സരിതയുടെ ഫോണ്‍കോള്‍ രേഖകള്‍ വീണ്ടെടുക്കല്‍: വിദഗ്ധസേവനം തേടും
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു എന്നു കരുതപ്പെടുന്ന സരിത എസ്. നായരുടെ ഫോണ്‍കോള്‍ രേഖകള്‍ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി സോളാര്‍കമ്മിഷന്‍ വിദഗ്ധസേവനവും തേടും. സോളാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ കോള്‍ ഡീറ്റെയില്‍സിന്റെ കോപ്പി തങ്ങളുടെ ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ പേഴ്‌സണല്‍ കംപ്യൂട്ടറില്‍ സേവ് ചെയ്തിട്ടുണ്ടാകുമെന്ന് വോഡഫോണ്‍ മൊബൈല്‍ കമ്പനി നോഡല്‍ ഓഫിസര്‍ ഷഹീദ് കോമത്ത് സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മിഷന്‍ മുന്‍പാകെ മൊഴി നല്‍കി. 2011 ജൂണ്‍ മുതല്‍ 2013 ജൂണ്‍ വരെയുള്ള കാലഘട്ടത്തില്‍ സരിതയുടെ മൂന്ന് നമ്പറുകളുടെ കോള്‍ ഡീറ്റെയില്‍സ് ഹാജരാക്കാന്‍ കമ്മിഷന്‍ വോഡഫോണ്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ഈ വിവരങ്ങളടങ്ങിയ ഫയലിന്റെ കോപ്പി തങ്ങളുടെ ലീഗല്‍ ഡിപ്പാര്‍ട്ടുമെന്റിലെ പേഴ്‌സണല്‍ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ശ്രമിച്ചെങ്കിലും സിസ്റ്റം മെമ്മറിയില്‍ സൂക്ഷിച്ചിരിക്കുന്ന പാസ്‌വേര്‍ഡ് കണ്ടെത്താന്‍ തങ്ങളുടെ ടെക്‌നിക്കല്‍ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു നോഡല്‍ ഓഫിസറുടെ മൊഴി. അതിനാലാണ് കമ്മിഷന്‍ ആവശ്യപ്പെട്ട കോള്‍ ഡീറ്റെയില്‍സ് നല്‍കാന്‍ കഴിയാത്തതെന്നും അദ്ദേഹം കമ്മിഷനെ അറിയിച്ചു.
കോള്‍ ഡീറ്റെയില്‍സ് വീണ്ടെടുക്കുന്നതിനായി കമ്പനിയുടെ ചെലവില്‍ കമ്മിഷന്‍ ഒരു സാങ്കേതിക വിദഗ്ധനെ നിയമിക്കണമെന്നും നോഡല്‍ ഓഫിസര്‍ അഭ്യര്‍ഥിച്ചു. നേരത്തെ കമ്മിഷന്‍ മുന്‍പാകെ ഹാജരായി വിദഗ്‌ധോപദേശം നല്‍കിയ സാങ്കേതിക വിദഗ്ധന്‍ ഡോ. വിനോദ് ഭട്ടതിരിയുമായി സംസാരിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്ന് കമ്മിഷന്‍ വോഡഫോണ്‍ സര്‍വിസ് ദാതാക്കളെ അറിയിച്ചു.
ഇ മെയില്‍ മുഖേന സരിതയുടെ കോള്‍ ഡീറ്റെയില്‍സ് ആവശ്യപ്പെട്ട് എവിടെ നിന്നൊക്കെയാണ് അപേക്ഷ ലഭിച്ചതെന്ന് സംബന്ധിച്ച വിവരങ്ങള്‍ ഈ മാസം 22 നകം കമ്മിഷന് കൈമാറാമെന്നും നോഡല്‍ ഓഫിസര്‍ ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."