തടവറകളിലാക്കപ്പെടുന്ന ബാല്യങ്ങള്‍!
പലപ്പോഴായി പ്രിയപ്പെട്ടവര്‍ തന്ന ചെറിയ വസ്തുക്കള്‍, സിനിമ ടിക്കറ്റുകള്‍, ട്രെയിന്‍ ടിക്കറ്റുകള്‍, കീച്ചെയിനുകള്‍, കത്തുകള്‍, സന്ദര്‍ശിച്ച രാജ്യങ്ങളിലെ സുവനീറുകള്‍, വിമാന ടിക്കറ്റുകള്‍, പഴയ ഫോട്ടോകള്‍, എന്തിന് ചില മിഠായിക്കടലാസുകള്‍ വരെ ഒരു കുഞ്ഞുപെട്ടിയില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഇടയ്ക്കിടെ എടുത്തുനോക്കുകയും ചെയ്യും. ഡിമെന്‍ഷ്യ, അല്‍ഷിമേഴ്‌സ് രോഗികളെ ജോലിയുടെ ഭാഗമായി ശുശ്രൂഷിച്ചിട്ടുണ്ട്. ഓര്‍മകളെല്ലാം നഷ്ടപ്പെട്ട് സ്വന്തം പേരുപോലും ഓര്‍മിച്ചെടുക്കാനാകാതെ വിതുമ്പുന്നവരെ കൈപിടിച്ചാശ്വസിപ്പിക്കുമ്പോള്‍ ഒരിക്കല്‍ ഈയൊരവസ്ഥയിലൂടെ കടന്നുപോയേക്കാവുന്ന എന്റെയവസ്ഥയും മുന്നില്‍ കാണാറുണ്ട്.
ഈയൊരവസ്ഥ മാത്രമല്ല, ജനനങ്ങളും മരണങ്ങളും രോഗങ്ങളും മുന്നിലെ സ്ഥിരംകാഴ്ചകളാകുമ്പോള്‍ മനുഷ്യജീവിതത്തെ നോക്കിക്കാണുന്ന മനോഭാവം തന്നെ മാറുന്നുവെന്നും തോന്നാറുണ്ട്. അഹങ്കരിക്കാന്‍ ഒന്നുമില്ലാത്ത ഒരു ചെറുജീവിയാണ് മനുഷ്യനെന്ന ചിന്തയില്‍ അഹങ്കാരമെല്ലാം ഉരുകിയൊലിച്ചുപോകുന്ന എത്രയെത്ര കാഴ്ചകളുടെ ആകത്തുകയാണ് ഞാനെന്നും ഓര്‍ക്കാറുണ്ട്. പറഞ്ഞുവന്നത്, ഒരിക്കല്‍ ഓര്‍മകളെല്ലാം നഷ്ടപ്പെട്ട് ഒരു സുപ്രഭാതത്തില്‍ ഒരു പുതിയ ജീവിയായി ഞാന്‍ മാറാനുള്ള സാധ്യതയുണ്ടെങ്കില്‍ ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുള്ള ചെറിയ സ്മാരകങ്ങള്‍ പഴയ കാലത്തിലേക്ക് എന്നെ കൈപിടിച്ചുനടത്തിയാലോ എന്ന വിചിത്രചിന്തകളും ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്.
എന്നാല്‍, അത്ര ഓര്‍മിച്ചുവയ്ക്കാനിഷ്ടമില്ലാത്ത ഭൂതകാലമുള്ളവരെക്കുറിച്ച് ഞാനാലോചിച്ചിട്ടുണ്ടോ? തങ്ങളുടെ ദുരിതപര്‍വങ്ങളില്‍നിന്ന് ഒരുതുണ്ട് ഓര്‍മയും പൊതിഞ്ഞുപിടിച്ചു ജീവിക്കുന്നവരെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി കഴിഞ്ഞദിവസം കണ്ടത് വീണ്ടും പലവിധ ചിന്തകളിലേക്കു നയിച്ചു.
എ.ബി.സി ആസ്‌ത്രേലിയ ചിത്രീകരിച്ച ഒരു ഡോക്യുമെന്ററിയാണ് കാണാനിടയായത്. ഹോളോകോസ്റ്റ് ഭീകരതയെ അതിജീവിച്ച അഞ്ചുപേരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സിഡ്‌നി ജ്യൂവിഷ് മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍ അവരുടെ ഭൂതകാലത്തില്‍നിന്നു കൊണ്ടുവന്ന ചില വസ്തുക്കളെപ്പറ്റി ഓരോരുത്തരും വിശദീകരിക്കുന്നു. അവ വെറും പുതപ്പോ യൂനിഫോമോ കത്തോ ഫോട്ടോയോ പാത്രങ്ങളോ അല്ല. മറിച്ച്, അവരനുഭവിച്ച പീഡനങ്ങളുടെ, രോഗങ്ങളുടെ, വേര്‍പാടുകളുടെ സ്മാരകങ്ങളായിരുന്നു. ഓള്‍ഗ ഹോറാക്ക് എന്ന സ്ത്രീ കോണ്‍സന്‍ട്രേഷന്‍ക്യാംപില്‍ തണുത്തുവിറച്ചുകൊണ്ടിരുന്നപ്പോഴാണ് ബ്രിട്ടിഷ് പട്ടാളം തടവുകാരെ മോചിപ്പിക്കാനെത്തുന്നത്. പിടികൊടുക്കാതെ ഓടിപ്പോയ ഒരു സ്ത്രീ ഉപേക്ഷിച്ച പുതപ്പ് ഓള്‍ഗ വാരിയെടുത്തു. പിന്നീട് മ്യൂസിയത്തിനു കൈമാറുന്ന അവസരത്തിലുണ്ടായ പരിശോധനയിലാണ് മനുഷ്യരുടെ മുടികള്‍കൊണ്ടു തുന്നിയുണ്ടാക്കിയ ഒരു പുതപ്പാണ് അതെന്നറിയുന്നത്! മരണത്തിലേക്കു തള്ളിവിടുന്നതിനു മുമ്പ് തടവുകാരായ സ്ത്രീകളുടെ മുടി മുറിച്ചുമാറ്റുന്ന ജര്‍മന്‍പട്ടാളത്തെക്കുറിച്ച് വായിച്ചതോര്‍മ വന്നു. ജൂതന്മാരായ മുഴുവന്‍ ആളുകളെയും വധിക്കാനായി ഉണ്ടാക്കിയ ക്യാംപുകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സു മരിക്കും.
രണ്ടാം ലോകയുദ്ധ കാലത്ത് ജര്‍മനിയിലെ നാസി ഭരണകൂടം അവരുടെ അധീനതയിലായിരുന്ന യൂറോപ്പിലെ ഏകദേശം 60 ലക്ഷം ജൂതന്മാരെ തിരഞ്ഞുപിടിച്ചു വധിച്ചു. ജര്‍മനിയുടെ അധീനതയിലായിരുന്ന പോളണ്ടിലെ ആറോളം തടവറകളിലെ ജൂതന്മാരെ വെടിവയ്പ്, രോഗങ്ങള്‍, ശാരീരികമായ പീഡനങ്ങള്‍, വിഷവാതകം നിറച്ച കെട്ടിടങ്ങളിലും വാനുകളിലും കുത്തിനിറച്ച് ശ്വാസംമുട്ടിച്ച് കൊല്ലുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ തുടച്ചുനീക്കുക എന്നതായിരുന്നു ഈ പീഡനമുറകളുടെ ലക്ഷ്യം. എന്തിനേറെ, മെഡിക്കല്‍രംഗത്തെ പല പരീക്ഷണങ്ങളും തടവുകാരായി പിടിക്കപ്പെട്ട ജൂതന്മാരില്‍ പ്രയോഗിച്ചിരുന്നു. 1933 മുതല്‍ ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍, ജൂതന്മാര്‍ക്കെതിരെയുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. 1945 മേയില്‍ യുദ്ധം അവസാനിക്കുന്നതുവരെയുള്ള കാലഘട്ടം 'ഹോളോകോസ്റ്റ് യുഗം' എന്ന പേരില്‍ ചരിത്രത്തില്‍ ഇടംപിടിച്ചു.
ഇവിടെനിന്നു മോചിതരായവരും രക്ഷപ്പെട്ടവരുമൊക്കെ ലോകത്തോട് അവര്‍ നേരിട്ട ക്രൂരതകള്‍ വിളിച്ചുപറഞ്ഞു. നിരവധി സിനിമകളും പുസ്തകങ്ങളും ഡോക്യുമെന്ററികളും ഈ സംഭവങ്ങളെ അധികരിച്ച് പുറത്തിറങ്ങി. 'ഹോളോകോസ്റ്റ് ലിറ്ററേച്ചര്‍' എന്ന ശാഖ തന്നെയുണ്ടായി. എലി വീസലിന്റെ 'നൈറ്റ്', ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍, ഹെദര്‍ മോറിസിന്റെ രചനകള്‍ എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള മനുഷ്യരെ നീറിപ്പിടയിപ്പിക്കുന്ന രചനകള്‍ ഉണ്ടായി. ഈ ഗണത്തില്‍പ്പെടുത്താവുന്ന ഒരു പുസ്തകമാണ് ഐറിഷ് എഴുത്തുകാരനായ ജോണ്‍ ബോയ്ന്‍ എഴുതിയ 'ദ ബോയ് ഇന്‍ ദ സ്‌ട്രൈപ്ഡ് പജാമ' എന്ന കൃതി. യഥാര്‍ഥ സംഭവങ്ങളുമായി ബന്ധപ്പെട്ട് എഴുതിയതല്ലെങ്കിലും ഏതോ ഒരു ക്യാംപിനടുത്ത് മക്കളുമായി താമസിച്ചിരുന്ന ഒരു സൈനികോദ്യോഗസ്ഥനെക്കുറിച്ചും ക്യാംപുകളിലെ ക്രൂരതകളെക്കുറിച്ചുമുള്ള വിവരങ്ങളുടെ വെളിച്ചത്തിലുണ്ടായ കഥയാണിതെന്നു പറയപ്പെടുന്നു.
നിഷ്‌കളങ്കരായ രണ്ടു ബാലന്മാരുടെ കഥയായാണ് പറഞ്ഞിരിക്കുന്നത് എന്നതുകൊണ്ടുതന്നെ, വായനയില്‍ വന്നുപോകുന്ന വൈകാരികപ്രതലങ്ങള്‍ക്ക് തടങ്കല്‍പ്പാളയങ്ങളുടെ ഭീകരതയും ഒളിഞ്ഞുംതെളിഞ്ഞും പരാമര്‍ശിക്കുന്ന ശിക്ഷാനടപടികളുമൊക്കെ ആഴം വര്‍ധിപ്പിക്കുന്നുണ്ട്. ബ്രൂണോ എന്ന ഒമ്പതുകാരന്‍ സൈനികോദ്യോഗസ്ഥനായ അച്ഛന്റെയും അമ്മയുടെയും 13 വയസ്സുള്ള സഹോദരിക്കുമൊപ്പം ബെര്‍ലിനിലെ വലിയ വീട്ടില്‍ താമസിച്ചുവരുമ്പോഴാണ് ജോലിസംബന്ധമായി പിതാവിന് മറ്റൊരു സ്ഥലത്തേക്കു പോകേണ്ടിവരുന്നത്. കുടുംബത്തിനു മുഴുവനും ആ പുതിയ താമസസ്ഥലത്തേക്കു മാറേണ്ടിവന്നു. ബ്രൂണോയ്ക്ക് സുഹൃത്തുക്കളെ പിരിയുന്നതിലുണ്ടായ വിഷമം ഒന്നുകൂടെ അധികരിക്കുന്നത് പുതിയ സ്‌കൂളില്‍ പോകാന്‍പറ്റാതെ വരുകയും കളിക്കൂട്ടുകാരെ കിട്ടാതാവുകയും ചെയ്യുമ്പോഴാണ്. ജനാലയ്ക്കപ്പുറം വളരെ ദൂരെ ഒരുകൂട്ടം ആളുകളെ ബ്രൂണോ കാണുന്നു. ഏതോ ഫാമിലെ ജോലിക്കാരാണതെന്ന് അവന്‍ കരുതുന്നു. ഒരുദിവസം ആരും കാണാതെ വീടിനു പിറകിലുള്ള രഹസ്യവഴിയിലൂടെ ആ സ്ഥലത്ത് അവന്‍ എത്തുന്നു. എന്നാല്‍ കമ്പിവേലികൊണ്ട് ആര്‍ക്കും കടക്കാനാകാതെ വേര്‍തിരിച്ചുവച്ചിരിക്കുന്ന ഒരു സ്ഥലത്തേക്കാണ് അവന്‍ ചെന്നെത്തുന്നത്. അവിടെവച്ചാണ് മുഷിഞ്ഞ ദേഹവും പൈജാമയുമായി വെയിലത്തിരിക്കുന്ന ഒരു കുട്ടിയെ ബ്രൂണോ കണ്ടെത്തുന്നത്. കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളിലെ സകല ദൈന്യവും പേറിക്കൊണ്ടാണ് ആ ബാലന്‍ കഥയില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഈ നോവല്‍ സിനിമയാക്കിയതു കണ്ടപ്പോള്‍, നോവലില്‍ അനുഭവിച്ചതിന്റെ പതിന്മടങ്ങു ശക്തിയില്‍ ഈ ബാലന്മാരുടെ ജീവിതം എന്നെ പിടിച്ചുലച്ചു. സങ്കടത്തിന്റെ, ദൈന്യത്തിന്റെ, നിര്‍വികാരതയുടെ പ്രതീകങ്ങളായ കുട്ടികള്‍ ഒരു കാലഘട്ടത്തിന്റെ ക്രൂരമായ ചെയ്തികള്‍ക്ക് ഇരയാകുന്ന കാഴ്ച മനസ്സിനെ തളര്‍ത്തിക്കളയുന്നു.
ഷ്മൂള്‍ എന്ന ജൂതവംശജനായ ബാലനെയാണ് ബ്രൂണോ സുഹൃത്താക്കുന്നത്. എന്തിനാണ് തടവിലാക്കപ്പെട്ടിരിക്കുന്നതെന്നറിയാത്ത നിഷ്‌കളങ്കമായ ബാല്യം. വയറു നിറച്ച് എന്തെങ്കിലും കഴിക്കാന്‍പോലും അവിടെ കിട്ടുന്നില്ലെന്നു കാണിക്കുന്ന, ആരെയൊക്കെയോ ഭയന്നുകഴിയുന്നുവെന്ന് ഓര്‍മിപ്പിക്കുന്ന ദീനമായ മുഖഭാവങ്ങളും സംസാരങ്ങളും ഉടനീളമുണ്ട്. ക്യാംപില്‍നിന്ന് അവന്റെ പിതാവിനെ കാണാതായെന്നതും ആകാശത്തുയരുന്ന പുകച്ചുരുളുകളും രഹസ്യ സൈനികസമ്മേളനങ്ങളും അടര്‍ന്നുവീഴുന്ന സംഭാഷണശകലങ്ങളുമെല്ലാം തടവുകാരെ ഗ്യാസ്‌ചേംബറുകളില്‍ കൊലപ്പെടുത്തുന്നുവെന്നതിന്റെ പരോക്ഷമായ തെളിവുകളായി വായനക്കാര്‍ക്കു മുന്നിലെത്തുന്നുണ്ട്. കഥയുടെ അവസാനമെത്തുമ്പോള്‍ ഒരിക്കലും അതു സംഭവിക്കരുതേ എന്ന ആന്തലില്‍ വായനക്കാരെത്തുമെന്നു തീര്‍ച്ചയാണ്.
2006ല്‍ അയര്‍ലണ്ടില്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ 2008ല്‍ സിനിമയായി. പുസ്തകത്തിന്റെ ഒരുകോടിയിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. അതേസമയം നോവലിന്റെ രൂപകല്‍പന തികച്ചും കല്‍പിതമാണെന്നും ഹോളോകോസ്റ്റ് ഭീകരതയെ ഒരു മാധ്യമം മാത്രമാക്കി എഴുത്തുകാരന്‍ തികച്ചും അസാധ്യമായ ഒരു സംഭവത്തെ കാല്‍പനികമായി സൃഷ്ടിച്ചെടുത്തിരിക്കുകയാണെന്നും മറ്റും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എങ്കിലും വായനക്കാരെ അതൊന്നും ബാധിച്ചില്ലെന്നു വേണം കരുതാന്‍. സാധാരണ പുസ്തകങ്ങള്‍ സിനിമയാക്കുമ്പോള്‍ നഷ്ടപ്പെട്ടുപോകുന്ന ആസ്വാദ്യത പലതവണ മനസ്സില്‍ തെളിഞ്ഞുവെങ്കിലും ഇതേ പേരില്‍ മാര്‍ക്ക് ഹെര്‍മന്‍ സംവിധാനംചെയ്ത് അസാ ബട്ടര്‍ഫീല്‍ഡും ജാക്ക് സ്‌കാന്‍ലനും അഭിനയിച്ച സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ പുസ്തകത്തിലെ കഥാപാത്രങ്ങള്‍ അതിലുമേറെ മിഴിവോടെ മുന്നില്‍ വന്നുനില്‍ക്കുന്നതായി തോന്നി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."