അനുകൂലവിധി പ്രതീക്ഷിച്ച് റാങ്ക് പട്ടികയിലുള്ളവരുടെ കാത്തിരിപ്പ്
തിരൂര്‍: സ്ഥിരനിയമന നടപടികള്‍ നീളുന്നതില്‍ പ്രതിഷേധിച്ച് ഹൈക്കോടതിയെ സമീപിച്ച കേപ്പ് (കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷനല്‍ എജുക്കേഷന്‍) റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ കാത്തിരിപ്പ് നീളുന്നു.
16 തസ്തികകളിലായി 150 ലേറെ ഒഴിവുകളുണ്ട്. എന്നിട്ടും റാങ്ക് ലിസ്റ്റ് പരിഗണിക്കാതെ താല്‍ക്കാലിക നിയമനം നടത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഇതിനെ പ്രതിരോധിച്ചും റാങ്ക് പട്ടിക നിലനില്‍ക്കെ യു.ഡി.എഫ് സര്‍ക്കാര്‍ 59 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതു ചോദ്യം ചെയ്തും കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് താത്കാലിക നിയമനം നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ അന്തിമവിധി വന്നിട്ടില്ല. നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ഥികള്‍. കേപ്പിന് കീഴിലെ ഒന്‍പത് എന്‍ജിനിയറിങ് കോളജുകളിലേക്ക് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍, അസിസ്റ്റന്റ് തുടങ്ങി പതിനാറ് തസ്തികകളിലേക്ക് യു.ഡി.എഫ് സര്‍ക്കാറിന്റെ അവസാന കാലത്താണ് നിയമന നടപടികള്‍ ആരംഭിച്ച് റാങ്ക് പട്ടിക തയാറാക്കിയത്.
നിരവധി തസ്തികകളില്‍ ജീവനക്കാരില്ലാതെ എന്‍ജിനീയറിങ് കോളജുകളുടെ പ്രവര്‍ത്തനം താളം തെറ്റിയിട്ടും സ്ഥിരനിയമനത്തിന്‍ സര്‍ക്കാര്‍ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്നാണ് റാങ്ക് ലിസ്റ്റിലുള്ളവര്‍ ചോദിക്കുന്നത്.
പിന്‍വാതില്‍ നിയമനത്തിന് നീക്കമുള്ളതിനാലാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളെ അവഗണിക്കുന്നതെന്നാണ് ആക്ഷേപം. കേപ്പ് ചെയര്‍മാനായ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും മറുപടി ലഭിച്ചില്ലെന്ന് ട്രേഡ്‌സ്മാന്‍ കാര്‍പ്പെന്ററി വിഭാഗം റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."