നെടുങ്കണ്ടം കസറ്റഡി മരണം: ഒന്‍പത് പൊലിസുകാരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഒന്‍പത് പൊലിസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. എസ്.ഐ കെ.എ.സാബു തന്നെയാണ് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലേയും ഒന്നാംപ്രതി.
ആദ്യം പൊലിസ് അന്വേഷിച്ച കേസില്‍ ഏഴ് പൊലിസുകാരായിരുന്നു പ്രതിപട്ടികയിലുണ്ടായിരുന്നത്. ഒരു വനിതാ ഹെഡ് കോണ്‍സ്റ്റബിളിനേയും ബിജു ലൂക്കോസ് എന്ന കോണ്‍സ്റ്റബിളിനേയും കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ഹരിതാ ഫിനാന്‍സ് ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പൊലിസിന്റെ കസ്റ്റഡിയിലിരിക്കെയാണ് സ്ഥാപനത്തിന്റെ എംഡിയായ രാജ്കുമാര് ക്രൂരമര്‍ദ്ദനത്തിനിരയായി മരിച്ചത്.
സി.ഐ ആവശ്യപ്പെട്ടിട്ടും എസ്.ഐയും മറ്റു പ്രതികളും ഇയാളെ കോടതിയില്‍ ഹാജരാക്കിയില്ലെന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇയാള്‍ സ്റ്റേഷനില്‍ ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇതു വ്യക്തമാണ്.
ദിവസങ്ങള്‍ കസ്റ്റഡിയില്‍ വച്ച് പീഡിപ്പിച്ചതിന്റെ ഫലമായി ന്യൂമോണിയ ബാധിച്ചതാണ് മരണകാരണമെന്നായിരുന്നു ക്രൈംബ്രാഞ്ച് നിഗമനം. രാജ്കുമാറിന്റെ അമ്മയും ഭാര്യയും മക്കളും ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം സി.ബി.ഐക്കു കൈമാറിയത്. കഴിഞ്ഞ ഒക്ടോബറിലാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."