ആസിം വെളിമണ്ണയുടെ താരകം
പി.കെ മുഹമ്മദ് ഹാത്തിഫ്
ആസിം, നീ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു... പരിമിതികളെ മനഃശക്തികൊണ്ട് നേരിട്ട് 'പെരിയാര്‍' നീന്തിക്കടന്നിരിക്കുന്നു ഈ പതിനഞ്ചുകാരന്‍. അഭിനന്ദനങ്ങള്‍. ജന്മനാ ഇരുകൈകളും ഇല്ലാതിരുന്നിട്ടും മനോബലം കൈമുതലാക്കി പെരിയാറിനു കുറുകെ 500 മീറ്ററോളം ദൂരം നീന്തിക്കടന്ന കോഴിക്കോട്ടുകാരനായ അത്ഭുത ബാലന്‍ ആസിം വെളിമണ്ണയെ കുറിച്ച് ചലച്ചിത്ര താരം ഗിന്നസ് പക്രു തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റാണിത്. റിപ്പബ്ലിക് ദിനത്തിന്റെ പിറ്റേ ദിവസമാണ് നിരവധി ജീവനുകളെടുത്ത അപകടസാധ്യത കൂടുതലുള്ള പെരിയാര്‍ തീരം ആസിം നീന്തിക്കടന്നത്. ഇച്ഛാശക്തിയും മാതാപിതാക്കളുടെ പിന്തുണയും കൈമുതലാക്കി 30 അടിയിലേറെ ആഴവും അടിയൊഴുക്കുമുള്ള പെരിയാറിലെ ഏറ്റവും വീതി കൂടിയ ഭാഗത്താണ് 136 സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള ആസിം നീന്തിയത്.
നിശ്ചയദാര്‍ഢ്യത്തിന്റെ 61 മിനുട്ട്
പുഴയുടെ ഇരു കരകളും ശ്വാസമടക്കി കാത്തുനിന്ന 61 മിനിറ്റ്. ഇരു കൈകളുമില്ലാതെ ജനിച്ച, വലതുകാലിനു സ്വാധീനമില്ലാത്ത ആസിം വെളിമണ്ണയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ആഴവും കുത്തൊഴുക്കും വഴിമാറി. പെരിയാറിലെ അൈദ്വതാശ്രമം കടവില്‍നിന്നു തുരുത്ത് റെയില്‍വേ പാലം ചുറ്റി ശിവരാത്രി മണപ്പുറം വരെ ഒരു കിലോമീറ്റര്‍ മലര്‍ന്നും കമിഴ്ന്നും മാറിമാറി ആസിം നീന്തിക്കയറിയതു ചരിത്രത്തിലേക്ക്. റെക്കോഡിടുന്നത് കാണാനെത്തിയവര്‍ക്കു നേരെ വെള്ളത്തില്‍ പൊങ്ങിക്കിടന്ന് ഇടതുകാല്‍ ഉയര്‍ത്തി കൈവീശിയ ശേഷം ഉടലും തലയും ഉപയോഗിച്ച് ആസിം നീന്തിത്തുടങ്ങിയത് രാവിലെ 8.50ന്. ആലുവ മണപ്പുറത്തെത്തിയത് കൃത്യം ഒരു മണിക്കൂര്‍ ഒരു മിനിറ്റെടുത്ത് 9.51ന്. അവിടെ സ്വീകരിക്കാന്‍ നിന്നവര്‍ക്കു മുന്നില്‍ 10 മിനിറ്റ് ജലശയനവും ജലകേളികളും നടത്തിയാണ് തന്റെ സ്വപ്‌നത്തിലേക്ക് വീണ്ടും ആസിം എന്ന അത്ഭുത ബാലന്‍ നീന്തിക്കയറിയത്.
ഹാഫിളാകാന്‍ 10 ജുസ്അ് കൂടി
താടിയെല്ലിന്റെ പ്രശ്‌നം കാരണം അക്ഷരങ്ങള്‍ നേരാംവണ്ണം ഉച്ചരിക്കാന്‍പോലും സാധിക്കാത്ത വിധത്തിലായിരുന്നു ആസിം. ചെറുപ്പത്തില്‍ മാതാപിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ അക്ഷരങ്ങള്‍ പഠിച്ചെടുത്തു. ഒന്നും രണ്ടും ക്ലാസുകളില്‍ പോകാതെ മൂന്നാം ക്ലാസ് മുതല്‍ സ്‌കൂളിലെത്തി അക്ഷരങ്ങളോട് സൗഹൃദം സ്ഥാപിച്ചു. വൈക്കം മുഹമ്മദ് ബഷീറിനെയും എം.ടിയെയും ചങ്ങമ്പുഴയെയും അടുത്തറിഞ്ഞു.
ഇതിനിടയില്‍ സ്വാധീനമില്ലാത്ത തന്റെ കാല്‍കൊണ്ട് തപ്പിത്തടഞ്ഞ് നടക്കാന്‍ പഠിച്ചു. പിതാവ് പഠിപ്പിച്ച വാക്കുകള്‍ മനഃപാഠമാക്കി അവ്യക്തമായ ഭാഷയില്‍ സ്‌കൂളിലെ പ്രസംഗവേദികളില്‍ അവന്‍ തന്റെ ജീവിതാനുഭവം പങ്കുവെച്ച് കൈയടി നേടി.
മുട്ടില്ലാത്ത വലങ്കാലിനെ സാക്ഷിനിര്‍ത്തി ഇടങ്കാലിലെ വിരലുകളില്‍ പെന്‍സില്‍ ചേര്‍ത്തുപിടിച്ച് മനോഹരമായി ചിത്രം വരയ്ക്കാന്‍ ശീലിച്ചു. മനസില്‍ തോന്നുന്നതെല്ലാം കുത്തിക്കുറിക്കാനും ക്ലാസ്മുറിയില്‍ അധ്യാപകന്‍ പകര്‍ന്നുനല്‍കുന്ന അറിവിന്റെ പാഠങ്ങള്‍ പുസ്തകത്തിലേക്ക് പകര്‍ത്താനും സ്പൂണ്‍ ഇറുക്കിപ്പിടിച്ച് ഭക്ഷണം കഴിക്കാനും ആരോഗ്യമുള്ള ആ ഇടങ്കാല്‍ അവന് തുണയായി. ആലിന്‍തറ മുഹമ്മദിയ്യ ഹിഫ്‌ള് ഖുര്‍ആന്‍ കോളജ് അധ്യാപകനായ പിതാവിന്റെ ശിക്ഷണത്തില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിക്കൊണ്ടിരിക്കുകയാണ്. 20 ജുസുഅ് കാണാപാഠമാക്കിയ ആസിം ഇത് പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ്.
അതിജീവിക്കാന്‍ പിറന്നവന്‍
കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലെ ആലത്തുകാവില്‍ മുഹമ്മദ് ഷഹീദ് യമാനി- ജംസീന ദമ്പതികളുടെ ആദ്യത്തെ കണ്‍മണിയാണ് മുഹമ്മദ് ആസിം. ഉമ്മ ഗര്‍ഭംധരിച്ച് നാലു മാസമായപ്പോഴേക്കും ഡോക്ടര്‍മാരടക്കം പലരും ഈ കൂട്ടി ജനിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് അഭിപ്രായപ്പെട്ടിരുന്നു. കുട്ടിക്ക് വളര്‍ച്ചയില്ലാത്തതായിരുന്നു കാരണം. ഇതൊക്കെ കേട്ടിട്ടും ആസിമിന്റെ ഉപ്പയും ഉമ്മയും നിരാശരായില്ല. കുട്ടിയെ വളര്‍ത്താന്‍ തന്നെയായിരുന്നു അവരുടെ തീരുമാനം. 2006 ഫെബ്രുവരി ഒന്നാം തീയതി തോളെല്ലുകള്‍ക്ക് ഇരുപുറവും ശൂന്യതയുമായി പൂര്‍ണവളര്‍ച്ചയില്ലാതെ അവന്‍ പിറന്നുവീണു.
വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മാതാപിതാക്കള്‍ അവന്റെ കൂടെ നിന്നു. ഗര്‍ഭസ്ഥശിശുവിന് 90 ശതമാനവും വൈകല്യം, കൈകളില്ല, നടക്കാന്‍ കഴിയില്ല, സംസാര-കേള്‍വി വൈകല്യം... ഭ്രൂണഹത്യയാണ് ബുദ്ധിയെന്ന് വിദഗ്ധര്‍ മാതാവിനെ ഉപദേശിച്ചു. എന്നാല്‍ കൈകാലുകളുള്ളവര്‍ക്ക് സാധിക്കാത്തത് നേടി ആസിം മുന്നേറുകയാണ്. ഈ മുന്നേറ്റത്തിന് മാതാപിതാക്കളുടെയും മുഹമ്മദ് ബിശ്‌റ്, മുഹമ്മദ് ഗസ്സാലി, അഹ്‌മദ് മുര്‍സി, ഹംന ലുബാബ, സൗദ, ഫാത്വിമതുല്‍ ബതൂല്‍ എന്നീ ആറു സഹോദരങ്ങളുടേയും പിന്തുണയുണ്ട്.
മുഖ്യമന്ത്രിക്കൊരു കത്ത്
വെളിമണ്ണ ജി.എം.എല്‍.പി സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആസിം മാധ്യമശ്രദ്ധ നേടിയത്. നാലാം ക്ലാസ് വരെ മാത്രമുള്ള സ്‌കൂളിനെ യു.പിയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആസിം കാലുകൊണ്ടു കത്തെഴുതി. കത്തു ലഭിച്ച മുഖ്യമന്ത്രി കോഴിക്കോട്ടെത്തി ആസിമിനെ നേരിട്ട് കണ്ടു. സ്‌കൂളിനെ യു.പി സ്‌കൂളായി ഉയര്‍ത്തുകയും ചെയ്തു. അഞ്ചാം ക്ലാസ് മുതല്‍ വീട്ടില്‍ നിന്ന് അകലെയുള്ള സ്‌കൂളില്‍ പോയി പഠിക്കാനുള്ള പ്രയാസമാണ് കത്തില്‍ ചൂണ്ടിക്കാട്ടിയത്. വിദ്യാര്‍ഥിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്ത കേരളത്തിലെ ആദ്യ സംഭവമായിരുന്നു അത്.
ഏഴാം ക്ലാസിലെത്തിയപ്പോള്‍ ഹൈസ്‌കൂളായി ഉയര്‍ത്തണമെന്ന് അഭ്യര്‍ഥിച്ച് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും ആസിം കത്തെഴുതി. പക്ഷെ പ്രതികരണങ്ങളൊന്നും വന്നില്ല. ഇതോടെ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. എന്നാല്‍ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ പോയി. ഇതോടെ ഹൈക്കോടതി വിധി നടപ്പാക്കണമെന്നും വിധിക്കെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 2019ല്‍ 47 ദിവസംകൊണ്ട് 430 കിലോമീറ്റര്‍ വീല്‍ചെയറില്‍ തലസ്ഥാനത്തേക്ക് സഹന സമരയാത്ര നടത്തി ആസിം ശ്രദ്ധ നേടി.
എട്ടാം ക്ലാസിലെത്തിയ ആസിം സുപ്രിംകോടതിയുടെ അനുകൂല വിധിക്കായി കാത്തിരിക്കുകയാണ്. കോടതിവിധിക്കായി കാത്തുനില്‍ക്കുമ്പോഴും നാടിന്റെ ആവശ്യം യാഥാര്‍ഥ്യമാക്കാനായി ആസിം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും കാലുകൊണ്ട് കത്തെഴുതിക്കൊണ്ടിരിക്കുകയാണ്.
കുട്ടികളുടെ നൊബേല്‍ ജേതാവ്
ലോക ശ്രദ്ധയാകര്‍ഷിച്ച ആസിം 2021ലാണ് കുട്ടികളുടെ നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്ന നെതര്‍ലന്‍ഡ് ആസ്ഥാനമായ കിഡ്‌സ്‌റൈറ്റ്‌സ് ഫൗണ്ടേഷന്റെ ഇന്റര്‍നാഷനല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസിന്റെ മൂന്നു ഫൈനലിസ്റ്റുകളിലൊരാളായി തിരഞ്ഞെടുക്കപ്പെട്ടത്. 2018ല്‍ സംസ്ഥാന ശിശുവികസന വകുപ്പിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാരവും ആസിമിനെ തേടിയെത്തി. 2018ലെ ഇന്‍സ്‌പെയറിങ് ഇന്ത്യന്‍ അവാര്‍ഡ്, യൂനിസെഫിന്റെ ചൈല്‍ഡ് അച്ചീവര്‍ അവാര്‍ഡ് എന്നിവയും നേടിയിട്ടുണ്ട്.
ആലുവ പുഴ നീന്തിക്കടന്ന ആസിമിന് നാഷനല്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് കൗണ്‍സിലിന്റെ പാരിതോഷികം കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നടന്ന ചടങ്ങില്‍ കൈമാറിയത്. ഇതിനു പുറമെ നിരവധി അംഗീകാരങ്ങള്‍ ആസിമിനെ തേടിയെത്തിയിട്ടുണ്ട്. നിശ്ചയദാര്‍ഢ്യം കൊണ്ട് പെരിയാര്‍ നീന്തിക്കടന്ന ആസിമിന് വന്‍ സ്വീകരണമാണ് നാട്ടുകാര്‍ ഒരുക്കിയത്.
ആസിം വെളിമണ്ണ ഫൗണ്ടേഷന്‍
തന്നെ പോലെ വൈകല്യങ്ങളെ അതിജീവിച്ച് മുന്നേറുന്നവരെ സഹായിക്കുകയാണ് ആസിമിന്റെ അടുത്ത ലക്ഷ്യം. ഇതിനായി 'ആസിം വെളിമണ്ണ ഫൗണ്ടേഷന്‍' എന്ന പേരില്‍ സന്നദ്ധ സംഘടന രൂപീകരിക്കാനൊരുങ്ങുകയാണ് ഈ ബാലന്‍. ഇതിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു പൊതുവിദ്യാലയങ്ങളില്‍ പഠനസൗകര്യം ഒരുക്കുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."