ബെസോസിന്റെ ആഡംബര നൗകയ്ക്ക് പോകാൻ പാലം പൊളിക്കണം; 'ചീമുട്ട' എറിയുമെന്ന് റോട്ടർഡാമുകാർ
റോട്ടർഡാം (നെതർലൻഡ്‌സ്)
ആമസോൺ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസിന്റെ പുതിയ ആഡംബര നൗകയ്ക്ക് കപ്പൽശാലയിൽനിന്നു പുറത്തുകടക്കാൻ റോട്ടർഡാമിലെ ഐതിഹാസികമായ കോണിങ്‌ഷെവൻബ്രഗ് ഉരുക്കുപാലം ഒരു ദിവസത്തേക്ക് പൊളിക്കണം. അങ്ങനെയൊന്ന് സംഭവിച്ചാൽ നൗകയ്ക്കുനേരെ ചീമുട്ടയെറിയണമെന്ന് സമൂഹമാധ്യമങ്ങളിൽ കാംപയിൻ ആരംഭിച്ചു.
400 മില്യൻ പൗണ്ട് ചെലവിട്ടാണ് വൈ 721 സൂപ്പർ യാച്ച് ജെഫ് ബെസോസ് പണിതത്. 127 മീറ്റർ നീളവും 40 മീറ്റർ ഉയരവുമുണ്ട് ഇതിന്. 3,627 കോടി രൂപ ചെലവിട്ടു നിർമിച്ച സൂപ്പർ യാച്ചിന് കടന്നുപോകാൻ പാലം പൊളിക്കുകയാണെങ്കിൽ റോട്ടർഡാം നിവാസികൾ ചീമുട്ടയെറിയാൻ തയാറാകണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കിൽ പുതിയ പേജ് തുറന്നിരിക്കുകയാണ്. 5,000 ആളുകളാണ് ചീമുട്ടെയെറിയാൻ താൽപര്യപ്പെട്ട് രംഗത്തെത്തിയത്.
സാധാരണഗതിയിൽ പുതിയ കപ്പലുകൾ പണികഴിഞ്ഞ് നീറ്റിലിറക്കുമ്പോൾ 130 അടി ഉയരത്തിലുളള പാലത്തിന്റെ അടിയിലൂടെ അവയ്ക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയും. എന്നാൽ, ബെസോസിന്റെ പുതിയ സൂപ്പർ യാച്ചിന്റെ കൊടിമരങ്ങൾക്ക് പാലത്തെക്കാൾ ഉയരമുണ്ടെന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
നെതർലാൻഡ്‌സിന്റെ പടിഞ്ഞാറ് അൽബ്ലാസെർഡാമിലെ ഓഷ്യാനോ കപ്പൽശാലയിലാണ് സൂപ്പർ യാച്ചിൻറ നിർമാണം പുരോഗമിക്കുന്നത്. പാലം പൊളിക്കുന്നതിന് ആവശ്യമായ ചിലവുകളെല്ലാം വഹിക്കുമെന്ന് ജെഫ് ബെസോസ് നേരത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ, യാച്ചിന് കടന്നുപോകാനായി പാലം പൊളിക്കാനുള്ള അപേക്ഷയൊന്നും ഇതുവരെ റോട്ടർഡാമം നഗര അധികൃതർക്ക് ലഭിച്ചിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."