സാന്‍ഡേഴ്‌സും കോര്‍ബിനും തോറ്റുപോകുന്ന നമ്മളും
കുഞ്ഞാലിക്കുട്ടി കേരള മുഖ്യമന്ത്രിയാവാന്‍ വരുന്നു, മുസ്‌ലിം ലീഗ് യു.ഡി.എഫിന്റെ നേതൃത്വമേറ്റെടുക്കാന്‍ പോവുന്നു, സൂക്ഷിച്ചിരിക്കുക കൂട്ടരേ എന്നതരത്തിലൊരു വികാര തരംഗം കേരളത്തില്‍ രൂപപ്പെട്ടാല്‍ ആര്‍ക്കായിരിക്കും അതിന്റെ ഗുണം കിട്ടുക? തല്‍ക്കാലത്തേക്ക് എല്‍.ഡി.എഫിനായാല്‍ത്തന്നെ അവസാനത്തെ ചിരി ഹിന്ദുത്വ രാഷ്ട്രീയത്തിനായിരിക്കും. ലോകത്തുടനീളം രൂപപ്പെട്ടുവരുന്ന ഇസ്‌ലാം വിരോധത്തിന്റെയും വംശീയ രാഷ്ട്രീയത്തിന്റെയും മുദ്രകള്‍ പിണറായി വിജയനോ വിജയരാഘവനോ പുറത്തുവിടുന്ന പ്രസ്താവനകളില്‍ ഉണ്ടാവാനിടയില്ലെങ്കിലും കൂടുതല്‍ കൂടുതല്‍ വലതു പിന്തിരിപ്പന്‍ സമീപനങ്ങളിലേക്ക് സഞ്ചരിക്കുന്ന ബി.ജെ.പിക്ക് അത് ഊര്‍ജം നല്‍കുമെന്ന് തീര്‍ച്ചയാണ്. ലോകം കൂടുതല്‍ വംശീയവും വലതുപക്ഷ കേന്ദ്രീകൃതവുമായിത്തീരുകയാണെന്നത് നാം മറക്കരുത്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെട്ടുവെങ്കിലും ട്രംപിസത്തിന് അമേരിക്കന്‍ സമൂഹത്തിലുള്ള സ്വാധീനം വിനാശകരമായ ഒരു സൂചനയാണ്. ഈ സ്വാധീനത്തിന്റെ അടിസ്ഥാനം വംശീയതയും ആന്റി സെമിറ്റിസവും ഇസ്‌ലാം വിരോധവുമൊക്കെയാണ്. ആഗോളതലത്തില്‍ ഇടതുപക്ഷം ഈ ആശയത്തിന്റെ നേര്‍വിപരീത ദിശയിലാണ് നിലകൊള്ളുന്നത്. ഇസ്‌റാഈലിന്റെ വംശീയ നിലപാടുകള്‍ക്ക് വിരുദ്ധവും ഫലസ്തീനികള്‍ക്ക് അനുകൂലവുമാണ് ഇടതുപക്ഷ രാഷ്ട്രീയം, ഇസ്‌ലാമോഫോബിയയെ അത് അംഗീകരിക്കുന്നില്ല. എന്നാല്‍ ഇന്ത്യയില്‍ ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ ആദര്‍ശറിപ്പബ്ലിക്കിനു പുറത്താണ് ഹിന്ദുക്കളല്ലാത്ത മതന്യൂനപക്ഷങ്ങള്‍. കുറേക്കൂടി സൂക്ഷ്മമായി ചിന്തിച്ചാല്‍ കമ്മ്യൂണിസ്റ്റുകാരും പ്രസ്തുത ആദര്‍ശരാഷ്ട്രത്തിന് പുറത്തുതന്നെ. എന്നിട്ടും കേരളത്തിലെ ഇടതുപക്ഷം ഈ വലതുപക്ഷ ശബ്ദം കടമെടുക്കുന്നതിലെ വൈരുധ്യം എന്തുകൊണ്ടാണാവോ! ലോകാവസ്ഥയുടെ പ്രതിഫലനമല്ല അതെന്ന് കരുതുക. പക്ഷേ അതുണ്ടാക്കുന്ന അപകടങ്ങള്‍ തെരഞ്ഞെടുപ്പിന്റേയും ഭരണത്തുടര്‍ച്ചയുടേയും മുന്നണി ബന്ധങ്ങളുടേയുമൊക്കെ അതിരുകള്‍ക്കപ്പുറത്താണ്.
ലോക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് നാം ഇത്തരം ചിന്തകളുടെ സൂക്ഷ്മ രാഷ്ട്രീയത്തെക്കുറിച്ച് വിലയിരുത്തേണ്ടത്. ട്രംപ് തോറ്റതുകൊണ്ട് ട്രംപിസം തോറ്റു എന്ന് കരുതേണ്ടതില്ലെന്ന് മുന്‍പ് സൂചിപ്പിച്ചുവല്ലോ. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്നത് യാഥാസ്ഥിതിക മൂല്യങ്ങളെയാണ്. ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി താരതമ്യേന പുരോഗമന മൂല്യങ്ങളേയും. പക്ഷേ ബൈഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ത്തന്നെ യാഥാസ്ഥിതികനായാണ് അറിയപ്പെടുന്നത്. പ്രസിഡന്റ് പദവിയിലേക്കുള്ള സ്ഥാനാര്‍ഥിത്വ മത്സരത്തില്‍ ബെര്‍ണി സാന്‍ഡേഴ്‌സായിരുന്നു പാര്‍ട്ടിയില്‍ പ്രബലന്‍, തികഞ്ഞ പുരോഗമനവാദി. തൊഴിലാളികള്‍ക്കും കറുത്തവര്‍ക്കും പൊതുജീവിതത്തില്‍ പുറന്തള്ളപ്പെട്ടുപോയവര്‍ക്കുമെല്ലാം ശബ്ദമുയര്‍ത്തുന്ന ഇടതുപക്ഷക്കാരനായ നേതാവ്. പക്ഷേ ട്രംപിനെതിരില്‍ മത്സരിക്കാന്‍ പാര്‍ട്ടി തെരഞ്ഞെടുത്തത് സാന്‍ഡേഴ്‌സിനെയല്ല ബൈഡനെയാണ്. കാരണം വ്യക്തം. സാന്‍ഡേഴ്‌സാണ് സ്ഥാനാര്‍ഥിയെങ്കില്‍ അമേരിക്കയിലെ മധ്യവര്‍ഗ സമ്മതിദായകര്‍ വോട്ടു ചെയ്യുകയില്ല. അവര്‍ക്ക് അദ്ദേഹത്തിന്റെ വിമോചനാശയങ്ങള്‍ ഉള്‍ക്കൊള്ളാനാവുകയില്ല. അതിനാല്‍ കോംപ്രമൈസാകാന്‍ താരതമ്യേന നിരുപദ്രവജീവിയായ ബൈഡന്‍ വരുന്നു. സാന്‍ഡേഴ്‌സായിരുന്നു സ്ഥാനാര്‍ഥിയെങ്കില്‍ എട്ടു നിലയില്‍ പൊട്ടിയേനെ എന്ന തിരിച്ചറിവില്‍ നിന്നാണ് ബൈഡന്റെ സ്ഥാനാര്‍ഥിത്വം സംഭവിക്കുന്നത്. കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍ അമേരിക്കന്‍ സമൂഹത്തില്‍ വേരുറപ്പിച്ച ട്രംപിസത്തോട് രാജിയായിക്കൊണ്ടാണ് ആ രാജ്യം ട്രംപിനെ തോല്‍പ്പിച്ചത്. ജാതി, മത പരിഗണനകള്‍വച്ച് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന ഇന്ത്യന്‍ പാരമ്പര്യം തന്നെയാണത്.
യു.കെയിലും തഥൈവ
യു.കെയില്‍ സ്ഥിതി കുറേക്കൂടി ഗുരുതരമാണ്. അമേരിക്കയില്‍ സാന്‍ഡേഴ്‌സാണ് പുറന്തള്ളപ്പെട്ടതെങ്കില്‍ ബ്രിട്ടനില്‍ ജിം കോര്‍ബിനാണ് ബലിയാട്. ഫലസ്തീന്‍ അനുകൂലവും വംശീയവിരുദ്ധവുമായ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന കോര്‍ബിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ലേബര്‍ പാര്‍ട്ടി പരാജയപ്പെട്ടു. ബോറിസ് ജോണ്‍സന്റെ വലതുപക്ഷ തൊഴിലാളി വിരുദ്ധ രാഷ്ട്രീയമാണ് ജയിച്ചത്. തൊഴിലാളികളുടെ പാര്‍ട്ടി പിന്നീട് തൊഴിലാളി വിരുദ്ധ സമീപനങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് നാം കാണുന്നത്. ബോറിസ് ജോണ്‍സന്റെ ഇസ്‌ലാമോഫോബിക്ക് നിലപാടുകള്‍ യാഥാസ്ഥിതിക കക്ഷിയിലെ ലിബറലുകള്‍ക്ക് അസ്വാരസ്യമുണ്ടാക്കിയതിന്റെ എത്രയോ ഇരട്ടിയായിരുന്നു കോര്‍ബിന്റെ ഇസ്‌റാഈല്‍ വിരുദ്ധ നിലപാടുകള്‍ ലേബര്‍ പാര്‍ട്ടിക്ക് വരുത്തിവച്ച പരുക്ക്. ഇടതുപക്ഷം വലത്തോട്ടു ചായുന്നതാണ് നാം കണ്ടത്. അങ്ങനെ കീര്‍ സ്റ്റാര്‍മര്‍ എന്ന നേതാവ് വരുന്നു. സ്റ്റാര്‍മറിന്റെ നിലപാട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ യാഥാസ്ഥിതികത്വത്തോട് അടുത്തുനില്‍ക്കുന്ന ഒന്നാണ്. അതായത് ട്രംപും ജോണ്‍സണും പ്രതിനിധാനം ചെയ്യുന്ന പിന്തിരിപ്പന്‍ മൂല്യങ്ങള്‍ക്ക് പുരോഗമനരാഷ്ട്രീയകക്ഷികളില്‍ സ്വീകാര്യത വര്‍ധിക്കുന്നു എന്ന് പറയാം. ഇതിന്റെ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ ഇന്ത്യയിലെ ലിബറല്‍ സോഷ്യലിസ്റ്റ് കക്ഷിയായ കോണ്‍ഗ്രസിലും തികഞ്ഞ ഇടതുപക്ഷ കക്ഷികളായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലും ഹിന്ദുത്വത്തിനു വേരോട്ടമുണ്ടാവുന്നതില്‍ അതിശയമില്ല. വലതുപക്ഷത്തിന് വലതുപക്ഷ നിലപാടുകള്‍ വലിയ പ്രതീക്ഷകളുണ്ടാക്കുമ്പോള്‍ ഇടതുപക്ഷം കൂടുതല്‍ ഇടത്തോട്ടു പോകാന്‍ പേടിക്കുന്നു. സാന്‍ഡേഴ്‌സും കോര്‍ബിനും ഈ പേടിയുടെ ബലിയാടുകളാണ്. ഇതേ പേടി തന്നെയാണ് യെച്ചൂരിക്കും ഡി. രാജക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുള്ളത്.
കൂടുതല്‍ പരുഷമാകുന്ന ഹിന്ദുത്വം
ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം കൂടുതല്‍ സ്പര്‍ദ്ധയിലേക്കും ഏകാധിപത്യവാസനയിലേക്കും നീങ്ങുന്നതിനെയും ഇതിനോട് ചേര്‍ത്തുവച്ചു വായിക്കാവുന്നതാണ്. എ.ബി വാജ്‌പേയിയുടെ ബി.ജെ.പി ഭരണം തീവ്രഹിന്ദുത്വത്തിന്റെ മുഖാവരണം എടുത്തണിയാന്‍ ശങ്കിച്ചിരുന്നു. ജനാധിപത്യവ്യവസ്ഥയില്‍ കൂടുതല്‍ സജീവമായി ഇടപെടുമ്പോള്‍ വര്‍ഗീയ, വംശീയ കക്ഷികള്‍ ഉദാരസമീപനം കൈക്കൊള്ളാന്‍ നിര്‍ബന്ധിതമാവും. അപ്പോള്‍ മോദി ഭരണകൂടം രണ്ടാമൂഴത്തില്‍ കുറച്ചു കൂടി ലിബറല്‍ ആവേണ്ടതാണ്. പക്ഷേ അങ്ങനെയല്ല സംഭവിക്കുന്നത്. അത് കൂടുതല്‍ വിദ്വേഷ കേന്ദ്രീകൃതമാവുകയാണ്, കൂടുതല്‍ ഏകാധിപത്യ വ്യഗ്രവും സങ്കുചിതവുമാവുകയാണ്. ലിബറല്‍ ശബ്ദങ്ങള്‍ക്ക് പാര്‍ട്ടിയില്‍ ഒട്ടും കേള്‍വിക്കാരില്ല. നരേന്ദ്ര മോദിയും അമിത് ഷായും കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ മൂന്നാമനായി വളര്‍ന്നുവരുന്നത് യോഗി ആദിത്യനാഥാണ്. യോഗി ആദിത്യനാഥ് സംസ്‌കൃതമായ ലിബറല്‍ രാഷ്ട്രീയത്തോട് ബന്ധമൊട്ടുമില്ലാത്ത പ്രാകൃത സ്വരൂപനായ ഒരു പുരോഹിതനാണ്. ഇങ്ങനെയൊരാള്‍ക്ക് ബി.ജെ.പിയില്‍ മേല്‍ക്കൈ ഉണ്ടാവുമ്പോള്‍ അതിന്റെ അര്‍ഥം ഹിന്ദുത്വരാഷ്ട്രീയം കൂടുതല്‍ പരുഷമാകുന്നു എന്നു തന്നെ.
ലോകത്തുടനീളം സംഭവിച്ചുകൊണ്ടിരിക്കുന്ന ദിശാ മാറ്റത്തിന്റെ ഇന്ത്യന്‍ മാതൃകകളാണ് ഈ വ്യതിയാനങ്ങള്‍. ലോകത്ത് നിയോ നാസിസവും നിയോ ഫാസിസവും ശക്തിയാര്‍ജിക്കുന്നു എന്നതും കൂട്ടത്തില്‍ പറയണം. ഫ്രാന്‍സില്‍ ലെ പെന്നിന്റെ തീവ്രനിലപാടുകളിലെ ഒരു അജന്‍ഡയിനം ഇസ്‌ലാമോഫോബിയയാണ്. ഇന്ത്യന്‍ മതേതരത്വത്തിന്റെ കേരള മാതൃകകളും ഈ ദിശയിലൂടെയാണ് പലപ്പോഴും സഞ്ചരിക്കുന്നത്. മുസ്‌ലിം ലീഗിനെ എതിര്‍ക്കുന്നതിലൂടെ ഇടതുപക്ഷം മുസ്‌ലിം വിരുദ്ധതയിലേക്കാണ് നടന്നുനീങ്ങുന്നതെങ്കില്‍ അത് ഇത്തരം ലോക മാതൃകളുടെ ആവര്‍ത്തനമായിത്തന്നെ കാണണം. ഭൂരിപക്ഷത്തിന്റെ ആധിപത്യവാസനക്ക് ലോകത്തുടനീളം സ്വീകാര്യത വര്‍ധിച്ചുവരികയാണ്. ഈ മെജോറിറ്റേറിയനിസത്തോട് രാജിയാവുകയാണോ ഇടതുപക്ഷ ജനാധിപത്യകക്ഷികള്‍ ചെയ്യേണ്ടത്? അതോ യഥാര്‍ഥ പുരോഗമന മൂല്യങ്ങളിലേക്ക് കൊണ്ടുവരികയോ? സാന്‍ഡേഴ്‌സും കോര്‍ബിനും തോല്‍ക്കുന്നേടത്ത് നമ്മളും തോറ്റുപോയേക്കുമോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."