HOME
DETAILS

കേരളയാത്രയ്ക്ക് ഒരു പുതിയ ചിന്ത

  
backup
February 04 2021 | 03:02 AM

3543656352-2021

 


തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നത് ഒരു യാത്രയോടെയാണെന്നത് കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പതിവായിരിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നയുടനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിക്കഴിഞ്ഞതാണ്. ഓരോ ജില്ലയിലും പ്രധാനപ്പെട്ട ആള്‍ക്കാരുമായി ആശയവിനിമയം നടത്തുകയായിരുന്നു ലക്ഷ്യം. ഇപ്പോഴിതാ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ കേരളയാത്ര. കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ. യാത്രയ്ക്ക് ഒരു ലക്ഷ്യമേയുള്ളൂ. വരുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജയിക്കണം. ജയിച്ചേ മതിയാവൂ. ഭരണം കൈപ്പിടിയിലൊതുക്കണം. അതില്‍ കുറഞ്ഞ ലക്ഷ്യങ്ങളേതുമില്ല.


തദ്ദേശതെരഞ്ഞെടുപ്പു ഫലം ഐക്യജനാധിപത്യ മുന്നണിക്ക്, പ്രത്യേകിച്ച് കോണ്‍ഗ്രസിന്, നല്‍കിയ ഞെട്ടല്‍ വിട്ടുമാറും മുമ്പു തന്നെ യാത്രയുടെ വിശദാംശങ്ങളെല്ലാം തീരുമാനിച്ചു. പ്രകടനപത്രിക തയാറാക്കാന്‍ തിരുവനന്തപുരം എം.പി ഡോ. ശശി തരൂരിനെയും സി.എം.പി നേതാവ് സി.പി ജോണിനെയും ചുമതലപ്പെടുത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ യാത്ര ചെയ്ത് യുവാക്കളെ കണ്ട് അവരുമായി ആശയവിനിമയം നടത്തി അവരുടെ സ്വപ്നങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അനുയോജ്യമായ പ്രകടനപത്രിക തയാറാക്കുകയാണ് തരൂരിന്റെയും ജോണിന്റെയും ലക്ഷ്യം. രാഷ്ട്രീയം പറഞ്ഞു മുന്നേറുന്ന രമേശ് ചെന്നിത്തലയും നേതാക്കളും യാത്രയിലുടനീളം തീ കത്തുന്ന രാഷ്ട്രീയവര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കും. കേരള യാത്രയ്ക്ക് അങ്ങനെയൊരു പ്രയോജനമുണ്ട്. ഗ്രാമങ്ങളും ചെറുതും വലുതുമായ പട്ടണങ്ങളും കടന്ന് യാത്ര മുന്നേറുമ്പോള്‍ പുതിയ കാര്യങ്ങള്‍ ജനങ്ങളോട് പറയാന്‍ പലതരം വേദികള്‍ കിട്ടും.


ജനാധിപത്യവ്യവസ്ഥിതിയില്‍ രാഷ്ട്രീയക്കാരാണ് ഭരണകര്‍ത്താക്കളാകുന്നത്. നാട്ടില്‍ രാഷ്ട്രീയപ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനവുമായി നടക്കുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ നിയമസഭാംഗങ്ങളാവും. അതില്‍ ഒരു വിഭാഗം ഭരണപക്ഷമാവും. അതില്‍ത്തന്നെ ചെറിയ കൂട്ടം മന്ത്രിമാരും അവരിലൊരാള്‍ മുഖ്യമന്ത്രിയുമാവും. രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലും ഇറങ്ങുന്നവര്‍ ഭാവിയില്‍ അധികാരവും ചുമതലയുമൊക്കെ കൈയില്‍ കിട്ടുമ്പോള്‍ എന്താവും ചെയ്യുക എന്നതിനെക്കുറിച്ചു നേരത്തേ പഠിക്കണം. കുറെ അടിസ്ഥാന വിഷയങ്ങളെ കുറിച്ചെങ്കിലും വേണ്ടത്ര ഗൃഹപാഠം ചെയ്തുവയ്ക്കണം. രാഷ്ട്രീയകക്ഷികള്‍ വിദഗ്ധരുടെ യോഗം വിളിച്ചുകൂട്ടി നാടിന്റെ പുരോഗതിക്ക് ആവശ്യമായ കാര്യങ്ങളെന്തൊക്കെയെന്നു നിര്‍ണയിക്കണം. അവയ്ക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കണം.


സ്വാതന്ത്ര്യം നേടിയ ഉടനെ തന്നെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയുടെ പുരോഗതിയ്ക്ക് വ്യക്തമായ ആസൂത്രണം വേണമെന്ന് മുന്‍കൂട്ടി കണ്ട് അതിലേയ്ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ വേണ്ടത്ര തയാറെടുപ്പുകള്‍ നടത്തി. രാജ്യത്തിന്റെ വികസനത്തിന് വ്യക്തമായൊരു ആസൂത്രണ പദ്ധതി രൂപീകരിക്കണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ വിവിധ പരിപാടികള്‍ രൂപീകരിക്കണമെന്നും ഇതിന് വ്യക്തമായ രൂപരേഖ തയാറാക്കണമെന്നും 1930-കളില്‍ത്തന്നെ ജവഹര്‍ലാല്‍ നെഹ്‌റു മനസിലാക്കുകയും സഹപ്രവര്‍ത്തകരുമായി ഇരുന്ന് ആലോചനയും പഠനവും നടത്തുകയും ചെയ്തിരുന്നു. അതുപ്രകാരം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന സുഭാഷ് ചന്ദ്രബോസ് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കുവേണ്ടി 1938-ല്‍ത്തന്നെ നാഷണല്‍ പ്ലാനിങ്ങ് കമ്മിറ്റിയുണ്ടാക്കി. 30-കളില്‍ ആസൂത്രണ പദ്ധതിയ്ക്കുവേണ്ടി മുന്നോട്ടുവച്ച ആശയങ്ങളും മാര്‍ഗരേഖകളും അടിസ്ഥാനമാക്കിത്തന്നെയാണ് 1950-ല്‍ സ്വതന്ത്ര ഇന്ത്യയ്ക്കുവേണ്ടി പ്ലാനിങ് കമ്മിഷന്‍ രൂപീകരിച്ചത്. വികസനത്തെ കുറിച്ചും വികസന പദ്ധതികളെക്കുറിച്ചും നെഹ്‌റുവിന് വ്യക്തമായൊരു കാഴ്ചപ്പാടുണ്ടായിരുന്നു. രാജ്യത്ത് പൊതുമേഖലയിലും സ്വകാര്യമേഖലയിലും വിവിധങ്ങളായ സംരംഭങ്ങളുണ്ടായിരിക്കുമെന്ന് അദ്ദേഹം വിഭാവന ചെയ്തു. എങ്കിലും തലയെടുപ്പുള്ള കൂറ്റന്‍ സ്ഥാപനങ്ങളൊക്കെയും പൊതുമേഖലയിലായിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ കോളനി എന്ന നിലയില്‍നിന്ന് ആധുനിക വ്യാവസായിക രാജ്യം കെട്ടിപ്പടുക്കാന്‍ അടിസ്ഥാനമായത് നെഹ്‌റു പടുത്തുയര്‍ത്തിയ വന്‍ വ്യവസായ സ്ഥാപനങ്ങളാണ്. ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്തിന് വന്‍കിട പദ്ധതികള്‍ തന്നെ വേണമെന്ന് നെഹ്‌റു സ്വപ്നം കണ്ടു. വന്‍കിട പദ്ധതികളെന്നാല്‍ തലയെടുപ്പുള്ള കൂറ്റന്‍ പദ്ധതികള്‍. നെഹ്‌റുവിന്റെ ആദ്യകാല സ്വപ്നങ്ങളിലൊന്നായിരുന്നു ഭക്രാനംഗല്‍ അണക്കെട്ട്. പഞ്ചാബ് - ഹിമാചല്‍പ്രദേശ് അതിര്‍ത്തിയിലെ ഈ കൂറ്റന്‍ അണക്കെട്ട് നെഹ്‌റുവിന്റെ അതിവിശാലമായ കാഴ്ചപ്പാടിനു മറ്റൊരുദാഹരണമാണ്. ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ്(ഐ.ടി.ഐ.), ഒ.എന്‍.ജി.സി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, എച്ച്.എം.ടി, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ എന്നിങ്ങനെ എത്രയെത്ര വന്‍കിട സ്ഥാപനങ്ങള്‍ അദ്ദേഹം പടുത്തുയര്‍ത്തി. ഐ.എസ്.ആര്‍.ഒ, വി.എസ്.എസ്.സി എന്നിങ്ങനെ ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങള്‍. ഡി.ആര്‍.ഡി.ഒ പോലെയുള്ള പ്രതിരോധ ഗവേഷണ കേന്ദ്രങ്ങള്‍, ഐ.ഐ.ടി, ഐ.ഐ.എം, എന്‍.ഐ.ഡി. എന്നിങ്ങനെ ലോക പ്രശസ്തമായ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്കെയും രാജ്യത്തിന്റെ അഭിമാനമായി തല ഉയര്‍ത്തി നില്‍ക്കുന്നു. കൂറ്റന്‍ പ്രതിമകളും വലിയ ആരാധനാലയങ്ങളുമാവില്ല രാജ്യത്തിന്റെ അഭിമാന സ്ഥാപനങ്ങളെന്ന് അന്നേ നെഹ്‌റു മനസിലാക്കിയിരുന്നു.


ആധുനിക ഭരണകര്‍ത്താക്കള്‍ക്കു വേണ്ടതും ഇങ്ങനെയുള്ള അതിവിശാലമായ കാഴ്ചപ്പാടു തന്നെയാണ്. ഒരു ദശവര്‍ഷത്തോളം കാലം കേരള മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ ഇതിന് വലിയ ഉദാഹരണമാണ്. തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, റീജ്യനല്‍ കാന്‍സര്‍ സെന്റര്‍, സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ്(സി.ഡി.എസ്) എന്നിങ്ങനെ ഒരു ഡസനോളം ഉന്നത പലതരം ഗവേഷണ സ്ഥാപനങ്ങളാണ് അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേരളത്തില്‍ ഉയര്‍ന്നത്. അവയെ വെല്ലാന്‍ മാത്രം ഔന്നത്യമുള്ള സ്ഥാപനങ്ങള്‍ അതില്‍ പിന്നെ ഉണ്ടായിട്ടില്ല.


രാഷ്ട്രീയം തീര്‍ച്ചയായും ഒരു തെരഞ്ഞെടുപ്പു ജാഥയുടെ മുഖ്യഘടകം തന്നെയാണ്. കാസര്‍കോട്ടെത്തിയ രമേശ് ചെന്നിത്തല ആദ്യം നടത്തിയ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യംവച്ചായിരുന്നു. ഒപ്പം യു.ഡി.എഫ് നേതാക്കള്‍ പാണക്കാട്ടു പോയതിനെ വിമര്‍ശിച്ച ഇടതുമുന്നണി കണ്‍വീനര്‍ വിജയരാഘവനെ കുറ്റപ്പെടുത്തുകയും ചെയ്തു. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ പ്രധാന ഘടകം ഇത്തരം ആരോപണ പ്രത്യാരോപണങ്ങളാണെന്നതില്‍ സംശയമില്ല. യാത്രയിലുടനീളം അതിന് സമയവും അവസരവും കിട്ടുകയും ചെയ്യും. ഒപ്പം വലിയ അവസരം നിവര്‍ന്നുവരുന്നുണ്ട്. ഈ നാടിനെയും നാട്ടുകാരെയും നേരിട്ടു കണ്ടു പഠിക്കാനുള്ള വിശേഷാവസരമാണ് മുന്നില്‍ നീണ്ടുകിടക്കുന്നത്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു തന്നെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയെ കണ്ടെത്തുകയും പഠിക്കുകയും ചെയ്തിരുന്നു. ഈ പഠനമാണ് ഭരണത്തില്‍ ഭരണകര്‍ത്താവിനെ സഹായിക്കുക. കേരളത്തില്‍ ഭരണത്തിലെത്തുന്നതിന് എത്രയോ മുമ്പു തന്നെ ഇ.എം.എസ് നമ്പൂതിരിപ്പാട് കുടിയായ്മയെക്കുറിച്ചും ഭൂപരിഷ്‌കരണത്തെക്കുറിച്ചും ആഴത്തില്‍ പഠിച്ചിരുന്നു. 1937-ല്‍ മലബാറും ആന്ധ്രപ്രദേശും ഭാഗമായിരുന്ന മദിരാശി എന്ന വിശാലമായ സംസ്ഥാനത്തും മറ്റു സംസ്ഥാനങ്ങളെപ്പോലെ കുടിയായ്മയും ജന്മിത്വവും ഭൂപ്രഭുത്വവും രൂക്ഷമായ പ്രശ്‌നങ്ങളായിരുന്നു.


1937-ല്‍ മദിരാശി മുഖ്യമന്ത്രിയായിരുന്ന ടി. പ്രകാശം നിര്‍ദേശിച്ചതനുസരിച്ച് ഇടതുപക്ഷ കോണ്‍ഗ്രസുകാരായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍, ഇ. കണ്ണന്‍, ഇ.എം.എസ് നമ്പൂതിരിപ്പാട് എന്നിവരും ചില ജന്മി പ്രതിനിധികളും അംഗങ്ങളായും അഭിഭാഷകനായിരുന്ന കുട്ടികൃഷ്ണ മേനോന്‍ അധ്യക്ഷനായും കമ്മിറ്റി രൂപീകരിച്ച് കുടിയായ്മ പ്രശ്‌നം പരിഹരിക്കാന്‍ ചുമതലപ്പെടുത്തി. ഇതില്‍ ഏറ്റവും ആഴത്തില്‍ പഠനം നടത്തിയ ഇ.എം.എസ് തയാറാക്കിയ റിപ്പോര്‍ട്ട് പില്‍ക്കാലത്ത്, 1957-ല്‍ അദ്ദേഹത്തിന് ഉപയോഗപ്പെട്ടു. ഇ.എം.എസ് മുഖ്യമന്ത്രിയായി രൂപീകരിച്ച ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പ്രഥമവും പ്രധാനവുമായ പരിപാടി ഭൂപരിഷ്‌കരണ നിയമം പാസാക്കുകയായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ നേതൃത്വം ഭൂപരിഷ്‌കരണം പോലെ പല പരിപാടികളും സ്വതന്ത്രകേരളത്തില്‍ നടപ്പാക്കുന്നതിനു വേണ്ടി വര്‍ഷങ്ങള്‍ക്കു മുമ്പേ ഒരുക്കം നടത്തിയിരുന്നു. 1957 ഏപ്രില്‍ അഞ്ചിന് അധികാരമേറ്റ് ഇ.എം.എസ് സര്‍ക്കാര്‍ ഏപ്രില്‍ 11 ന്, അതായത് ഒരാഴ്ചയ്ക്കുള്ളില്‍, എല്ലാവിധ കുടിയാന്മാരേയും കുടിയൊഴിപ്പിക്കുന്നതു തടഞ്ഞുകൊണ്ടുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു എന്നോര്‍ക്കണം. പാട്ടക്കുടിശ്ശികയ്ക്കായാലും മറ്റെന്തു കാരണങ്ങള്‍ കൊണ്ടായാലും കേസ് നടക്കുന്നതോ വിധി വന്നു കഴിഞ്ഞതോ രേഖയുള്ളവരോ ഇല്ലാത്തവരോ ഏതു വിഭാഗത്തില്‍പ്പെട്ട കുടിയാന്മാര്‍ക്കും വാരാര്‍ക്കും കുടിക്കിടപ്പുകാര്‍ക്കും പൂര്‍ണ സംരക്ഷണം നല്‍കുന്ന സമഗ്രമായ ഓര്‍ഡിനന്‍സാണ് റവന്യൂ മന്ത്രിയായിരുന്ന കെ.ആര്‍ ഗൗരിയമ്മ നിയമസഭയില്‍ അവതരിപ്പിച്ചത്. വിശദമായ ഗൃഹപാഠം കൊണ്ടു മാത്രമേ ഇത്തരം വിപ്ലവകരമായ തീരുമാനങ്ങള്‍ എടുക്കാനും ഉത്തരവുകള്‍ പുറപ്പെടുവിക്കാനും കഴിയൂ.


പാര്‍ട്ടിയേതായാലും മുന്നണിയേതായാലും നേതാവാരായാലും തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീണ്ട യാത്ര നടത്തുന്നവര്‍ക്ക് കിട്ടുന്ന പാഠം വിലപ്പെട്ടതായിരിക്കും. 14 ജില്ലകള്‍, വിവിധ ജാതി മതസ്ഥര്‍, വിവിധ സംസ്‌കാരമുള്ളവര്‍, അവരൊക്കെയും നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍. ചെറുതും വലുതുമായ വ്യവസായങ്ങളും കച്ചവട സ്ഥാപനങ്ങളുമൊക്കെ നേരിടുന്ന പ്രശ്‌നങ്ങള്‍ വേറെ. ജനങ്ങളുടെ പ്രശ്‌നങ്ങളൊക്കെയും പരിഹരിക്കേണ്ടത് ഭരണനേതാക്കളായി ഉയരുന്ന പൊതുപ്രവര്‍ത്തകരാണ്. ഇതാണ് രാഷ്ട്രീയം. തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജനങ്ങള്‍ രാഷ്ട്രീയക്കാരെയാണ് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. കേരളത്തിന്റെയും കേരളീയരുടെയും പ്രശ്‌നങ്ങളൊക്കെ നേരിട്ടു കണ്ടു പഠിക്കാനും അതു വിശകലനം ചെയ്യാനും രമേശ് ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും വലിയൊരവസരം കൈവരികയാണ്. ഭരണം കിട്ടും മുമ്പേ ഗൃഹപാഠങ്ങളൊക്കെയും ചെയ്തു തീര്‍ക്കാനുള്ള അവസരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലി: സിഇടി എന്‍ജിനീയറിങ് കോളജ് കാന്റീന്‍ പൂട്ടിച്ചു

Kerala
  •  2 months ago
No Image

പത്രക്കടലാസുകള്‍ വേണ്ട, ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയല്‍ മാത്രം;  മാര്‍ഗനിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  

Kerala
  •  2 months ago
No Image

അച്ഛന് കരള്‍ പകുത്ത്‌ മകന്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം

Kerala
  •  2 months ago
No Image

ബസ്സും കാറും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

latest
  •  2 months ago
No Image

യദുവിന്റെ പരാതി മാധ്യമശ്രദ്ധയ്ക്ക് വേണ്ടി; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലിസ്

Kerala
  •  2 months ago
No Image

IN DEMAND JOB SECTORS IN DUBAI FOR 2024

uae
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ അവസാന സന്ദേശം പുലര്‍ച്ചെ 4.58-ന്; അയച്ചത് ജൂനിയര്‍ സൂപ്രണ്ട് പ്രേംരാജിന് 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

രാജ്യത്തെ സി.ആര്‍.പി.എഫ് സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി

National
  •  2 months ago
No Image

ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് തിരിച്ചടി; മുന്‍ എം.എല്‍.എമാര്‍ ഉള്‍പെടെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് ജെ.എം.എമ്മിലേക്ക് 

Kerala
  •  2 months ago