ വേദനാജനകം കുട്ടികളുടെ വിടവാങ്ങലാണ്. സര്‍ക്കാര്‍ രേഖകളില്‍ നിന്ന് 'എന്‍ഡോസള്‍ഫാന്‍ ഇരകള്‍' എന്ന വിശേഷണത്തില്‍ നിന്നുപോലും ഇവരെ ഒഴിവാക്കാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍, തലവളര്‍ന്നു പൊട്ടിയും ഹൃദയം നിലച്ചും ഇരകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഒന്നര വയസുകാരി ഹര്‍ഷിത ഈ പട്ടികയിലെ അവസാന രക്തസാക്ഷിയാണ്. കുമ്പഡാെജ പെരിഞ്ചീരി മുക്കൂര്‍ കോളനിയിലെ മോഹനന്റെയും ഉഷയുടെയും മകള്‍ ഒന്നര വയസ്സുകാരി ഹര്‍ഷിത കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണിറ്റി ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് വിഭാഗത്തില്‍ വച്ചാണ് മരിച്ചത്. 2020 ജൂലൈ 19 ജനിച്ച കുഞ്ഞിന് തല വലുതാകുന്ന അസുഖമായിരുന്നു. ആദ്യം കുഞ്ഞിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഹര്‍ഷിതയുടെ ജീവന്‍ രക്ഷിക്കാന്‍ ആര്‍ക്കുമായില്ല. ഹര്‍ഷിത മാത്രമല്ല, ഇക്കഴിഞ്ഞ ഡിസംബര്‍ അവസാനമാണ് പതിമൂന്നുകാരനായ മാണിക്കോട് മുഹമ്മദ് ഇസ്മയിലും അഞ്ചുവയസുകാരിയായ ബേലൂരിലെ അമേയയെന്ന കുഞ്ഞാറ്റയും മരിച്ചത്. തല വളരുന്നതായിരുന്നു അമേയയുടെയും അസുഖം. അഞ്ചു വര്‍ഷമായിട്ടും വിദഗ്ധചികിത്സ കൊടുക്കാന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് കഴിഞ്ഞില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടാത്തതിനാല്‍ സൗജന്യ ചികിത്സയും ലഭിച്ചിരുന്നില്ല. എറണാകുളത്തെ ഒരു സംഘടന ചികിത്സയ്ക്ക് വേണ്ട സഹായം ചെയ്യാന്‍ രംഗത്തുവന്നെങ്കിലും ഏറെ വൈകിയിരുന്നു. ഹര്‍ഷിതയും സര്‍ക്കാരിന്റെ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. മെഡിക്കല്‍ ക്യാംപ് നടത്തിയാണ് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടെത്തുന്നത്. എന്നാല്‍ 2019ന് ശേഷം ക്യാംപ് നടന്നിട്ടില്ല. ഹര്‍ഷിതയുടെ സഹോദരിമാര്‍ക്കും സംസാര വൈകല്യമുണ്ട്. ഇവര്‍ മാത്രമല്ല, എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയിലെ നിരവധി കുട്ടികള്‍ക്കാണ് വിദഗ്ധ ചികിത്സ ആവശ്യമുള്ളത്.
കാസര്‍കോട് ജില്ലയില്‍ വേണ്ടത്ര ആശുപത്രികള്‍ ഇല്ലാത്തതും എന്‍ഡോസള്‍ഫാന്‍ രോഗികളുടെ ചികിത്സയും കണക്കിലെടുത്ത് മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. മികച്ച ചികിത്സ കിട്ടിയാല്‍ പല കുട്ടികള്‍ക്കും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്നാണ് വ്യക്തമാകുന്നത്. ഇതിനായി ഗവേഷണ സ്വഭാവമുള്ള ചികിത്സാ സൗകര്യമാണ് വേണ്ടത്. ഇതാണ് ജനകീയ കൂട്ടായ്മയുടെ സമരത്തിന് പ്രചോദനവും. മാധ്യമശ്രദ്ധയില്‍ നിന്നെല്ലാം അകന്നതിനാലായിരിക്കാം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിവരം ഇപ്പോള്‍ അധികമൊന്നും പുറംലോകമറിയാറുമില്ല. ഇതുവരെ നൂറോളം കുട്ടികള്‍ വിദഗ്ധചികിത്സ കിട്ടാതെ മരിച്ചുവെന്നാണ് കണക്കാക്കുന്നത്. അതേസമയം, മംഗളൂരു ആശുപത്രികളില്‍ കൃത്യമായി ചികിത്സ ലഭിക്കുന്ന കുട്ടികളുടെ സ്ഥിതിയില്‍ മാറ്റം കാണപ്പെടുന്നുമുണ്ട്. ഇതാണ് വിദഗ്ധ ചികിത്സ ഉറപ്പാക്കിയാല്‍ ഇനിയും പല കുട്ടികളും രക്ഷപ്പെടുമെന്ന പ്രതീക്ഷയ്ക്ക് വകനല്‍കുന്നതും.
ജില്ലാ ആശുപത്രിയിലെയും ജനറല്‍ ആശുപത്രിയിലെയും പരിമിതമായ ചികിത്സാ സൗകര്യങ്ങളാണ് കാസര്‍കോടുള്ളത്. മെഡിക്കല്‍ കോളജ് എന്ന സ്വപ്നം എട്ടു വര്‍ഷത്തിനിപ്പുറവും സ്വപ്‌നം മാത്രമാണ്. കാസര്‍കോട് മെഡിക്കല്‍ കോളജ് ഇപ്പോഴും പ്രാഥമിക ചികിത്സാ സൗകര്യത്തില്‍ ഒതുങ്ങുകയാണ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയും കാസര്‍കോട് ജനറല്‍ ആശുപത്രിയുമാണ് ജില്ലയിലെ പ്രധാന ആതുരാലയങ്ങള്‍. വിദഗ്ധ ചികിത്സ വേണ്ടവര്‍ കര്‍ണാടകയിലെ മംഗളൂരുവിലോ അയല്‍ ജില്ലയായ കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളജിലോ അല്ലെങ്കില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയെയോ ആശ്രയിക്കേണ്ടിയാണ് വരുന്നത്. എന്നാല്‍ ഇത്രയും ദൂരം രോഗികളെയും കൊണ്ടുള്ള യാത്രകള്‍ ഏറെ വിഷമകരമാണ്.
2013ല്‍ യു.ഡി.എഫ് സര്‍ക്കാരാണ് കാസര്‍കോട് മെഡിക്കല്‍ കോളജ് അനുവദിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ടു. എന്നാല്‍ എട്ട് വര്‍ഷത്തിനിപ്പുറവും പണിതീരാത്ത അവസ്ഥയിലാണ് മെഡിക്കല്‍ കോളജ്. അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിന്റെ കെട്ടിടമാണ് പൂര്‍ത്തിയായത്. ഇവിടെ ഒ.പി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കുട്ടികള്‍ക്ക് കൂടുതലായും ന്യൂറോസര്‍ജന്‍മാരുടെ സേവനം ആവശ്യമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി സമരങ്ങള്‍ ഇവിടെ നടന്നിരുന്നു. ഒടുവില്‍ സര്‍ക്കാര്‍ ഈയാവശ്യത്തോട് അനുകൂല നിലപാട് എടുത്തത് അല്‍പം ആശ്വാസകരമാണ്.
സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം 6000 ഓളം പേരാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പട്ടികയിലുള്ളത്. എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത നിരവധി പേര്‍ ജില്ലയിലുണ്ട്. മെഡിക്കല്‍ ക്യാംപ് നടത്താത്തതിനാല്‍ അര്‍ഹതപ്പെട്ടവരെ ഉള്‍പ്പെടുത്താന്‍ കഴിയുന്നില്ല. ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി ഉത്തരവുണ്ടെങ്കിലും പകുതിയിലധികം പേര്‍ക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. വീണ്ടും സുപ്രിംകോടതിയില്‍ പോയ നാലുപേര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചു. എന്നിട്ടും അവശേഷിക്കുന്നവരെ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
സര്‍ക്കാര്‍ സൗജന്യ ചികിത്സ നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും പരിശോധന നടത്തി രോഗം കണ്ടെത്താനുള്ള സൗകര്യം പോലും ഇവിടെ ഇല്ല. മംഗളൂരുവിലെ രണ്ട് ആശുപത്രികളിലും കണ്ണൂര്‍ ജില്ലയിലെ പരിയാരം മെഡിക്കല്‍ കോളജിലുമാണ് സര്‍ക്കാര്‍ സൗജന്യ ചികിത്സ ഉറപ്പാക്കിയത്. ജില്ലാ പ്രോഗ്രാം ഓഫിസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുമായി പോയാലെ സൗജന്യ ചികിത്സ ലഭിക്കുകയുള്ളൂ. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നേരിട്ട് ചികിത്സാ പണം നല്‍കുകയാണ് ചെയ്യാറ്. ഈ പണം മുടങ്ങിയതോടെ മംഗളൂരുവിലെ ഒരു ആശുപത്രി പദ്ധതിയില്‍ നിന്ന് പിന്‍മാറി. ഇപ്പോള്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളജ് മാത്രമാണ് സൗജന്യ ചികിത്സ നല്‍കുന്നത്. പരിയാരം മെഡിക്കല്‍ കോളജിലാകട്ടെ കാര്യമായ ചികിത്സ ലഭിക്കുന്നുമില്ലെന്നാണ് പരാതി.
കര്‍ണാടക അതിന്റെ അതിര്‍ത്തികള്‍ കൊട്ടിയടച്ചാല്‍ കാസര്‍കോട്ടെ നിരവധി ജീവനുകള്‍ പൊലിയും. കഴിഞ്ഞ കൊവിഡ് കാലത്ത് കര്‍ണാടക അവരുടെ അതിര്‍ത്തികള്‍ അടച്ചപ്പോള്‍ കാസര്‍കോട്ട് 20 ലേറെ പേരാണ് ചികിത്സ കിട്ടാതെ മരിച്ചത്. ഇതില്‍ സാധാരണ രോഗം ബാധിച്ചവരാണ് ഏറെയും. വിദഗ്ധ ചികിത്സയൊന്നുമായിരുന്നില്ല ഏറെ രോഗികള്‍ക്കും വേണ്ടിയിരുന്നത്. എന്നാല്‍ അതു നല്‍കാന്‍ പോലും കാസര്‍കോട്ടെ നമ്മുടെ ചികിത്സാ സംവിധാനത്തിന് കഴിഞ്ഞില്ല. സാധാരണ അസുഖങ്ങള്‍ക്കുള്ള ചികിത്സാ സൗകര്യത്തിന്റെ കാര്യത്തില്‍ പോലും കാസര്‍കോട് ജില്ല എത്ര പിന്നോക്കമായിരുന്നുവെന്നാണ് ഈ ഓരോ മരണവും മലയാളികളെ ഓര്‍മിപ്പിച്ചിരുന്നത്. ഈ പട്ടികയില്‍ കുരുന്നുകളായ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ എണ്ണംകൂടുന്നത് ഏറെ വേദനാജനകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."