'ലൗ ജിഹാദില്‍ കുളം കലക്കാന്‍ വീണ്ടും സംഘ് പരിവാര്‍: 'ആന്റി ലൗ ജിഹാദ് 'കാംപയിന് തുടക്കമിട്ട് ബി.ജെ.പി
തിരുവനന്തപുരം: സാമുദായിക ധ്രുവീകരണത്തിനു കളമൊരുക്കും വിധം 'ലൗ ജിഹാദ് ' തെരഞ്ഞെടുപ്പില്‍ ആയുധമാക്കാനൊരുങ്ങി ബി.ജെ.പി. ഇതിന്റെ ഭാഗമായി 'ഹൃദയം പണയംവയ്ക്കരുത് 'എന്ന ആഹ്വാനത്തോടെ 'ആന്റി ലൗ ജിഹാദ് 'കാംപയിന് തുടക്കമിട്ടു.
ന്യൂനപക്ഷ മോര്‍ച്ചയ്ക്കാണ് പരിപാടികള്‍ നടത്താനുള്ള ചുമതല. കേരളത്തില്‍ നിന്ന് 'ലൗ ജിഹാദ്' എന്ന പേരില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയതിനു കടകവിരുദ്ധമായ നിലയിലാണ് വ്യാജ പ്രചാരണത്തെ ബി.ജെ.പി തെരഞ്ഞെടുപ്പില്‍ ആയുധമാക്കാനൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന ബെന്നി ബഹന്നാന്റെ ചോദ്യത്തിന്, അങ്ങനെ കേസുകളൊന്നും ഇല്ലെന്നായിരുന്നു കേന്ദ്രമന്ത്രി നിത്യാനന്ദ റായി ലോക്‌സഭയില്‍ നല്‍കിയ മറുപടി. ലൗ ജിഹാദ് നിലവിലുണ്ടോ എന്നതു സംബന്ധിച്ച ചോദ്യത്തിനു രേഖാമൂലം മറുപടി നല്‍കാന്‍ സാധിക്കില്ലെന്ന് അമിത്ഷായും വ്യക്തമാക്കിയിരുന്നു. ഇതിനെയൊക്കെ അവഗണിച്ചാണ് ബി.ജെ.പി ഈ കാംപയിനുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും പൊതുപരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം. കാണാതായ ജസ്‌നയുടെ നാടായ പത്തനംതിട്ടയില്‍ നിന്നാണ് കഴിഞ്ഞ ദിവസം പരിപാടിക്കു തുടക്കമിട്ടത്. ഈ മാസം 14ന് എറണാകുളത്താണ് സമാപനം. കേരളത്തില്‍ ലൗ ജിഹാദ് ശക്തിപ്പെടുന്നെന്ന് നേരത്തെ സീറോ മലബാര്‍ സഭ ഉയര്‍ത്തിയ ആരോപണത്തെ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു പത്തനംതിട്ടയിലെ പരിപാടി. സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് ക്രൈസ്തവ വോട്ടുകള്‍ കൂടി അനുകൂലമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് കാംപയിനെന്ന് വിലയിരുത്തപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."