സഊദിയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ
റിയാദ്: സഊദിയിൽ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയ പ്രത്യേക നിയന്ത്രണങ്ങൾ പ്രാബല്യത്തിലായി. ഹോട്ടലുകളിലും കല്യാണ ഹാളുകളിലും നടക്കുന്ന എല്ലാവിധ ചടങ്ങുകളും വിനോദ പരിപാടികളും വിലക്കിയതുൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് വ്യാഴാഴ്ച്ച രാത്രി പത്ത് മണി മുതൽ പ്രാബല്യത്തിൽ വന്നത്. വിവാഹ പാർട്ടികള്‍ പോലുള്ള ചടങ്ങുകള്‍ ഒരു മാസത്തേക്കും വിനോദ പരിപാടികള്‍ പത്ത് ദിവസത്തേക്കുമാണ് റദ്ദാക്കിയിരിക്കുന്നത്. കൂടാതെ, മറ്റ് എല്ലാ സാമൂഹിക ഒത്തുചേരലുകളും 10 ദിവസത്തേക്ക് പരമാവധി 20 വ്യക്തികൾക്ക് മാത്രമായി ചുരുക്കുകയും ചെയ്തു. വിലക്കുകൾ പിന്നീട് അവലോകനം ചെയ്ത് ആവശ്യമെങ്കിൽ നീട്ടുമെന്നും മന്ത്രാലയം അറിയിച്ചു.
റെസ്റ്റോറന്റുകളിൽ പാർസൽ സർവീസുകൾ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. അകത്ത് വെച്ചുള്ള ഭക്ഷണം കഴിക്കുന്നതിനാണ് വിലക്ക്. പത്ത് ദിവസത്തേക്ക് പ്രഖ്യാപിച്ച നടപടികൾ വേണമെങ്കിൽ നീട്ടിയേക്കാമെന്നും പ്രഖ്യാപനത്തിൽ ഉണ്ട്. പാർസലിനായി പുറത്ത് ആളുകൾ കൂട്ടം കൂടുന്നതിനും വിലക്കുണ്ട്. നിയമം ലംഘിച്ചാൽ സ്ഥാപനങ്ങൾ 24 മണിക്കൂർ മുതൽ ഒരു മാസം വരെ വിവിധ ഘട്ടങ്ങളിലെ ലംഘനങ്ങൾക്കായി അടപ്പിക്കുമെന്നും മുന്നറിയിപ്പുണ്ട്. സനിമാ തിയേറ്ററുകള്‍ക്കു പുറമെ, വിനോദ കേന്ദ്രങ്ങളിലും റെസ്‌റ്റോറന്റുകളിലും ഷോപ്പിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഗെയിം കേന്ദ്രങ്ങള്‍, ജിംനേഷ്യങ്ങള്‍, സ്‌പോര്‍ട്‌സ് സെന്ററുകള്‍ എന്നിവയും പത്ത് ദിവസത്തേക്ക് അടച്ചിടാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.
മുൻകരുതൽ നടപടികൾ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന, മറ്റ് സൂപ്പർവൈസറി അധികാരികൾ റെസ്റ്റോറന്റുകളുടെയും കഫേകളുടെയും നിയന്ത്രണം കർശനമാക്കുമെന്നും നിരീക്ഷണ ക്യാമറകൾ പ്രവർത്തിക്കുന്നുവെന്ന് റെസ്റ്റോറന്റുകളും കഫേകളും ഉറപ്പിക്കണമെന്നും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യണമെന്നും നിർദേശമുണ്ട്. മുൻകരുതൽ നടപടികളും ആരോഗ്യ പ്രോട്ടോക്കോളുകളും എത്രത്തോളം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷിക്കുകായും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."