'നെഞ്ചില്‍ ചവിട്ടി, വാരിയെല്ല് തകര്‍ത്തു' മധുവിനേറ്റത് ക്രൂര മര്‍ദ്ദനമെന്ന് കുറ്റപത്രം
കൊച്ചി: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനേറ്റത് ക്രൂര മര്‍ദ്ദനമെന്ന് കുറ്റപത്രം. ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദനത്തിനാണ് മധു ഇരയായത്. വടികൊണ്ടുള്ള അടിയില്‍ മധുവിന്റെ ഇടതുഭാഗത്തെ വാരിയെല്ല് പൊട്ടിയിരുന്നു. കുറ്റപത്രത്തില്‍ പറയുന്നു.
ഒന്നാം പ്രതി ഹുസൈന്‍, മൂന്നാം പ്രതി ഷംഷുദ്ദീന്‍, പതിനാറാം പ്രതി മുനീര്‍ എന്നിവര്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ചു. വടികൊണ്ടുള്ള ഷംഷുദ്ദീന്റെ അടിയിലാണ് മധുവിന്റെ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടിയത്. ഷംസുദ്ദീന്‍ സി.ഐ.ടി.യു നേതാവും ഡ്രൈവറുമാണ്. ഒന്നാം പ്രതി ഹുസൈന്‍ മധുവിന്റെ നെഞ്ചില്‍ അഞ്ഞു ചവിട്ടിയതായും കുറ്റപത്രം പറയുന്നു. ചവിട്ടേറ്റ് വീണ മധുവിന്റെ തല ക്ഷേത്ര ഭണ്ഡാരത്തിലിടിച്ചു പരിക്കേറ്റു.
അതിനിടെ, പൊലിസ് ജീപ്പില്‍ വെച്ചും മധുവിന് മര്‍ദനമേറ്റുവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം.
സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം. 2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിരയായ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. മോഷണക്കുറ്റം ആരോപിക്കപ്പെട്ടാണ് പട്ടാപ്പകല്‍ മധുവിനെ ഒരു സംഘം ആളുകള്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും പൊലിസിന് കൈമാറുകയും ചെയ്തത്. പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴി മധു മരണപ്പെടുകയായിരുന്നു. മധുവിനെ കൈകള്‍ ബന്ധിച്ച് മര്‍ദ്ദിക്കുകയും കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിക്കുകയും ചെയ്ത അക്രമികള്‍ വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."