ഹിജാബ് നിരോധനം: മൗലികാവകാശ ലംഘനം
കർണാടകയിലെ ക്ലാസ് മുറികളിൽ ഹിജാബ് നിരോധനത്തിനെതിരേ ഹൈക്കോടതിയിൽ ഹരജി നിലനിൽക്കുമ്പോഴും, ഹിജാബ് വിരുദ്ധ സമീപനത്തിൽ കടുംപിടുത്തം തുടരുകയാണ് സർക്കാർ. വിവാദത്തിന് ചൂടുപിടിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ കഴിഞ്ഞ ദിവസം മറ്റൊരു ഉത്തരവുകൂടി കർണാടക സർക്കാർ ഇറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂനിഫോമിന്റെ ഭാഗമല്ലാത്ത എല്ലാ വസ്ത്രധാരണവും വിലക്കിയുള്ളതാണ് പ്രസ്തുത ഉത്തരവ്.
കർണാടക വിദ്യാഭ്യാസ നയപ്രകാരമുള്ള യൂനിഫോം ധരിച്ചെത്തുന്നവർക്കു മാത്രമേ കോളജിൽ പ്രവേശനം അനുവദിക്കൂവെന്ന വിചിത്ര നിലപാടും കഴിഞ്ഞ ദിവസത്തെ ഉത്തരവിലുണ്ട്. ഹിജാബ് നിരോധനത്തിനെതിരേയുള്ള ഹരജി നാളെയാണ് കർണാടക ഹൈക്കോടതി പരിഗണിക്കുന്നത്. ഹിജാബ് ധരിച്ചു കോളജിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ സർക്കാർ കോളജിൽ മുസ്‌ലിം വിദ്യാർഥിനികളുടെ പ്രതിഷേധം തുടരുകയാണ്. ഹിജാബിന്റെ പേരിൽ രാജ്യത്തെ പെൺമക്കൾക്കു മികച്ച വിദ്യാഭ്യാസത്തിനുളള അവസരം നിഷേധിച്ച് അവരുടെ അവസരം ഇല്ലാതാക്കുകയാണ് കർണാടക സർക്കാരെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പ്രതികരിക്കുകയുണ്ടായി.
ഹിജാബ് ധരിക്കുന്നവരിൽ ഭൂരിഭാഗവും മുസ്‌ലിം പെൺകുട്ടികളാണ്. എന്നിരിക്കെ ഹിജാബ് നിരോധനത്തിലൂടെ മുസ്‌ലിം പെൺകുട്ടികളുടെ മികച്ച വിഭ്യാഭ്യാസ അവസരമാണ് കർണാടക സർക്കാർ ബോധപൂർവം നിഷേധിക്കുന്നത്. സർക്കാരിനു പരോക്ഷ പിന്തുണ നൽകിക്കൊണ്ടാണ് കാവി ഷാൾ പുതച്ചുകൊണ്ട് ബി.ജെ.പി അനുകൂല വിദ്യാർഥി സംഘടന രംഗപ്രവേശം ചെയ്തത്. കാവി ഷാൾ പുതച്ച് ഒരു വിഭാഗം വിദ്യാർഥികൾ മാർച്ച് നടത്തിയത് ഇത് ധരിച്ച് കോളജിൽ പ്രവേശിക്കാനുള്ള അനുമതിക്കായിട്ടല്ല. അവർ അങ്ങനെ ഒരാവശ്യം മുൻപ് ഉന്നയിച്ചിട്ടുമില്ല. കാവി ഷാൾ ധരിച്ച് മുൻപൊരിക്കലും അവർ ക്ലാസിൽ പ്രവേശിച്ചിട്ടുമില്ല. രണ്ടും വേണ്ടെന്നു കർണാടക സർക്കാരിനെക്കൊണ്ട് പറയിപ്പിക്കാനുള്ള തന്ത്രം മാത്രമാണ് ഇൗ പ്രതിഷേധ പ്രകടനം. കർണാടക ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം ഇക്കാര്യം പറയുകയും ചെയ്തു. കാവി ഷാളും ഹിജാബും വേണ്ടെന്നു കഴിഞ്ഞ ദിവസവും അദ്ദേഹം ആവർത്തിച്ചത് ഈയൊരു തന്ത്രത്തിന്റെ ഭാഗമാണ്.
ചില നിയന്ത്രണങ്ങൾക്കു വിധേയമായി ഒരു വ്യക്തിക്ക് അവരുടെ മതം അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം മൗലികാവകാശമായി ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. കോടതികളും ഇതേ വിധികൾ പറഞ്ഞിട്ടുണ്ട്. ഭരണഘടനയുടെ എസൻഷ്യൽ റിലീജ്യസ് പ്രാക്ടീസസ് ടെസ്റ്റ് ആർട്ടിക്കിൾ 25 (1) ബോധങ്ങളുടെ സ്വാതന്ത്ര്യവും മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യവും ഉറപ്പുനൽകുന്നു.
വിദ്യാർഥിനികൾ ഹിജാബ് ധരിക്കുന്നതു സംബന്ധിച്ച് സമാനമായ കേസുകൾ കേരളാ ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ഇതിനകം വന്നിട്ടുണ്ട്. അഖിലേന്ത്യാ പ്രീ മെഡിക്കൽ എൻട്രൻസ് ടെസ്റ്റിന്റെ കോഡുമായി ബന്ധപ്പെട്ടായിരുന്നു കേസുകൾ വന്നത്. വിദ്യാർഥികൾ പഠന സാമഗ്രികൾ മറച്ചുവയ്ക്കുന്നത് തടയുന്നതിന് വേണ്ടി പ്രത്യേക ഡ്രസ് കോഡ് ഏർപ്പെടുത്തുകയായിരുന്നു. ഈ നിബന്ധന കാരണം മുസ്്ലിം വിദ്യാർഥിനികൾക്ക് ഹിജാബോ നീളൻ സ്ളീവ് വസ്ത്രങ്ങളോ ധരിക്കാൻ കഴിയാതെ വന്നു. ഈ നിബന്ധനക്കെതിരേ വിദ്യാർഥികൾ 2015ലും 2016ലും കേരളാ ഹൈക്കോടതിയിൽ ഹരജി നൽകുകയുണ്ടായി. രണ്ടു തവണയും ഹിജാബ് ധരിച്ച കുട്ടികൾക്ക് പരീക്ഷയെഴുതാൻ കോടതി അനുമതി നൽകുകയും ചെയ്തു. ഇത്തരത്തിലുള്ള വസ്ത്രധാരണം പൊതുക്രമത്തിനോ ധാർമികതക്കോ ആരോഗ്യത്തിനോ ഭംഗം വരുത്തുന്നില്ലെന്നും ഭരണഘടന ഉറപ്പുനൽകുന്ന മറ്റു മൗലികാവകാശങ്ങളെ തടസപ്പെടുത്തുന്നില്ലെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. പരീക്ഷയിൽ കൃത്രിമം കാണിക്കുമോയെന്ന ആശങ്കയുണ്ടെങ്കിൽ, ഒരു വനിതാ ഇൻവിജിലേറ്റർക്ക് ഉദ്യോഗാർഥികളെ പരിശോധിക്കാമെന്നും കോടതി പറയുകയുണ്ടായി.
ഇന്ത്യയെപ്പോലെ വൈവിധ്യമാർന്ന രാജ്യത്ത് ഒരു പ്രത്യേക ഡ്രസ് കോഡ് പിന്തുടരണമെന്നു നിർബന്ധിക്കാനാകില്ല. അതു പാലിച്ചില്ലെങ്കിൽ ഒരു വിദ്യാർഥിയെ പരീക്ഷ എഴുതുന്നതിൽനിന്നു വിലക്കാനാകില്ലെന്നും ഹൈക്കോടതിയിൽനിന്നു വിധിയുണ്ടായതാണ്. എന്നിരിക്കെ പ്രത്യേക ഡ്രസ് കോഡ് ധരിക്കാതെ കോളജിൽ പ്രവേശിപ്പിക്കുകയില്ലെന്ന കർണാടക സർക്കാർ നിലപാട് ഭരണഘടനാ വിരുദ്ധവും കോടതിയലക്ഷ്യവുമാണ്.
ഹിജാബ് സംബന്ധിച്ച് സുപ്രിംകോടതിയിൽനിന്ന് ഉത്തരവില്ലാത്തതിനാൽ കേരളാ ഹൈക്കോടതിയിൽനിന്ന് ഹിജാബ് ധരിക്കുന്നതിന് അനുകൂലമായി വന്ന വിധി നിയമമായി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതു മറ്റ് ഹൈക്കോടതികൾക്കും ബോധ്യപ്പെടാനുള്ള സാധ്യതയുണ്ട്. നിയമത്തിനെതിരേ ഒരു നിലപാടെടുക്കാൻ എങ്ങനെയാണ് കർണാടക സർക്കാരിന് കഴിയുക?
ഒരു വ്യക്തി പ്രത്യേകതരം വസ്ത്രധാരണം ആവശ്യപ്പെടുന്നുവെങ്കിൽ, അത് അവരുടെ മതപരമായ വ്യക്തിത്വത്തിന്റെ ഭാഗമാണെങ്കിൽ അതു ധരിക്കാൻ അനുവദിക്കണമെന്നതു ജനാധിപത്യ സാമൂഹിക കരാറിന്റെ ഭാഗമാണ്. മതേതരത്വത്തിന്റെ മഹനീയ മാതൃകയാണ് ഇന്ത്യ ലോകത്തിന് സമർപ്പിച്ചുകൊണ്ടിരുന്നത്. പൊതു ഇടങ്ങളിൽനിന്നു വ്യക്തികളുടെ വിശ്വാസത്തെ തുടച്ചുനീക്കുന്നതിനു പകരം എല്ലാ വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും തുല്യമായി ബഹുമാനിക്കുകയെന്നതാണ് ഇന്ത്യ പുലർത്തിപ്പോന്ന രീതി. അതാണ് ഇന്ത്യയുടെ പൈതൃകവും. അത് ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് കർണാടകയിലെ ബി.ജെ.പി സർക്കാർ ഹിജാബ് നിരോധനത്തിൽ പിടിവാശി തുടരുന്നത്.
ഇന്ത്യൻ സേനയിൽ സിഖ് മതസ്ഥർക്ക് തൊപ്പിക്ക് പകരം അവരുടെ മതാചാരപ്രകാരമുള്ള തലപ്പാവ് ധരിക്കുന്നതിന് നിരോധനമില്ല. ഹിന്ദു മതം പോലുള്ള മറ്റു മതവിഭാഗങ്ങളിൽനിന്നുള്ളവർക്ക് വളയും ബിന്ദിയും ളോഹയും കന്യാസ്‌ത്രീകൾക്ക് അവരുടെ മതാചാരപ്രകാരമുള്ള വസ്ത്രവും ധരിക്കുന്നതിന് യാതൊരു വിലക്കും എവിടെയുമില്ല. ഹിജാബിന് മാത്രമായുള്ള നിരോധനം മുസ്‌ലിം വിദ്യാർഥിനികളുടെ ഉന്നതപഠനത്തെ തടസപ്പെടുത്താൻ മാത്രം ലക്ഷ്യംവച്ചുള്ളതാണെന്നതിൽ യാതൊരു സംശയവുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."